സര്‍ക്കാര്‍ ജീവനക്കാരുടെ വായ്പാ കുടിശിക; രണ്ട് ശതമാനം റിക്കവറി ഫീസായി ഈടാക്കും
Saturday, August 23, 2025 1:11 AM IST
തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാരുടെ വായ്പാ കുടിശികയായി ശമ്പളത്തില്‍ നിന്ന് റിക്കവറി നടത്തുന്ന കേസുകളില്‍ റിക്കവറി തുകയുടെ രണ്ട് ശതമാനം തുക ശമ്പള റിക്കവറി ഫീസായി സര്‍ക്കാര്‍ ഈടാക്കാന്‍ നിര്‍ദേശിച്ച് ഉത്തരവിറങ്ങി. ഡിഡിഒമാര്‍ ഈ തുക റവന്യൂ ശീര്‍ഷകത്തിലേക്ക് അടയ്ക്കണമെന്നും നിര്‍ദേശിക്കുന്നു.
സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പള സര്‍ട്ടിഫിക്കറ്റും ബാധ്യത പത്രവും നല്കുമ്പോള് ശമ്പള ഓഫീസര്‍മാരായ ഡ്രോയിംഗ് ആന്‍ഡ് ഡിസ്ബേഴ്സിംഗ് ഓഫീസര്‍മാര്‍ പാലിക്കേണ്ട അധിക മാര്‍ഗനിര്‍ദേശങ്ങളും ഉത്തരവിലുണ്ട്. ജീവനക്കാരന് സമ്മതപത്രം നല്കിയാല് ശമ്പളത്തിന്റെ മൂന്നില്‍ ഒരു ഭാഗത്തില്‍ കൂടുതല്‍ തുക റിക്കവറി ഇനത്തില്‍ ഈടാക്കി ധനകാര്യ സ്ഥാപനങ്ങള്‍ക്ക് നല്കാന് ഡിഡിഒമാര്‍ക്ക് സാധിക്കും.
ജീവനക്കാരന്റെ പ്രതിമാസ വായ്പാ തിരിച്ചടവ് തുക കിഴിവു കഴിഞ്ഞുള്ള ശമ്പളത്തേക്കാള്‍ കൂടുതലാണെങ്കില്‍ പുതിയ വായ്പകള്‍ക്ക് ശമ്പള സര്‍ട്ടിഫിക്കറ്റ് അനുവദിക്കുമ്പോള്‍ നിലവിലെ മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം.
ജീവനക്കാരനു നല്കിയ ശമ്പള സര്‍ട്ടിഫിക്കറ്റുകളുടെയും കോ ഓപറേറ്റീവ് റിക്കവറിയുടെയും വിവരങ്ങള്‍ അവരുടെ സ്പാര്‍ക്ക് ഡാറ്റാബേസില്‍ ഉള്‍പ്പെടുത്തണം. ജീവനക്കാരന് സ്ഥലംമാറ്റം ലഭിക്കുമ്പോൾ, നല്കിയ ശമ്പള സര്‍ട്ടിഫിക്കറ്റുകളുടെയും റിക്കവറി വിവരങ്ങളും ലാസ്റ്റ് പേ സര്‍ട്ടിഫിക്കറ്റില്‍ ഉള്‍പ്പെടുത്തുകയും സ്ഥലംമാറിപ്പോകുന്ന ഓഫീസിലെ ഡിഡിഒയെ അറിയിക്കുകയും വേണം.
വായ്പ എടുക്കുന്നതിനോ ജാമ്യം നില്ക്കുന്നതിനോ ഉള്ള ശമ്പള സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിന് മുമ്പ് ജീവനക്കാരന്റെ മൊത്തം പ്രതിമാസ തിരിച്ചടവ് (വായ്പ+ജാമ്യം) അയാളുടെ മൊത്തം ശമ്പളത്തിന്റെ പകുതിയില്‍ കൂടുതലല്ലെന്ന് എല്ലാ വകുപ്പ് മേധാവികളും ഡിഡിഒമാരും ഉറപ്പുവരുത്തണമെന്നും നിര്‍ദേശിക്കുന്നു.