ബിജെപിക്കു ചെയ്യുന്ന ഓരോ വോട്ടും കേരളത്തിന്റെ തകര്‍ച്ചയ്ക്കു വഴിവയ്ക്കും: മുഖ്യമന്ത്രി
Sunday, August 24, 2025 2:11 AM IST
കൊച്ചി: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായ്ക്കും സംഘ്പരിവാറിനുമെതിരേ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്. നിയമസഭാ തെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം നേടുമെന്നും തദ്ദേശ തെരഞ്ഞെടുപ്പില്‍ 25 ശതമാനം വോട്ട് നേടുമെന്നുമുള്ള അമിത്ഷായുടെ വാക്കുകള്‍ കേരളസമൂഹം ഗൗരവമായി കാണണം.
സാഹോദര്യത്തോടെ കഴിയുന്ന നാടാണു കേരളം. ബിജെപി ഇവിടെ മേല്‍ക്കൈ നേടിയാല്‍ ഇതാകെ തകരുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കെഎസ്ഇബി ഓഫീസേഴ്സ് അസോസിയേഷന് 24-ാം സംസ്ഥാന സമ്മേളനം എറണാകുളം ടൗണ്‍ഹാളില്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
അടുക്കളയില്‍ പാഞ്ഞുകയറി അവിടെയെന്താണു പാചകം ചെയ്യുന്നതെന്നു പരിശോധിക്കാന്‍ സംഘപരിവാറിന് കേരളം അവസരം നല്‍കരുത്. ഭരണഘടനയെ തകര്‍ക്കുകയാണ് ആര്‍എസ്എസിന്റെ ലക്ഷ്യം. സ്വാതന്ത്ര്യത്തിനുവേണ്ടി പോരാടി ആരോഗ്യം കളയരുതെന്നു പറഞ്ഞയാളാണ് അവരുടെ നേതാവ് ഗോള്‍വാൾക്കര്‍. ബ്രിട്ടീഷുകാര്‍ക്കു മാപ്പെഴുതി കൊടുത്തു പാദസേവ ചെയ്യാമെന്നു പറയുന്ന സവര്‍ക്കറെ ഗാന്ധിജിക്കു മുകളില്‍ പ്രതിഷ്ഠിക്കാനാണു ശ്രമം.
ബിജെപി ഭരിക്കുന്ന സ്ഥലങ്ങളിലെല്ലാം ന്യൂനപക്ഷ വേട്ടയാണു നടക്കുന്നത്. ക്രൈസ്തവര്‍ക്കും മുസ്ലിംകള്ക്കുമെതിരായ അതിക്രമങ്ങളെ അവിടത്തെ ഭരണാധികാരികള്‍ പ്രോത്സാഹിപ്പിക്കുന്നു. ഇതിനു വിരുദ്ധമായി കേരളം നിലകൊള്ളുന്നതാണ് ബിജെപിയുടെയും സംഘപരിവാറിന്റെയും വിഷമത്തിനു കാരണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
അസോസിയേഷന് സംസ്ഥാന പ്രസിഡന്റ് കെ. ഇന്ദിര അധ്യക്ഷത വഹിച്ചു. മേയര്‍ എം. അനില്‍കുമാര്‍, മുന്‍ മന്ത്രി എസ്. ശര്‍മ, സുദീപ്ദത്ത, പി. ജയപ്രകാശന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.