സ്വകാര്യ വാഹനങ്ങളുടെ രജിസ്ട്രേഷൻ പുതുക്കൽ ഫീസ് കുത്തനേ കൂട്ടി കേന്ദ്രസർക്കാർ
Saturday, August 23, 2025 1:11 AM IST
റെനീഷ് മാത്യു
കണ്ണൂർ: 20 വർഷം പൂർത്തിയായ സ്വകാര്യ വാഹനങ്ങളുടെ രജിസ്ട്രേഷൻ പുതുക്കി എടുക്കുന്നതിനുള്ള ഫീസ് കേന്ദ്രസർക്കാർ കുത്തനെ കൂട്ടി. നേരത്തേ 15 വർഷം കഴിഞ്ഞ വാഹനങ്ങൾ ഒറ്റ കാറ്റഗറിയായി പരിഗണിച്ച് ഒരേ ഫീസായിരുന്നു.
15 വർഷം കഴിഞ്ഞ മോട്ടോർ സൈക്കിളിന് 1000, പ്രൈവറ്റ് ഓട്ടോ റിക്ഷയ്ക്ക് 2500, കാറിന് 5000 എന്നിങ്ങനെയായിരുന്നു നിലവിൽ ഫീസ്. പക്ഷേ, ഈ ഫീസ് വർധന കോടതി സ്റ്റേ ചെയ്തതുകൊണ്ട് കേരളത്തിൽ നടപ്പാക്കിയിട്ടില്ല. കേരളത്തിൽ ഇപ്പോഴും പഴയ ഫീസായ മോട്ടോർ സൈക്കിൾ 300, കാർ 600 ആണ് വാങ്ങിയിരുന്നത്.
കേന്ദ്ര സർക്കാർ ഇപ്പോൾ 20 വർഷം കഴിഞ്ഞ വാഹനങ്ങൾ പ്രത്യേക കാറ്റഗറിയാക്കി മോട്ടോർ സൈക്കിളിന് 2000, പ്രൈവറ്റ് ഓട്ടോറിക്ഷ 5000, പ്രൈവറ്റ് കാർ 10000 എന്ന് നിരക്കിൽ ഉടൻ പ്രാബല്യത്തിലാക്കുന്ന രീതിയിലാണ് ഫീസ് വർധിപ്പിച്ചത്.
കേരള സർക്കാർ കഴിഞ്ഞ ബജറ്റിൽ 15 വർഷം കഴിഞ്ഞ സ്വകാര്യ വാഹനങ്ങളുടെ നികുതി 50 ശതമാനം വർധിപ്പിച്ചിരുന്നു.