കേരളത്തിനു വേണ്ടത് ലോകം അദ്ഭുതപ്പെടുന്ന ആരോഗ്യനയം: വി.ഡി. സതീശൻ
Saturday, August 23, 2025 1:11 AM IST
തിരുവനന്തപുരം: ലോകരാജ്യങ്ങൾ അദ്ഭുതപ്പെടുന്ന ആരോഗ്യനയം കേരളത്തിന് ഉണ്ടാക്കാനാകണമെന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. യുഡിഎഫിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഹെൽത്ത് കോണ്ക്ലേവ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ആരോഗ്യരംഗത്തെ പോരായ്മകളും പാളിച്ചകളും ചൂണ്ടിക്കാട്ടി അതിശക്തമായാണ് പ്രതിപക്ഷം വിമർശനം ഉന്നയിക്കുന്നത്. വിമർശിക്കുന്നതിനും തെറ്റുകൾ ചൂണ്ടിക്കാട്ടുകയും ചെയ്യുന്നതിനപ്പുറത്തേക്ക് എന്താണ് നമ്മുടെ ബദൽ എന്നത് ചർച്ച ചെയ്യുന്നതിനു വേണ്ടിയാണ് യുഡിഎഫ് ഹെൽത്ത് കമ്മീഷന് രൂപം നൽകിയതെന്ന് അദ്ദേഹം പറഞ്ഞു.
പ്രതിപക്ഷ ഉപനേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി, ഫ്രാൻസിസ് ജോർജ് എംപി, സി.പി. ജോണ്, വി.എസ്. ശിവകുമാർ, ഡോ. എം.കെ. മുനീർ, ജി. ദേവരാജൻ, രാജൻബാബു, എം. വിൻസെന്റ് എംഎൽഎ, ഡോ. എസ്.എസ്. ലാൽ, ഡോ. ശ്രീജിത് എൻ. കുമാർ എന്നിവർക്കു പുറമെ ഇരുനൂറ്റി അൻപതിലധികം ആഗോള, ദേശീയ ആരോഗ്യ വിദഗ്ധർ പങ്കെടുത്തു.
കേരളത്തിന്റെ ആരോഗ്യരംഗത്തെ യഥാർഥ സ്ഥിതി യുഡിഎഫ് കമ്മീഷൻ ചെയർമാൻ ഡോ. എസ്.എസ്. ലാൽ അവതരിപ്പിച്ചു. കേരളത്തിന്റെ ആരോഗ്യരംഗത്തെ ഭൗതിക സൗകര്യങ്ങൾ, ആരോഗ്യസേവന സംവിധാനങ്ങൾ, ഹെൽത്ത് ഫിനാൻസിംഗ്, തുല്യത, സുരക്ഷ, രക്ഷാപ്രവർത്തനം, മരുന്നുകളുടെ സംഭരണവും ലഭ്യതയും വിതരണവും, മാനസികാരോഗ്യം, സാംക്രമിക രോഗങ്ങൾ, വനിതകളുടെ ആരോഗ്യം തുടങ്ങി പതിനഞ്ചോളം പ്രധാന വിഷയങ്ങളിലും അന്പതോളം ഉപവിഷയങ്ങളിലും ചർച്ച നടന്നു.
ജനുവരിയോടെ ഹെൽത്ത് കമ്മീഷന്റ സന്പൂർണ റിപ്പോർട്ട് തയാറാകും. ആഗോള പൊതുജനാരോഗ്യ വിദഗ്ധൻ ഡോ. എസ്.എസ്. ലാൽ ചെയർമാനായ ഹെൽത്ത് കമ്മീഷനിൽ ഡോ. ശ്രീജിത്. എൻ കുമാർ, ഡോ. രാജൻ ജോസഫ് മാഞ്ഞൂരാൻ, ഡോ. പി.എൻ. അജിത, ഡോ. ഒ.റ്റി. മുഹമ്മദ് ബഷീർ എന്നിവരാണ് അംഗങ്ങൾ.