ജയിക്കേണ്ട സീറ്റിൽ പുറത്തുനിന്ന് വോട്ട് ചേർക്കും: ബി. ഗോപാലകൃഷ്ണൻ
Saturday, August 23, 2025 1:11 AM IST
തൃശൂര്‍: ജയിക്കാന്‍ ഉദ്ദേശിക്കുന്ന മണ്ഡലങ്ങളില്‍ പുറത്തുനിന്ന് ആളെ കൊണ്ടുവന്നു താമസിപ്പിച്ച് വോട്ട് ചേർക്കാറുണ്ടെന്നു ബിജെപി നേതാവ് ബി. ഗോപാലകൃഷ്ണന്റെ വെളിപ്പെടുത്തല്‍.
തൃശൂരില്‍ സുരേഷ് ഗോപിയുടെ വിജയത്തില്‍ കള്ളവോട്ട് നടന്നെന്ന യുഡിഎഫ്, എല്‍ഡിഎഫ് ആരോപണത്തോടു പ്രതികരിക്കുകയായിരുന്നു ബിജെപി നേതാവ്.
ഞങ്ങള്‍ ജയിക്കാന്‍ ഉദ്ദേശിക്കുന്ന മണ്ഡലങ്ങളില്‍ ജമ്മു കാഷ്മീരില്‍നിന്നും ആളുകളെ കൊണ്ടുവന്ന് ഒരു വര്‍ഷം താമസിപ്പിച്ചു വോട്ട് ചെയ്യിപ്പിക്കും. അത് ഇനിയും ചെയ്യിക്കും. നിയമസഭയില്‍ ഇത്തരത്തില്‍ വോട്ട് ചെയ്യിപ്പിക്കാന്‍ ഇപ്പോള്‍ ഉദ്ദേശിച്ചിട്ടില്ല. ലോക്സഭയിലാണ് അത്തരത്തിലൊരു തീരുമാനമെടുത്തത്. നിയമസഭയില്‍ ആ സമയത്ത് ആലോചിക്കും. -ഗോപാലകൃഷ്ണൻ പറഞ്ഞു.
അതേസമയം, ഇതു കള്ളവോട്ടല്ലെന്നും ഗോപാലകൃഷ്ണന് അവകാശപ്പെട്ടു. മരിച്ച ആളുടെ പേരില്‍ വോട്ട് ചെയ്യുക, ഒരാള്‍ രണ്ടു വോട്ട് ചെയ്യുക എന്നതാണു കള്ളവോട്ട് എന്നു പറയുന്നത്. ഏതു വിലാസത്തിലും ആളുകളെ വോട്ടര്‍പട്ടികയില്‍ ചേര്‍ക്കാം. ബിജെപിയെ തോല്‍പ്പിക്കാന്‍ യുഡിഎഫും എല്‍ഡിഎഫും പലയിടങ്ങളിലും ഒന്നിക്കാറുണ്ട്. അതില്‍ ധാര്മികപ്രശ്നങ്ങളില്ലെങ്കില് ഇതിലും ധാര്‍മികതയുടെ പ്രശ്നമില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
തൃശൂരില്‍ സുരേഷ് ഗോപി 74,682 വോട്ടിന്റെ ഭൂരിപക്ഷത്തിനാണു വിജയിച്ചത്. 2019ല്‍ 4.16 ലക്ഷം വോട്ടുണ്ടായിരുന്ന കോണ്‍ഗ്രസിന് 2024-ല്‍ 3.27 ലക്ഷമായി കുറഞ്ഞു. ബാക്കി 90,000 വോട്ട് എവിടെപ്പോയെന്നും ഗോപാലകൃഷ്ണന് ചോദിച്ചു.