സംസ്ഥാനത്ത് ഒരാള്‍ക്കുകൂടി അമീബിക് മസ്തിഷ്ക ജ്വരം
Saturday, August 23, 2025 1:11 AM IST
കോഴിക്കോട്: സംസ്ഥാനത്ത് ഒരാള്‍ക്കുകൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. മലപ്പുറം ചേലേമ്പ്ര സ്വദേശിക്കാണ് ഇന്നലെ രോഗം സ്ഥിരികരിച്ചത്. 47 വയസുണ്ട്. ഇതോടെ അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം അഞ്ചായി. ഇതില്‍ മൂന്നുമാസം പ്രായമുള്ള കുഞ്ഞിന്റെ സ്ഥിതി ഗുരുതരമായി തുടരുകയാണ്.
ഒരുമാസം മുമ്പ് കണ്ണൂരില്‍ ജോലി ചെയ്ത ആളാണ് ഇപ്പോള്‍ അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ച മലപ്പുറം ചേലേമ്പ്ര സ്വദേശി. ഇരുപതു ദിവസമായി ഇദ്ദേഹം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്. ഇന്നലെ നടത്തിയ സിഎസ്എഫ് പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ച പ്രദേശത്തെ 80 വാര്‍ഡുകളില്‍ ആരോഗ്യവകുപ്പ് അധികൃതര്‍ ക്ലോറിനേഷന് നടത്തി.
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് കഴിഞ്ഞയാഴ്ച മരിച്ച താമരശേരിയിലെ ഒമ്പതുകാരിയുടെ രണ്ടു സഹോദരന്മാർക്കു കഴിഞ്ഞദിവസം നടത്തിയ രണ്ടാമത്തെ പരിശോധനയില്‍ രോഗം സ്ഥിരീകരിച്ചിരുന്നു. കുട്ടിയുടെ ആദ്യത്തെ പരിശോധന ഫലം നെഗറ്റീവ് ആയിരുന്നെങ്കിലും രോഗലക്ഷണങ്ങള്‍ ഉണ്ടായതിനാല്‍ വൈറോളജി ലാബില്‍ സ്രവപരിശോധന നടത്തുകയായിരുന്നു.
ഈ രണ്ടുപേര്‍ക്ക് പുറമേ മലപ്പുറം ചേളാരിയിലെ പതിനൊന്നുകാരന്, കോഴിക്കോട് അന്നശേരിയിലെ മുപ്പത്തെട്ടുകാരന്, അതീവ ഗുരുതര നിലയില്‍ തുടരുന്ന ഓമശേരിയിലെ മൂന്നുമാസം പ്രായമുള്ള കുഞ്ഞ് എന്നിവരും രോഗം ബാധിച്ച് ചികിത്സയില്‍ കഴിയുന്നുണ്ട്. ഇതോടെ മലബാറിലെ മൂന്നു ജില്ലകളില്‍ ആരോഗ്യവകുപ്പ് ജാഗ്രത പ്രവര്‍ത്തനം ശക്തമാക്കി.