യംഗ് ഇന്നൊവേറ്റേഴ്സ് പ്രോഗ്രാം വിജയികൾക്ക് ഗ്രേസ് മാർക്ക് അനുവദിച്ചു
Sunday, August 24, 2025 12:51 AM IST
തിരുവനന്തപുരം: കേരള ഡെവലപ്മെന്റ് ആൻഡ് ഇന്നൊവേഷൻ സ്ട്രാറ്റജിക് കൗൺസിൽ (കെ-ഡിസ്ക്) നടത്തുന്ന യംഗ് ഇന്നൊവേറ്റേഴ്സ് പ്രോഗ്രാം (വൈഐപി) സ്കൂൾ വിഭാഗം സംസ്ഥാനതല വിജയികൾക്ക് ഗ്രേസ് മാർക്ക് അനുവദിച്ചുകൊണ്ട് സർക്കാർ ഉത്തരവായി.
ഹൈസ്കൂൾ, ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥികൾക്കായി നടത്തുന്ന വൈഐപി-ശാസ്ത്രപദം സംസ്ഥാനതല വിജയികൾക്കാണ് 10 മാർക്ക് അനുവദിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചത്.
ഹൈസ്കൂൾ മുതൽ ഗവേഷണതലം വരെയുള്ള വിദ്യാർഥികളിൽ ഇന്നൊവേഷൻ സംസ്കാരം വളർത്തിയെടുക്കാൻ സഹായകരമാകുന്ന പരിപാടിയാണ് വൈഐപി. ഹൈസ്കൂൾ, ഹയർ സെക്കൻഡറി, വിഎച്ച്എസ്ഇ സ്കൂളുകളിൽ പൊതു വിദ്യാഭ്യസ വകുപ്പ് എസ്എസ്കെ എന്നിവയുമായി ചേർന്ന് വൈഐപി-ശാസ്ത്രപഥം എന്ന പേരിലാണ് വൈഐപി പരിപാടി നടപ്പിലാക്കി വരുന്നത്.
ഈ പരിപാടിയിലൂടെ രണ്ട് അല്ലെങ്കിൽ മൂന്നംഗ വിദ്യാർഥി ടീമുകൾ സമർപ്പിക്കുന്ന ആശയങ്ങളിൽനിന്നാണ് ത്രിതല മൂല്യനിർണയത്തിലൂടെ സംസ്ഥാനതല വിജയികളെ കണ്ടെത്തുന്നത്. തെരഞ്ഞെടുത്ത ടീമുകൾക്ക് പ്രോജക്റ്റ് പൂർത്തിയാക്കാൻ മാർഗനിർദേശവും സാമ്പത്തികസഹായവും കെ-ഡിസ്ക് നൽകുന്നു.
വൈഐപി-ശാസ്ത്രപഥം എട്ടാം പതിപ്പിന്റെ രജിസ്ട്രേഷനും ആശയസമർപ്പണവും നടന്നുവരികയാണ്. സെപ്റ്റംബർ 14നു മുൻപായി yip.kerala.gov.in എന്ന വെബ്സൈറ്റിൽ ആശയങ്ങൾ സമർപ്പിക്കാം.
അക്കാദമിക ഗവേഷണ സ്ഥാപനങ്ങൾ, സർക്കാർ, ഇൻഡസ്ട്രി, പൊതുസമൂഹം എന്നിവയെ ബന്ധിപ്പിച്ചാണ് വൈഐപി പ്രവർത്തിക്കുന്നത്. വൈഐപിയിൽ രജിസ്റ്റർ ചെയ്തിട്ടുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നുള്ള വിദ്യാർഥികൾക്കാണ് വൈഐപി-ശാസ്ത്രപഥത്തിൽ പങ്കെടുക്കാൻ യോഗ്യതയുള്ളത്.