അര്‍ജന്റൈന്‍ ദേശീയ ഫുട്ബോള്‍ ടീം നവംബറില്‍ കേരളത്തില്‍ എത്തും
Sunday, August 24, 2025 3:37 AM IST
ബുവാനോസ് ആരീസ്: കാത്തിരിപ്പുകള്‍ക്കും കളിയാക്കലുകള്‍ക്കും വിമര്‍ശനങ്ങള്‍ക്കും വിരാമമിട്ട് അര്‍ജന്റൈന്‍ നീലാകാശത്തുനിന്നൊരറിയിപ്പ് ഇറങ്ങി; ലിയോണല്‍ സ്കലോനിയുടെ ശിക്ഷണത്തിലുള്ള അര്‍ജന്റൈന്‍ ഫുട്ബോള്‍ ടീം നവംബറില്‍ കേരളത്തില്‍ കളിക്കും.
എതിരാളി ആരാണെന്ന് നിശ്ചയിച്ചിട്ടില്ല. പക്ഷേ, നവംബര്‍ 10നും 18നും ഇടയില്‍ അര്‍ജന്റൈന്‍ ടീം കേരളത്തില്‍ രാജ്യാന്തര സൗഹൃദ മത്സരത്തിന് എത്തും. ഇക്കാര്യം അറിയിച്ചത് അര്‍ജന്റൈന്‍ ഫുട്ബോള്‍ അസോസിയേഷന് (എഎഫ്എ).
മെസിക്കായുള്ള കാത്തിരിപ്പ്
ഒക്ടോബറില്‍ കേരളത്തില്‍ എത്താമെന്ന വാക്ക് പാലിക്കാന്‍ അര്‍ജന്റൈന്‍ ടീമിനു സാധിക്കില്ലെന്നും അടുത്ത വര്‍ഷത്തേക്കു മാറ്റിവയ്ക്കാന്‍ സ്പോണ്‍സര്‍ക്കു താത്പര്യമില്ലെന്നും കേരള കായികമന്ത്രി വി. അബ്ദുറഹിമാന് ഈ മാസം ആദ്യം അറിയിച്ചതോടെ ഇതിഹാസ താരം ലയണല്‍ മെസിക്കായുള്ള മലയാളക്കരയുടെ കാത്തിരിപ്പ് വിമര്‍ശനങ്ങള്‍ക്കും രാഷ് ട്രീയ യുദ്ധത്തിലേക്കും വഴിമാറിയിരുന്നു. മെസിയുടെ പേരില്‍ സര്‍ക്കാര്‍ പണം ചെലവഴിച്ചെന്നതുള്പ്പെടെയുള്ള വിമര്‍ശനങ്ങളാണ് ഉയര്‍ന്നത്.
എന്നാല്‍, എല്ലാത്തിനുമുള്ള ഉത്തരമായി എഎഫ്എയുടെ ഔദ്യോഗിക സ്ഥിരീകണമെത്തിയതോടെ മലയാളി ഫുട്ബോള്‍ പ്രേമികള്‍ വീണ്ടും ആവേശത്തിലായി. 2022 ഖത്തര്‍ ലോകകപ്പ് ജേതാക്കളായ, ലയണല്‍ മെസിയുടെ നേതൃത്വത്തിലുള്ള അര്‍ജന്റൈന്‍ ടീം കേരളത്തിലേക്ക് എത്തുമെന്ന ചരിത്ര മുഹൂര്‍ത്തത്തിനായുള്ള കാത്തിരിപ്പിലും ഒരുക്കത്തിലുമാണ് നിലവില്‍ മലയാളക്കര. ലോകകപ്പ് ട്രോഫിയുടെ അടക്കം പച്ചകുത്തിയ മെസിയുടെ കാല്‍പ്പാദം കേരളത്തില്‍ പതിയുന്ന സുവര്‍ണ നിമിഷത്തിനായാണ് ആരാധകരുടെ നിലവിലെ കാത്തിരിപ്പ്...
