സോളാർ ലൈറ്റ് കെടുത്താൻപോയ ആദിവാസിയെ കാട്ടുപന്നി ആക്രമിച്ചു
Saturday, August 23, 2025 1:11 AM IST
മറയൂർ: ചന്പക്കാട് ആദിവാസി ഉൗരിലെ ഉന്നതിയിൽ കൃഷിത്തോട്ടത്തിൽ വന്യമൃഗശല്യം തടയാൻ സ്ഥാപിച്ച സോളാർ ലൈറ്റ് കെടുത്താൻ പോയ ആദിവാസിക്ക് കാട്ടുപന്നി ആക്രമണത്തിൽ പരിക്കേറ്റു. ഉന്നതിയിലെ ശശി(55)യാണ് ആക്രമണത്തിനിരയായത്.
ഇന്നലെ രാവിലെ ആറിനു വീടിനു സമീപമുള്ള കൃഷിത്തോട്ടത്തിൽ സോളാർ ലൈറ്റ് കെടുത്താനെത്തിയപ്പോൾ കാട്ടുപന്നി പിന്നിൽനിന്ന് ആക്രമിക്കുകയായിരുന്നു.
സംഭവം അറിഞ്ഞു വീട്ടുകാർ എത്തി ശശിയെ മറയൂർ സ്വകാര്യ ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകി വിദഗ്ധ ചികിത്സയ്ക്കായി ഉദുമൽപേട്ടയിലെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പ്രദേശത്തു വന്യമൃഗശല്യം രൂക്ഷമായതിനാൽ സോളാർ ലൈറ്റ് സ്ഥാപിച്ചിരുന്നു. ആക്രമണം തടയാൻ കൂടുതൽ നടപടി ആവശ്യമാണെന്നു നാട്ടുകാർ പറയുന്നു.