കുടലിലെ നീർവീക്കം: അന്താരാഷ്ട്ര സമ്മേളനത്തിന് തുടക്കം
Saturday, August 23, 2025 1:11 AM IST
കൊച്ചി: കുടലിലെ നീർവീക്കത്തിന് ആധുനിക വൈദ്യശാസ്ത്ര പരിചരണത്തിന്റെ നൂതന രീതികളും കാഴ്്ചപ്പാടുകളും ചർച്ച ചെയ്യുന്ന അന്താരാഷ്ട്ര വിദഗ്ധ സമ്മേളനം കൊച്ചി ലുലു ബോൾഗാട്ടി ഇന്റർനാഷണൽ കൺവൻഷൻ സെന്ററിൽ ആരംഭിച്ചു.
കുടലിനെ മുഴുവനായോ ഭാഗികമായോ ബാധിക്കുന്ന നീർവീക്കമായ ഇൻഫ്ലമേറ്ററി ബവൽ ഡിസീസ് ( ഐബിഡി) ചികിത്സ, നിയന്ത്രണം, പരിചരണം എന്നിവ സംബന്ധിച്ച പഠനങ്ങൾക്കും ഗവേഷണങ്ങൾക്കും നേതൃത്വം നൽകുന്ന കൊളിറ്റിസ് ആൻഡ് ക്രോൺസ് ഫൗണ്ടേഷൻ ഓഫ് ഇന്ത്യയാണു സംഘാടകർ.
സിസിഎഫ്ഐ പ്രസിഡന്റ് ഡോ. അജയ് കുമാർ സമ്മേളനം ഉദ്ഘാടനം ചെയ്തു.ഓർഗനൈസിംഗ് കമ്മിറ്റി പ്രസിഡന്റ് ഡോ. മാത്യു ഫിലിപ്പ്, സിസിഎഫ്ഐ സെക്രട്ടറി ജനറൽ ഡോ. വിനീത് അഹൂജ, ഡോ. വന്ദന മിധ, ഡോ. അജിത് സൂദ്, ലിസി ആശുപത്രി ഡയറക്ടർ റവ. ഡോ. പോൾ കരേടൻ, ഡോ. പ്രകാശ് സക്കറിയാസ് എന്നിവർ പ്രസംഗിച്ചു.
രണ്ടു ദിവസങ്ങളിലായി 1,300ലധികം പ്രതിനിധികൾ പങ്കെടുക്കുന്ന 46 ശാസ്ത്ര സെഷനുകളാണ് നടക്കുന്നത്.
ഐബിഡി ചികിത്സയിലെ നഴ്സുമാർ, കോ-ഓർഡിനേറ്റർമാർ, ഡയറ്റീഷ്യന്മാർ, റേഡിയോളജിസ്റ്റുകൾ, പാത്തോളജിസ്റ്റുകൾ എന്നിവർക്കായി പ്രത്യേക ട്രെയിനിംഗ് സെഷനുമുണ്ട്.