നവംബര്‍ 10നും 18നും ഇടയില്‍
അര്‍ജന്റൈന്‍ ഫുട്ബോള്‍ ടീമിന്റെ ഔദ്യോഗിക സോഷ്യല്‍ മീഡിയ, വെബ് സൈറ്റുകളിലൂടെയാണ് കേരളത്തില്‍ എത്തുന്ന കാര്യം എഎഫ്എ അറിയിച്ചത്. നവംബര്‍ 10നും 18നും ഇടയിലുള്ള രണ്ട് സൗഹൃദ മത്സരങ്ങളില്‍ ഒന്നിനായി ആണ് അര്‍ജന്റൈന്‍ ടീം കേരളത്തില്‍ എത്തുന്നതെന്നും എഎഫ്എയുടെ ഔദ്യോഗിക വെബ്സൈറ്റില്‍ സൂചിപ്പിച്ചു. ഫിഫ രാജ്യാന്തര സൗഹൃദ മത്സരങ്ങളുടെ നവംബര്‍ ഷെഡ്യൂളിലെ രണ്ട് മത്സരങ്ങളില്‍ ഒന്നാണ് കേരളത്തില്‍ നടക്കുക. നവംബറിലെ ആദ്യ മത്സരം അംഗോളയിലെ ലുവാണ്ടയിലായിരിക്കും. രണ്ടാം മത്സരം ഇന്ത്യയിലെ കേരളത്തില്‍ നടക്കുമെന്നും എഎഫ്എ അറിയിച്ചു.
സെപ്റ്റംബര്‍ 4, 9 തീയതികളില്‍ വെനസ്വേല, ഇക്വഡോര്‍ ടീമുകള്‍ക്ക് എതിരേ അര്‍ജന്റീനയ്ക്ക് 2026 ഫിഫ ലോകകപ്പ് യോഗ്യതാ മത്സരങ്ങളുണ്ട്. അതിനുശേഷം ഒക്ടോബര്‍ 6നും 11നും ഇടയില്‍ അമേരിക്കയില്‍ രണ്ട് സൗഹൃദ മത്സരങ്ങള്‍ കളിക്കും. ഈ സൗഹൃദ മത്സരങ്ങളില്‍ അര്‍ജന്റൈന്‍ ടീമിന്റെ എതിരാളികളെ നിശ്ചയിച്ചിട്ടില്ല.
കേരളത്തില്‍
ലയണല്‍ മെസിയും സംഘവും ഇന്ത്യയില്‍ ഒരു സൗഹൃദ മത്സരത്തിനായാണ് എത്തുന്നത്. ആ മത്സരം ആതിഥേയത്വം വഹിക്കാനുള്ള അവസരമാണ് കേരളത്തിനു ലഭിച്ചിരിക്കുന്നത്. അര്‍ജന്റൈന്‍ ടീമിന്റെ സൗഹൃദ മത്സരത്തിലെ എതിരാളി ആരായിരിക്കുമെന്നതിനെ കുറിച്ച് ഇതുവരെ തീരുമാനമായിട്ടില്ല. മൊറോക്കോ, കോസ്റ്റാറിക്ക, ഓസ്ട്രേലിയ, ജപ്പാന് തുടങ്ങിയ ടീമുകളുടെ പേരുകളാണ് നിലവില്‍ മുന്‍പന്തിയിലുള്ളത്.
കേരള സര്ക്കാരിനോടൊത്തുചേര്ന്ന് റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിംഗ് കമ്പനിയാണ് മെസിയെ കേരളത്തില്‍ എത്തിക്കുന്നത്. എഎഫ്എയുടെ ഔദ്യോഗിക സ്ഥിരീകരണം എത്തിയതിനു പിന്നാലെ കേരള കായിക മന്ത്രി വി. അബ്ദുറഹിമാനും ഇക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ സ്ഥിരീകരിച്ചു.
