200ലേറെ വീസ തട്ടിപ്പുകൾ നടത്തി മുങ്ങിയ യുവാവ് അറസ്റ്റിൽ
Saturday, August 23, 2025 1:11 AM IST
ഇരിട്ടി: സംസ്ഥാനത്താകെ പത്തു വർഷത്തിനിടയിൽ ഇരുനൂറിലേറെ വീസ തട്ടിപ്പുകൾ നടത്തി മുങ്ങിയ പ്രതിയെ ആറളം പോലീസ് അറസ്റ്റ് ചെയ്തു.
മലപ്പുറം പാലക്കോട് പുന്നപ്പാല സ്വദേശി ചെണ്ടമൻകുളത്തിൽ സി.കെ. അനീസിനെയാണ് (39) ആറളം പോലീസ് അതിസാഹസികമായി ബംഗളൂരുവിൽ അറസ്റ്റ് ചെയ്തത്.
യൂറോപ്പ് ഉൾപ്പെടെ ലോകത്തിലെ വിവിധ രാജ്യങ്ങളിലേക്കു വീസ വാഗ്ദാനം ചെയ്തു പണം തട്ടി മുങ്ങിയ പ്രതി ഇന്ത്യയിലെ വിവിധ ഭാഗങ്ങളിൽ ഫ്ലാറ്റുകളിൽ ആഡംബര ജീവിതം നയിക്കുകയായിരുന്നു.
തട്ടിപ്പിലൂടെ ലഭിച്ച പണം ഉപയോഗിച്ച് ബംഗളൂരുവിൽനിന്നു പരിചയപ്പെട്ട യുവതിയുമായി പഞ്ചാബിലെ ജലന്ധറിൽ ഒന്നരക്കോടിയുടെ ആഡംബര വീട് വാങ്ങിയായിരുന്നു താമസം. ബംഗളൂരുവിനു പുറമേ മുംബൈ, ഡൽഹി, അഹമ്മദാബാദ് എന്നിവിടങ്ങളിൽ താമസിച്ചായിരുന്നു തട്ടിപ്പുകൾ തുടർന്നത്.
ആദ്യം ഗൾഫ് രാജ്യങ്ങളിലേക്കും പിന്നീട് യൂറോപ്പ് ഉൾപ്പെടെയുള്ള സ്ഥലങ്ങളിലേക്കും വീസ വാഗ്ദാനം ചെയ്തു തട്ടിപ്പ് നടത്തുകയായിരുന്നു. ഓരോ സ്ഥലം കേന്ദ്രീകരിച്ചും വലിയ തോതിലുള്ള തട്ടിപ്പ് നടത്തിയശേഷം സുരക്ഷിത താവളങ്ങളിലേക്കു മുങ്ങുകയാണ് ഇയാളുടെ രീതി.
കീഴ്പള്ളി പുതിയങ്ങാടി സ്വദേശി മുഹമ്മദ് അജ്സൽ ആറളം പോലീസിൽ നൽകിയ പരാതിയെത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണു പ്രതി പിടിയിലാകുന്നതും തട്ടിപ്പിന്റെ വ്യാപ്തി പോലീസ് കണ്ടെത്തുന്നതും.
മലയോര മേഖല കേന്ദ്രീകരിച്ചാണ് യൂറോപ്യൻ വീസ തട്ടിപ്പ് കൂടുതലായും നടത്തിയത്. കോടികളുടെ തട്ടിപ്പ് നടത്തിയതായി പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. കേരളത്തിലെ നിരവധി സ്ഥലങ്ങളിൽനിന്ന് പണം അയച്ചവർ പ്രതിയുടെ ഫോണിലേക്ക് അയച്ച സ്ക്രീൻ ഷോട്ടുകൾ ഉൾപ്പെടെ ലഭിച്ചിട്ടുണ്ട്.
ആറളം എസ്ഐ കെ. ഷോഹിബ്, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ സോജി അഗസ്റ്റിൻ, മനോജ്, സിവിൽ പോലീസ് ഓഫീസർ അനിൽ എന്നിവരടങ്ങിയ അന്വേഷണ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
പ്രതിയിലേക്കെത്തിയത് ആധാർ, പാൻ കാർഡ് കേന്ദ്രീകരിച്ചുള്ള അന്വേഷണം വഴി
പുതിയങ്ങാടി സ്വദേശി നൽകിയ പരാതിയിൽ ആറളം പോലീസിന്റെ മാസങ്ങൾ നീണ്ട അന്വേഷണമാണു പ്രതിയിലേക്ക് എത്തിയത്. ഫോൺ സ്വിച്ച് ഓഫ് ആക്കിയ പ്രതി പിന്നീട് ഫോൺ മാറ്റിയിരുന്നു.
തുടർന്ന് ഇയാളുടെ ആധാർ, പാൻ കാർഡ് എന്നിവ കേന്ദ്രീകരിച്ച് അന്വേഷണം നടത്തുകയായിരുന്നു. ഇവ രണ്ടും ഉപയോഗിച്ച് എടുത്തിരിക്കുന്ന മൊബൈൽ നമ്പറുകൾ നെറ്റ്വർക്ക് ദാതാക്കളിൽനിന്ന് ശേഖരിച്ചാണ് പ്രതിയെ പോലീസ് പിന്തുടർന്നത്. ടവറുകൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ബംഗളൂരുവിലുണ്ടെന്ന് കണ്ടെത്തുകയായിരുന്നു.