ആശങ്കയൊഴിയാതെ മലപ്പുറം; ഒരാൾക്കുകൂടി അമീബിക് മസ്തിഷ്ക ജ്വരം
Sunday, August 24, 2025 12:52 AM IST
വണ്ടൂർ: മലപ്പുറം ജില്ലയിലെ വണ്ടൂർ കാപ്പിൽ സ്വദേശിനിയായ 55 വയസുകാരിക്ക് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു.
കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ വ്യാഴാഴ്ച പ്രവേശിപ്പിച്ച ഇവർക്ക് സ്രവ പരിശോധനയിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. തലവേദനയും ഛർദിയും അനുഭവപ്പെട്ടതോടെ ഇവർ നിലന്പൂർ ജില്ലാ ആശുപത്രിയിലാണ് ആദ്യം ചികിത്സ തേടിയത്. തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റുകയായിരുന്നു.
വണ്ടൂർ താലൂക്ക് ആശുപത്രി മെഡിക്കൽ ഓഫീസിന്റെ നേതൃത്വത്തിലുള്ള സംഘം ഇവരുടെ വീട്ടിലെ കിണർ, ജലനിധി, സമീപത്തെ തോട് എന്നിവിടങ്ങളിൽ നിന്നുള്ള വെള്ളത്തിന്റെ സാന്പിളെടുത്ത് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.
മെഡിക്കൽ ഓഫീസർ ഉമ്മർ പള്ളിയാളി, ഹെൽത്ത് സൂപ്പർവൈസർ ശ്രീജിത്ത് അന്പ്രക്കാട്ട്, ജെഎച്ച്ഐ എം.എം. ജസീർ, കെ.വി. പുഷ്പ, പി. ജിതേഷ് തുടങ്ങിയവരാണ് സംഘത്തിൽ ഉണ്ടായിരുന്നത്. രോഗത്തെത്തുടർന്ന് ആരോഗ്യവകുപ്പ് ഇവരുടെ വീട്ടിലും പരിസരങ്ങളിലും പരിശോധന നടത്തി.
കഴിഞ്ഞ ദിവസങ്ങളിൽ മലപ്പുറം ജില്ലയിലെ തേഞ്ഞിപ്പലം പടാട്ടാലുങ്ങലിലും ചേലേന്പ്ര ചാലിപ്പറന്പിലും അമീബിക് മസ്തിഷ്ക ജ്വരം റിപ്പോർട്ട് ചെയ്തിരുന്നു. ഇവിടങ്ങളിൽ രോഗം ബാധിച്ചവരുടെ വീടുകളിലെ കുഴൽക്കിണറുകളിൽ നിന്നെടുത്ത വെള്ളത്തിന്റെ സാന്പിൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.
റിപ്പോർട്ട് അടുത്തയാഴ്ചയേ ലഭിക്കൂ. ചാലിപ്പറന്പിൽ 49കാരനാണ് രോഗബാധ. ഇദ്ദേഹം കോഴിക്കോട് മെഡിക്കൽ കോളജാശുപത്രിയിൽ ചികിത്സയിലാണ്. പടാട്ടാലുങ്ങലിലെ പതിനൊന്നുവയസുകാരിക്കാണ് രോഗം പിടിപെട്ടത്. ബാലികയും കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഇരു പ്രദേശങ്ങളിലെയും വീടുകളിലെ കിണറുകളിൽ ആരോഗ്യപ്രവർത്തകർ ക്ലോറിനേഷൻ നടത്തിയിട്ടുണ്ട്.