വിദ്യാർഥിനി വീട്ടിൽ മരിച്ചനിലയിൽ: ജീവനൊടുക്കാൻ ശ്രമിച്ച സുഹൃത്തും മരിച്ചു
Saturday, August 23, 2025 1:11 AM IST
തൊടുപുഴ: ഇടുക്കി ഉടുന്പന്നൂരിൽ ടിടിസി വിദ്യാർഥിനിയായ യുവതിയെ മരിച്ചനിലയിലും സുഹൃത്തും ഹോട്ടൽ മാനേജ്മെന്റ് വിദ്യാർഥിയുമായ യുവാവിനെ ഫാനിൽ തൂങ്ങിയ നിലയിലും കണ്ടെത്തി. ആശുപത്രിയിലെത്തിച്ച യുവാവും പിന്നീട് മരിച്ചു.
ഉടുന്പന്നൂർ പാറേക്കവല മനയ്ക്കതണ്ട് മണിയനാനിക്കൽ ശിവഘോഷ് (20), അടിമാലി കൊന്നത്തടി പാറത്തോട് ഇഞ്ചപ്ലായ്ക്കൽ മീനാക്ഷി (20) എന്നിവരാണ് മരിച്ചത്. ഇരുവരും വർഷങ്ങളായി പ്രണയത്തിലായിരുന്നെന്നും ഇരുവരും തമ്മിലുണ്ടായ തർക്കത്തെ തുടർന്ന് മീനാക്ഷിയെ കൊലപ്പെടുത്തി ശിവഘോഷ് തൂങ്ങി മരിക്കുകയായിരുന്നെന്നാണ് പോലീസ് നിഗമനം. ശിവഘോഷും കുടുംബവും വാടകയ്ക്ക് താമസിക്കുന്ന വീട്ടിൽ ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം.
ബന്ധുവായ ആദർശ് ഫോണിൽ ശിവഘോഷിനെ പലപ്രാവശ്യം വിളിച്ചെങ്കിലും കിട്ടിയില്ല. ഇതോടെ ആദർശ് അന്വേഷിച്ച് വീട്ടിലെത്തിയപ്പോൾ ശിവഘോഷിനെ മുറിയിലെ ഫാനിൽ തൂങ്ങിയ നിലയിൽ കണ്ടെത്തുകയായിരുന്നു. ഉടൻ തന്നെ അയൽവാസികളുടെ സഹായത്തോടെ താഴെയിറക്കി മുതലക്കോടത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തുടർന്ന് വീട്ടിനുള്ളിൽ കയറിയവരാണ് ശുചിമുറിയിൽ മീനാക്ഷിയെ മരിച്ചു കിടക്കുന്ന നിലയിൽ കണ്ടെത്തിയത്.
സംഭവമറിഞ്ഞ് തൊടുപുഴ ഡിവൈഎസ്പി പി.കെ.സാബു, കരിമണ്ണൂർ എസ്എച്ച്ഒ വി.സി.വിഷ്ണുകുമാർ എന്നിവരുടെ നേതൃത്വത്തിൽ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. മീനാക്ഷിയുടെ കഴുത്തിൽ ഷാൾ മുറുക്കിയ പാടും പിടിവലി നടന്നതിന്റ ലക്ഷണവും കണ്ടതിനെ തുടർന്ന് പോലീസ് ഫോറൻസിക് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി.
കൂടുതൽ വിവരങ്ങൾ പോസ്റ്റ്മോർട്ടം പൂർത്തിയായതിനു ശേഷം മാത്രമേ ലഭ്യമാകൂ. ഇരുവരുടെയും മൃതദേഹങ്ങൾ പോസ്റ്റുമോർട്ടത്തിനായി ഇടുക്കി മെഡിക്കൽ കോളജിലേയ്ക്ക് മാറ്റി.
വെള്ളത്തൂവൽ സ്വദേശിയായ ശിവഘോഷും മാതാവും സഹോദരിയുമൊത്ത് ഏതാനും വർഷം മുന്പാണ് പാറേക്കവലയിൽ വാടകയ്ക്ക് താമസിക്കാനെത്തിയത്. കൊന്നത്തടി മണിയനാനിക്കൽ എം.സി.ഷാജിമോൻ - ജയ്മോൾ ദന്പതികളുടെ മകനാണ് ശിവഘോഷ്. പരേതനായ ഷൈജു-ഷിജി ദന്പതികളുടെ മകളാണ് മീനാക്ഷി.