യുവതിയെ തീകൊളുത്തിക്കൊന്ന യുവാവും മരിച്ചു
Sunday, August 24, 2025 2:11 AM IST
മയ്യിൽ (കണ്ണൂർ): കുറ്റ്യാട്ടൂർ ഉരുവച്ചാലിൽ യുവതിയെ പെട്രോളൊഴിച്ചു തീകൊളുത്തിക്കൊന്ന യുവാവും മരിച്ചു. ഇരിക്കൂർ പെരുവളത്തുപറന്പ് കുട്ടാവ് സ്വദേശി പട്ടേരി ഹൗസിൽ ജിജേഷാണ് ഇന്നലെ പുലർച്ചെ മൂന്നരയോടെ പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളജിൽ മരിച്ചത്. 20ന് ഉച്ചകഴിഞ്ഞ് രണ്ടരയ്ക്കായിരുന്നു സംഭവം.
കുറ്റ്യാട്ടൂർ ഉരുവച്ചാലിലെ പ്രവീണയെയാണ് (39) വെള്ളം ചോദിച്ചെത്തിയ ജിജേഷ് വീട്ടിനകത്ത് കടന്നു പെട്രോളൊഴിച്ച് തീകൊളുത്തിയത്. സംഭവത്തിനുശേഷം ജിജേഷ് ആത്മഹത്യക്കു ശ്രമിക്കുകയായിരുന്നു.
പ്രവീണയും ജിജേഷും സൗഹൃദമുള്ളവരും ഒരുമിച്ചു പഠിച്ചവരുമാണ്. പിന്നീട് സൗഹൃദം അതിരുകടന്നപ്പോൾ പ്രവീണ ഇയാളെ വാട്സാപ്പിൽ ബ്ലോക്ക് ചെയ്തതാണ് കൊലപാതകത്തിനു കാരണമായതെന്നാണ് പോലീസിന്റെ പ്രാഥമികാന്വേഷണത്തിൽ കണ്ടെത്തിയത്.
ജിജേഷിനെതിരേ കൊലക്കുറ്റത്തിന് മയ്യിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിവരുന്നതിനിടെയാണ് മരണം. പരേതനായ നാരായണൻ-രത്നവല്ലി ദമ്പതികളുടെ മകനാണ് ജിജേഷ്. സഹോദരങ്ങൾ: ജിജിഷ, ജിൻഷ.