അധ്യാപക നിയമനനിഷേധം: കളക്ടറേറ്റ് മാര്‍ച്ചില്‍ പ്രതിഷേധം
Sunday, August 24, 2025 2:12 AM IST
കോട്ടയം: ഭിന്നശേഷി സംവരണം മറയാക്കി കേരള സര്‍ക്കാര്‍ കത്തോലിക്കാ എയ്ഡഡ് സ്കൂള്‍ മേഖലയിലെ അധ്യാപകരുടെ നിയമനം പാസാക്കാത്ത ഇരട്ടത്താപ്പിനും നീതിനിഷേധത്തിനുമെതിരേ കേരള കാത്തലിക് ടീച്ചേഴ്സ് ഗില്‍ഡിന്റെ നേതൃത്വത്തില്‍ നടത്തിയ അധ്യാപക മാര്‍ച്ചിലും ധര്‍ണയിലും പ്രതിഷേധമിരമ്പി.
ചങ്ങനാശേരി, കോട്ടയം, പാലാ, കാഞ്ഞിരപ്പള്ളി, വിജയപുരം രൂപത കോര്‍പറേറ്റുകളുടെ കീഴിലുള്ള ആയിരക്കണക്കിന് അധ്യാപകരാണ് കറുത്ത തുണിയില്‍ വായ്മൂടിക്കെട്ടി കോട്ടയം കളക്ടറേറ്റിലേക്ക് മാര്‍ച്ചും കവാടത്തില്‍ ധര്‍ണയും നടത്തിയത്.
ഗാന്ധിസ്ക്വയറില്‍ അണിനിരന്ന് പ്രതിഷേധസമരത്തിന്റെ പ്രാധാന്യം അറിയിച്ചശേഷമാണ് മാര്‍ച്ച് ആരംഭിച്ചത്. തിരുവല്ല ആര്‍ച്ച് ബിഷപ് മാര്‍ തോമസ് കൂറിലോസ് മാര്‍ച്ച് ഉദ്ഘാടനം ചെയ്തു.
അധ്യാപകര്‍ക്ക് നീതി ഉറപ്പാക്കാന്‍ സര്‍ക്കാരും വിദ്യാഭ്യാസ വകുപ്പും അടിയന്തര നടപടി സ്വീകരിക്കണമെന്ന് മാര്‍ തോമസ് കൂറിലോസ് ആവശ്യപ്പെട്ടു. വിജയപുരം രൂപത സഹായമെത്രാന്‍ ഡോ. ജസ്റ്റിൻ മഠത്തില്‍പ്പറമ്പില്‍ മാർച്ച് ഫ്ളാഗ് ഓഫ് ചെയ്തു. ഭിന്നശേഷി നിയമനത്തിന് രൂപതാ കോര്‍പറേറ്റുകള്‍ എതിരല്ലെന്നും തുല്യനീതിയുടെ ലംഘനമാണ് സര്‍ക്കാര്‍ നടത്തുന്നതെന്നും ബിഷപ് കുറ്റപ്പെടുത്തി.
ചങ്ങനാശേരി അതിരൂപത വികാരിജനറാൾ റവ.ഡോ. സ്കറിയ കന്യാകോണിൽ പ്രസംഗിച്ചു. തുടര്‍ന്ന് വിവിധ രൂപതകളില്‍നിന്നുള്ള അധ്യാപകര്‍ ബാനറുകളുടെ പിന്നില്‍ അണിനിരന്ന് കളക്ടറേറ്റിലേക്ക് നീങ്ങി. കളക്ടറേറ്റിനു മുമ്പിലെത്തിയ മാര്‍ച്ച് കവാടത്തില്‍ പോലീസ് തടഞ്ഞു.
തുടര്‍ന്നു നടന്ന ധര്‍ണയില്‍ കടുത്തുരുത്തി ഫൊറോന വികാരി ഫാ. മാത്യു ചന്ദ്രന്‍കുന്നേല്‍ മുഖ്യപ്രഭാഷണം നടത്തി. നീതിക്കുവേണ്ടി അധ്യാപകര്‍ നടത്തുന്ന തീര്‍ഥാടനമാണ് മാര്‍ച്ചെന്നും അധ്യാപകരുടെ കണ്ണുനീര് വോട്ടിന്റെ രൂപത്തില്‍ അടുത്ത തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്നും അദ്ദേഹം പറഞ്ഞു. ടീച്ചേഴ്സ് ഗില്‍ഡ് സംസ്ഥാന പ്രസിഡന്റ് ടോം മാത്യു അധ്യക്ഷത വഹിച്ചു. മാര്‍ച്ച് സൂചനയാണെന്നും ഇവിടെ തെളിഞ്ഞ പ്രതിഷേധജ്വാല കേരളമാകെ പടരാന്‍ പോകുകയാണെന്നും അദ്ദേഹം പറഞ്ഞു.
കാഞ്ഞിരപ്പള്ളി രൂപത കോര്‍പറേറ്റ് മാനേജരും മാനേജേരഴ്സ് കണ്‍സോര്‍ഷ്യം പ്രസിഡന്റുമായ ഫാ. ഡൊമിനിക് അയലൂപ്പറമ്പില്‍, കോട്ടയം അതിരൂപത ടീച്ചേഴ്സ് ഗില്‍ഡ് പ്രസിഡന്റ് സുജി പുല്ലുകാട്ട്, ബിബിന്‍ ബെന്നി, ടീച്ചേഴ്സ് ഗില്‍ഡ് സംസ്ഥാന സെക്രട്ടറി ഷൈനി കുര്യാക്കോസ്, കാഞ്ഞിരപ്പള്ളി രൂപത ടീച്ചേഴ്സ് ഗില്‍ഡ് പ്രസിഡന്റ് വിന്‍സെന്റ് ജോര്‍ജ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
ചങ്ങനാശേരി അതിരൂപത കോര്‍പറേറ്റ് മാനേജര്‍ ഫാ. ആന്റണി മൂലയില്‍, കോട്ടയം അതിരൂപത കോര്‍പറേറ്റ് മാനേജര്‍ ഫാ. തോമസ് പുതിയകുന്നേല്‍, പാലാ രൂപത കേര്‍പറേറ്റ് മാനേജര്‍ ഫാ. ജോര്‍ജ് പുല്ലുകാലായില്‍, വിജയപുരം രൂപത കോര്‍പറേറ്റ് മാനേജര്‍ ഫാ. ആന്റണി പാട്ടപ്പറമ്പില്‍, ടീച്ചേഴ്സ് ഗില്‍ഡ് നേതാക്കളായ വി.എം. ബിജു, ഈശോ തോമസ്, ജി. ബിജു, റോബിന് മാത്യു, സി.എ. ജോണി, ബിജു പി. ആന്റണി, അലന് ജോര്‍ജ്, അഭിലാഷ് ജിയോ സണ്ണി, മനു നിരവത്ത് എന്നിവര്‍ മാര്‍ച്ചിനും ധര്‍ണയ്ക്കും നേതൃത്വം നല്കി.