മാലിന്യമുക്തം നവകേരളം: അര ലക്ഷം കുട്ടികൾക്ക് സ്കോളർഷിപ്പ്
Sunday, August 24, 2025 12:51 AM IST
കൽപ്പറ്റ: മാലിന്യമുക്തം നവകേരളം പദ്ധതിയിൽ അര ലക്ഷം സ്കൂൾ വിദ്യാർഥികൾക്ക് സ്കോളർഷിപ്പ് നൽകുന്നു. പദ്ധതിയുടെ 2025-26ലെ പ്രവർത്തന മാർഗരേഖ സംബന്ധിച്ച് തദ്ദേശ സ്വയംഭരണ വകുപ്പ് കഴിഞ്ഞ ദിവസം പുറപ്പെടുവിച്ച സർക്കുലറിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
മാലിന്യമുക്തം നവകേരളം കാന്പയിനിൽ പൊതുവിദ്യാഭ്യാസ-ഉന്നത വിദ്യാഭ്യാസ വകുപ്പുകളുടെ നേതൃത്വത്തിൽ വിദ്യാർഥികളും യുവജനങ്ങളും സജീവമായി രംഗത്തിറങ്ങിയത് വലിയ മാറ്റത്തിന് കാരണമായിരുന്നു. ഇതിന്റെ തുടർച്ചയായാണ് സ്കോളർഷിപ്പ് പദ്ധതി ആരംഭിക്കുന്നത്.
വലിച്ചെറിയൽ മനോഭാവമാറ്റം, ശാസ്ത്രീയ മാലിന്യ പരിപാലനരീതി വ്യാപനം, മാലിന്യത്തിന്റെ അളവ് കുറയ്ക്കൽ എന്നിവയ്ക്കു സഹായകമായ പ്രവർത്തനങ്ങൾ കണക്കിലെടുത്താണ് കുട്ടികളെ സ്കോളർഷിപ്പിന് തെരഞ്ഞെടുക്കുക.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ശുചിത്വമിഷനും സ്കോളർഷിപ്പിന് സഹായം നൽകും. ഓഗസ്റ്റ്-ഡിസംബർ മാസങ്ങളിലായി ഈ വർഷത്തെ സ്കോളർഷിപ്പ് പദ്ധതി പൂർത്തിയാക്കുന്ന വിധത്തിൽ പ്രവർത്തനം ക്രമീകരിക്കുന്നതിന് പ്രത്യേകം മാർഗനിർദേശങ്ങൾ പുറപ്പെടുവിക്കും.
അജൈവമാലിന്യ വാതിൽപ്പടി ശേഖരണം 100 ശതമാനം ഉറപ്പാക്കുക, പരമാവധി തരംതിരിച്ച് റിജക്ട് മാലിന്യത്തിന്റെ അളവ് കുറയ്ക്കുക, ജൈവമാലിന്യം ഉറവിടത്തിലും സാമൂഹിക സംവിധാനങ്ങളിലുമായി 100 ശതമാനം സംസ്കരിക്കുകയും കൃഷി ആവശ്യത്തിന് പ്രയോജനപ്പെടുത്തുകയും ചെയ്യുക, പ്രത്യേക പരിപാലന സംവിധാനം ആവശ്യമുള്ള മാലിന്യത്തിന്റെ ശേഖരണവും സംസ്കരണ സംവിധാനവും ഉറപ്പാക്കുക, നിലവിലെ മാലിന്യ സംസ്കരണ സംവിധാനങ്ങൾ ആധുനികവത്കരിക്കുക, പൊതു ഇടങ്ങളിൽ ബിന്നുകൾ ഉറപ്പാക്കുക, പൊതു ഇടങ്ങളിൽ വൃത്തി ഉറപ്പാക്കുന്നതിന് പ്രവർത്തനങ്ങൾ സംഘടിപ്പിക്കുക, നിയമലംഘനങ്ങൾക്കെതിരേ കർശന നടപടി സ്വീകരിക്കുക എന്നിവയ്ക്ക് ഊന്നൽ നൽകിയാണ് ഈ വർഷത്തെ പരിപാടികളെന്നു സർക്കുലറിൽ പറയുന്നു.
2025 ഒക്ടോബർ രണ്ടു വരെ, 2026 ഫെബ്രുവരി 28 വരെ എന്നിങ്ങനെ രണ്ട് ഘട്ടങ്ങളായി ലക്ഷ്യങ്ങൾ കൈവരിക്കുന്ന തരത്തിലാണ് പ്രവർത്തനങ്ങൾ ക്രമീകരിച്ചിരിക്കുന്നത്.
റെയിൽവേയുടെ അധീനതയിലുള്ള സ്ഥലങ്ങൾ, റെയിൽപാളങ്ങൾ തുടങ്ങിയവയിൽ കെട്ടിക്കിടക്കുന്ന മാലിന്യം റെയിൽവേ മുഖേന നീക്കം ചെയ്യുന്നതിന് നടപടി സ്വീകരിക്കണമെന്നു സർക്കുലറിൽ നിർദേശിക്കുന്നു. മാലിന്യം റെയിൽവേ നീക്കം ചെയ്യാത്തപക്ഷം തദ്ദേശസ്ഥാപനങ്ങൾ മുഖേന നീക്കം ചെയ്ത് ചെലവ് റെയിൽവേയിൽനിന്ന് ഈടാക്കണം.
മാലിന്യംതള്ളൽ സംബന്ധിച്ച നിയമലംഘനത്തിന് കുറ്റകൃത്യത്തിന്റെ തോതനുസരിച്ച് ഉയർന്ന പിഴ ചുമത്തണം. പരമാവധി കേസുകളിൽ പ്രോസിക്യൂഷൻ, റവന്യു റിക്കവറി ഉൾപ്പെടെ നടപടികൾ സ്വീകരിക്കുന്നുവെന്ന് ഉറപ്പാക്കണം.
തദ്ദേശ സ്ഥാപനതലത്തിലെ എൻഫോഴ്സ്മെന്റ് നടപടികളുടെ പുരോഗതി എല്ലാ മാസവും ജില്ലാ ജോയിന്റ് ഡയറക്ടർ അവലോകനം ചെയ്ത് സർക്കാരിന് റിപ്പോർട്ട് സമർപ്പിക്കണമെന്നും സർക്കുലറിൽ പറയുന്നു.