സാമ്പത്തിക ക്രമക്കേട്: ഡിവൈഎഫ്ഐ ജില്ലാ നേതാക്കൾക്കെതിരേ പാർട്ടി നടപടി
Saturday, August 23, 2025 1:11 AM IST
കാസർഗോഡ്: സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട ആരോപണത്തെത്തുടർന്ന് ഡിവൈഎഫ്ഐ ജില്ലാ നേതാക്കൾക്കെതിരേ പാർട്ടിയുടെ നടപടി.
ജില്ലാ സെക്രട്ടറി രജീഷ് വെള്ളാട്ട്, കഴിഞ്ഞ ടേമിലെ ജില്ലാ സെക്രട്ടറി സി.ജെ. സജിത്ത്, ജില്ലാ പ്രസിഡന്റ് പികെ. നിശാന്ത് എന്നിവർക്കു ശാസനയും നിലവിലുള്ള പ്രസിഡന്റ് ഷാലു മാത്യു, ട്രഷറർ കെ. സബീഷ് എന്നിവർക്കു താക്കീതുമാണു നൽകിയത്. ജില്ലാ ഓഫീസ് സെക്രട്ടറി കിരണിനെ തത്സ്ഥാനത്തുനിന്നു നീക്കാനും തീരുമാനിച്ചു.
കഴിഞ്ഞ ദിവസം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം.വി. ജയരാജൻ പങ്കെടുത്ത സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് യോഗമാണു ഡിവൈഎഫ്ഐ നേതാക്കൾക്കെതിരായ ആരോപണം ചർച്ച ചെയ്ത് നടപടികളെടുത്തത്. പ്രവർത്തനഫണ്ടിലെ തിരിമറിയുമായി ബന്ധപ്പെട്ടാണു നേതാക്കൾക്കെതിരേ കൂട്ട നടപടിയെടുത്തതെന്നാണു സൂചന.
ജില്ലാ സെക്രട്ടറി രജീഷ് വെള്ളാട്ട് കാറിനു പെട്രോളടിക്കാനായി മാത്രം ഒറ്റ ദിവസം 3,000 രൂപ ചെലവഴിച്ചുവെന്ന ആരോപണം പാർട്ടി ഘടകങ്ങളിൽ വിവാദമായിരുന്നു. ജില്ലാ കമ്മിറ്റിയിലെ മുൻ ഭാരവാഹികളും നിലവിലുള്ള ഭാരവാഹികളും പ്രവർത്തനഫണ്ടിൽനിന്ന് അനധികൃതമായി വൻ തുകകൾ പിൻവലിച്ചതായും ആരോപണമുയർന്നിരുന്നു.
ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റായ ഷാലു മാത്യു നിലവിൽ പനത്തടി ബാങ്ക് പ്രസിഡന്റും സി.ജെ. സജിത്ത് ജില്ലാ പഞ്ചായത്തംഗവും കെ. സബീഷ് അജാനൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റുമാണ്. നേതാക്കൾക്കെതിരേ നടപടിയെടുത്ത കാര്യം എല്ലാ പാർട്ടി ഘടകങ്ങളിലും റിപ്പോർട്ട് ചെയ്യാനും തീരുമാനിച്ചിട്ടുണ്ട്.
നടപടിയല്ല തിരുത്തൽ നിർദേശമെന്നു സിപിഎം
ഫണ്ട് വെട്ടിപ്പിന്റെ പേരിൽ ഡിവൈഎഫ്ഐ ജില്ലാ നേതാക്കൾക്കെതിരേ പാർട്ടി നടപടി സ്വീകരിച്ചതായ വാർത്ത വാസ്തവവിരുദ്ധമാണെന്നു സിപിഎം ജില്ലാ കമ്മിറ്റി പ്രസ്താവനയിൽ അറിയിച്ചു.
ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റിയുടെ സാമ്പത്തിക ഇടപാടുകൾ ആ കമ്മിറ്റി സ്വതന്ത്രമായി നിർവഹിക്കുന്നതാണെന്നും പാർട്ടി ഏൽപ്പിച്ച വിവിധ ചുമതലകൾ നിർവഹിക്കുന്ന പ്രവർത്തകർ സാമ്പത്തിക കാര്യങ്ങളിലും മറ്റും പുലർത്തേണ്ട അച്ചടക്കത്തെ കുറിച്ച് നിഷ്കർഷിക്കുക മാത്രമാണ് സിപിഎം ചെയ്തിട്ടുള്ളതെന്നും പ്രസ്താവനയിൽ പറയുന്നു.
മറ്റു പാർട്ടികളിൽ നിന്ന് വ്യത്യസ്തമായി സംഘടനാ പരിശോധനയും തെറ്റുതിരുത്തലും സിപിഎമ്മിൽ തുടർച്ചയായി നടക്കുന്ന പ്രക്രിയയാണ്. അത്തരം സംഘടനാ പരിശോധനകളിൽ ഏതെങ്കിലും പാർട്ടി കേഡർമാർക്ക് കമ്യൂണിസ്റ്റ് മൂല്യങ്ങളും പാർട്ടി അച്ചടക്കവും പാലിക്കുന്നതിൽ വീഴ്ചകൾ സംഭവിച്ചതായി കണ്ടെത്തിയാൽ അതിനുള്ള തിരുത്തൽ നടപടികൾ പാർട്ടി സ്വാഭാവികമായും സ്വീകരിച്ചുവരുന്നതാണെന്നും ജില്ലാ കമ്മിറ്റി വ്യക്തമാക്കി.