ബിയർ എടുത്തു കുടിച്ചതിനു ശിക്ഷ ; ആദിവാസിയെ മുറിയിൽ പൂട്ടിയിട്ട് സ്ഥാപന ഉടമയുടെ ക്രൂരത
Saturday, August 23, 2025 1:11 AM IST
കൊല്ലങ്കോട്: മുതലമടയിലെ സ്വകാര്യ ഫാമിൽ ആദിവാസി മധ്യവയസ്കനെ തടവിലാക്കി സ്ഥാപന ഉടമയുടെ ക്രൂരത. ആറുദിവസത്തോളം മുറിയിൽ പൂട്ടിയിട്ടു മർദിച്ചു. മുതലമട ഊരുകുളം സ്വകാര്യ ഫാം സ്റ്റേയിൽ പൂട്ടിയിട്ട നിലയിലായിരുന്ന മൂച്ചൻകുണ്ട് ചന്പക്കുളിയിൽ കറുപ്പന്റെ മകൻ വെള്ളയ്യനെ (55) ജനപ്രതിനിധികളും നാട്ടുകാരും പോലീസും എത്തിയാണ് മോചിപ്പിച്ചത്.
സംഭവവുമായി ബന്ധപ്പെട്ടു സ്ഥാപന ഉടമ മുതലമട ഊരുകുളം പ്രഭുവിനെതിരേ കൊല്ലങ്കോട് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ജനരോഷം ഭയന്ന് പ്രതി ഒളിവിലാണ്.
ജില്ലാ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന വെള്ളയ്യന്റെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടുവരുന്നതായി പോലീസ് അറിയിച്ചു. അനുവാദമില്ലാതെ ബിയർ എടുത്തുകുടിച്ചതിനാണു മുറിയിൽ പൂട്ടിയിട്ടു മർദിച്ചതെന്നു വെള്ളയ്യൻ പോലീസിനോടു പറഞ്ഞു.
ആദിവാസി സംരക്ഷണസമിതി ഭാരവാഹികളായ മാരിയപ്പൻ നീളിപ്പാറ, ശിവരാജ്, മുതലമട ഗ്രാമപഞ്ചായത്ത് മുൻപ്രസിഡന്റ് പി. കല്പനാദേവി, മുൻ വൈസ് പ്രസിഡന്റ് എം. താജുദീൻ എന്നിവരടക്കം അമ്പതോളം പ്രദേശവാസികളും കൊല്ലങ്കോട് പോലീസും ചേർന്നാണ് വെള്ളയ്യനെ രക്ഷപ്പെടുത്തിയത്. വ്യാഴാഴ്ച അർധരാത്രിയാണു സംഭവം.
മുടിവെട്ടാനെന്ന വ്യാജേന പുറത്തിറങ്ങിയ ഫാമിലെ മറ്റൊരാൾ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണു ജനം സംഘടിച്ചത്. ഫാമിലെത്തി പൂട്ടിക്കിടന്ന മുറിയുടെ വാതിൽ പോലീസിന്റെ സാന്നിധ്യത്തിൽ കുത്തിത്തുറന്നാണു വെള്ളയ്യനെ രക്ഷപ്പെടുത്തിയത്. തെന്മലയ്ക്കുതാഴെ മോടിവാരത്തിലാണ് ഫാം സ്റ്റേ രഹസ്യമായി പ്രവർത്തിച്ചുവന്നത്. മുറിയിൽ ആയിരത്തിലധികം ഒഴിഞ്ഞതും മദ്യംനിറച്ചതുമായ കുപ്പികൾ കണ്ടെത്തി.
രാത്രി ജനം ഫാം സ്റ്റേയിൽയിലേക്ക് എത്തുന്നതുകണ്ട് സ്ഥലത്തുണ്ടായിരുന്ന കാറുകളിൽ സ്ത്രീകൾ ഉൾപ്പെടെ സന്ദർശകൾ രക്ഷപ്പെട്ടതായി നാട്ടുകാർ പറഞ്ഞു. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തണമെന്ന ജനകീയ ആവശ്യവും ഉയർന്നിട്ടുണ്ട്. അന്വേഷണം നടത്തിവരികയാണെന്നും നടപടികളുണ്ടാവുമെന്നും എസ്എച്ച്ഒ മണികണ്ഠൻ പറഞ്ഞു.