പെരുമലയിൽ ഒറ്റയാൻ ആക്രമണം; വാഹനവും ഗേറ്റും തകർത്തു
Saturday, August 23, 2025 1:58 AM IST
മറയൂർ: കാന്തല്ലൂർ പെരുമല ഗ്രാമത്തിൽ കഴിഞ്ഞ രാത്രി ഒറ്റയാൻ ഇറങ്ങി നാട്ടുകാർക്കിടയിൽ പരിഭ്രാന്തി പടർത്തി. ഗ്രാമത്തിലെ മുരുകന്റെ ബൊലേറോ ജീപ്പും കൃഷ്ണന്റെ വീടിന്റെ മുൻവശത്തെ ഗേറ്റും കാട്ടാന തകർത്തു.
200ലധികം കുടുംബങ്ങൾ തിങ്ങിപ്പാർക്കുന്ന ഈ ഗ്രാമത്തിന്റെ ഹൃദയഭാഗത്തേക്കു കാട്ടാന കടന്നുകയറിയത് നാട്ടുകാരെ ഞെട്ടിച്ചു.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പച്ചക്കറി പാടങ്ങളിൽ കൃഷിനാശം വരുത്തിയിരുന്ന ഒറ്റയാൻ, ഇപ്പോൾ ഗ്രാമത്തിന്റെ തെരുവുകളിൽ കറങ്ങി നാശം വിതയ്ക്കുകയാണ്. കാന്തല്ലൂർ മേഖലയിൽ കഴിഞ്ഞ മൂന്നു മാസമായി 13 കാട്ടാനകൾ നിലയുറപ്പിച്ചിരിക്കുന്നതായി കർഷകർ പറയുന്നു.
വന്യമൃഗശല്യം രൂക്ഷമായതോടെ കൃഷി ഉപേക്ഷിക്കേണ്ട അവസ്ഥയിലാണ് നാട്ടുകാർ. രാത്രികാലങ്ങളിൽ ഉറങ്ങാൻ പോലും കഴിയാത്ത ഭീതിദമായ സാഹചര്യമാണ് ഗ്രാമത്തിൽ.
വനംവകുപ്പിനു നിഷ്ക്രിയത്വം
വനംവകുപ്പിനെ അറിയിച്ചെങ്കിലും അടിയന്തര നടപടി ഉണ്ടായില്ലെന്നു നാട്ടുകാർ ആരോപിക്കുന്നു. കാന്തല്ലൂർ ടൗണിൽ വന്യമൃഗങ്ങളെ തുരത്താനും സുരക്ഷ ഉറപ്പാക്കാനും റാപ്പിഡ് റെസ്പോണ്‍സ് ടീം ഉണ്ടെങ്കിലും അവർ കാര്യക്ഷമമായി പ്രവർത്തിക്കുന്നില്ലെന്നും ഗ്രാമവാസികൾ പരാതിപ്പെടുന്നു.
വന്യമൃഗശല്യത്തിനു ശാശ്വത പരിഹാരം ആവശ്യപ്പെട്ടു ഗ്രാമവാസികൾ ഒറ്റക്കെട്ടായി രംഗത്തെത്തിയിരിക്കുകയാണ്. ജീവനും സ്വത്തിനും സുരക്ഷ ഉറപ്പാക്കാൻ വനംവകുപ്പ് അടിയന്തര നടപടി സ്വീകരിക്കണമെന്നു നാട്ടുകാർ ആവശ്യപ്പെട്ടു.