രാഹുലിനെതിരേ നിയമപരമായി പരാതിയില്ല, ചിലർ ധാർമികത പഠിപ്പിക്കുന്നു: ഷാഫി പറമ്പില്‍
Sunday, August 24, 2025 2:12 AM IST
കോഴിക്കോട്: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരേ യുവതികള്‍ ഉന്നയിച്ച ഗുരുതര ആരോപണങ്ങളില്‍ പ്രതികരണവുമായി കെപിസിസി ഉപാധ്യക്ഷന്‍ ഷാഫി പറമ്പില്‍ എംപി.
വിവാദങ്ങള്‍ ഉണ്ടാകുമ്പോള്‍ സിപിഎം ചെയ്യുന്നതുപോലെയല്ല കോണ്‍ഗ്രസ് ചെയ്തത്. രാഹുല്‍ മാങ്കൂട്ടത്തിലിനെ സംരക്ഷിക്കാനോ ന്യായീകരിക്കാനോ നിന്നിട്ടില്ല. കോടതി വിധിയോ എഫ്ഐആറോ പരാതിപ്പെടുകയോ ചെയ്യുന്നതിനു മുന്‍പേ രാഹുല്‍ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷപദവി രാജിവച്ചിട്ടുണ്ടെന്ന് ഷാഫി വടകരയില്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. ഇത് സിപിഎം നേതാവായിരുന്നു ചെയ്തിരുന്നതെങ്കില്‍ കണ്ടോ എഫ്ഐആറില്ലാത്ത രാജി എന്നു പറഞ്ഞ് ധാര്‍മികതയുടെ ക്ലാസെടുത്തേനെ.
രാഹുലിനെതിരേ ആരും തന്നോടു പരാതി പറഞ്ഞിട്ടില്ലെന്നു ഷാഫി വ്യക്തമാക്കി. ആരോപണത്തിനു പിന്നാലെ രാഹുല്‍ രാജിസന്നദ്ധത അറിയിച്ചിരുന്നു. നേതൃത്വം രാഹുലിന്റെ തീരുമാനം ശരിവച്ചു.
രാഹുലിന്റെ വിഷയത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ വരിനിന്ന് പ്രതികരിക്കണമെന്ന് നിര്‍ബന്ധമില്ല. കെപിസിസി അധ്യക്ഷന്‍ അടക്കമുള്ളവര്‍ പ്രതികരിച്ചിട്ടുണ്ട്. നേതാക്കള്‍ പറഞ്ഞതില്‍ കൂടുതല്‍ താന്‍ വിശദീകരിക്കേണ്ടതില്ല. സിപിഎമ്മുകാര്‍ക്കെതിരേ സമാന രീതിയില്‍ ആരോപണം ഉയര്‍ന്നപ്പോള്‍ മാധ്യമങ്ങള്‍ ചോദ്യങ്ങള്‍ ചോദിക്കാറില്ലെന്ന് ഷാഫി പറഞ്ഞു.
എല്‍ഡിഎഫിലെ ഒരു എംഎല്‍എയ്ക്കെതിരേ പോലീസ് കേസെടുത്ത് കുറ്റപത്രം സമര്‍പ്പിച്ചിട്ട് കുറ്റക്കാരനെന്ന് വിധിക്കുംവരെ തുടരട്ടെ എന്ന് തീരുമാനിച്ചവര്‍ക്ക് എങ്ങനെ കോണ്‍ഗ്രസ് എംഎല്‍എയുടെ രാജി ആവശ്യപ്പെടാന്‍ സാധിക്കും? പോക്സോ കേസ് പ്രതിയെ പാര്‍ലമെന്റ അംഗമാക്കിയ പാര്‍ട്ടിയായ ബിജെപിയുടെ പ്രവര്‍ത്തകര്‍ക്ക് എങ്ങനെയാണ് എംഎല്‍എയുടെ രാജി ആവശ്യപ്പെട്ട് സമരം നടത്താന്‍ സാധിക്കുക. സമരം ചെയ്യുന്ന ഡിവൈഎഫ്ഐ വടക്കോട്ടു പോയാല്‍ കണ്ണൂരില്‍ മുഖ്യമന്ത്രിയുടെ സ്റ്റാഫിലുള്ളവര്ക്കെതിരേ സമരം നടത്തേണ്ടിവരും. കോഴിക്കോട് ജില്ലയിലും ഡിവൈഎഫ്ഐക്ക് സമരം നടത്തേണ്ടി വരും.
ആരോപണം ഉയര്‍ന്നിട്ടും ഒരു മന്ത്രി മന്ത്രിസഭയില്‍ തുടരുകയാണ്. മുന്നണിയിലെ സഹപ്രവര്ത്തകക്കെതിരേ ക്രൂരമായി പെരുമാറിയെന്ന പരാതിയുള്ള ആളുകളെ സിപിഎം സംഘടനാ രംഗത്ത് മാറ്റിനിര്‍ത്തിയതായി കണ്ടില്ല. ആരോപണവിധേയരെ മാറ്റി നിര്‍ത്താത്തവര്‍ കോണ്‍ഗ്രസിനെ കുറ്റപ്പെടുത്തുകയാണ്.
എങ്ങോട്ടും ഒളിച്ചോടിയിട്ടില്ലെന്നും മുങ്ങിയെന്ന പരാമര്‍ശം തെറ്റാണെന്നും ഷാഫി പറമ്പില്‍ വ്യക്തമാക്കി. ബിഹാറില്‍ പോയത് പാര്‍ട്ടി ഉത്തരവാദിത്വത്തിന്റെ ഭാഗമായിട്ടാണെന്നും അദ്ദേഹം പറഞ്ഞു. ബിഹാറില്‍ കോണ്‍ഗ്രസ് നടത്തി വരുന്ന രാഷ്ട്രീയ പ്രവര്‍ത്തനങ്ങളുടെ ഗൗരവം അറിയാത്തവരല്ല കേരളത്തിലെ മാധ്യമങ്ങള്‍. ആ യാത്രയില്‍ ഭാഗമാകുക എന്നത് തന്റെ ഉത്തരവാദിത്വമാണ്.
ഡല്‍ഹിയില്‍നിന്ന് ബിഹാറിലേക്കു പോകാന്‍ എളുപ്പമായതിനാലാണ് പാര്‍ലമെന്റ് സമ്മേളനം കഴിഞ്ഞയുടന്‍ അങ്ങോട്ടു തിരിച്ചത്. അതിനെയാണ് മാധ്യമങ്ങള്‍ മുങ്ങി എന്ന് പ്രചരിപ്പിച്ചതെന്നും ഷാഫി കുറ്റപ്പെടുത്തി.