‘മെസി വരും ട്ടാ. നവംബര്‍ 2025 ഫിഫ ഇന്റര്‍നാഷണല്‍ വിന്‍ഡോയില്‍ സൗഹൃദ മത്സരത്തിനായി ലയണല്‍ മെസി അടങ്ങുന്ന ഖത്തര്‍ ലോകകപ്പ് നേടിയ അര്‍ജന്റീന ടീം കേരളത്തില്‍ എത്തുമെന്ന് ഔദ്യോഗിക സ്ഥിരീകരണം ഒഫീഷല്‍ മെയില്‍ വഴി ലഭിച്ചു’- മന്ത്രി സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.
വേദി കാര്യവട്ടം?
തിരുവനന്തപുരം കാര്യവട്ടം സ്റ്റേഡിയത്തില്‍ ആയിരിക്കും ലയണല്‍ മെസിയുടെ അര്‍ജന്റൈന്‍ ടീം സൗഹൃദ മത്സരത്തിന് ഇറങ്ങുക എന്നാണ് സൂചന. സുരക്ഷ, മൈതാനത്തിന്റെ നിലവാരം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ വിലയിരുത്താനായി എഎഫ്എ സംഘം വൈകാതെ തിരുവനന്തപുരത്ത് എത്തും. അര്‍ജന്റൈന്‍ ടീമിന്റെ കേരള സന്ദര്‍ശനത്തിനു മുമ്പായി ഇക്കാര്യങ്ങളില്‍ തീരുമാനം കൈക്കൊള്ളേണ്ടതുണ്ട്.
2011നുശേഷം ആദ്യമായാണ് ലയണല്‍ മെസി ഇന്ത്യയില്‍ സൗഹൃദ മത്സരത്തിന് എത്തുന്നത്. അന്ന് കോല്‍ക്കത്തയിലെ സാള്‍ട്ട് ലേക്ക് സ്റ്റേഡിയത്തില്‍ വെനസ്വേലയ്ക്കെതിരായ അര്‍ജന്റീനയുടെ സൗഹൃദ മത്സരത്തില്‍ മെസി കളിച്ചിരുന്നു. എന്നാല്‍, ഫിഫ ലോകകപ്പ് നേടിയ മെസിയും സംഘവുമാണ് കേരളത്തില്‍ എത്തുന്നതെന്നാണ് ഇത്തവണത്തെ ഏറ്റവും വലിയ പ്രത്യേകത.
മെസി നയിക്കുന്ന അര്‍ജന്റൈന്‍ ടീമിന്റെ കേരള സന്ദര്‍ശനത്തിനായി 130 കോടി രൂപ ഇതിനോടകം കൈമാറിയെന്ന് റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിംഗ് മാനേജിംഗ് ഡയറക്ടര്‍ ആന്റോ അഗസ്റ്റിന് നേരത്തേ വ്യക്തമാക്കിയിരുന്നു. മെസിയുടെയും സംഘത്തിന്റെയും വരവിനായി ഏകദേശം 400 കോടി രൂപ ചെലവ് വരുമെന്നാണ് കണക്ക്.
ഡിസംബര്‍ 12 മുതല്‍ 15വരെയായി ലയണല്‍ മെസി കോല്‍ക്കത്ത, അഹമ്മദാബാദ്, മുംബൈ, ഡല്‍ഹി എന്നിവിടങ്ങളില്‍ സ്വകാര്യ സന്ദര്‍ശനം നടത്തുന്നുണ്ട്. ‘ഗോട്ട് ടൂര്‍ ഓഫ് ഇന്ത്യ 2025’ എന്നാണ് ഈ സന്ദര്‍ശനത്തിനു പേരിട്ടിരിക്കുന്നത്.
മെസിയുടെ പ്രതിമയുടെ അനാച്ഛാദനം, ഗോട്ട് കണ്‍സേര്‍ട്ട്, ഗോട്ട് കപ്പ് തുടങ്ങിയ പരിപാടികളില്‍ മെസി പങ്കെടുക്കുമെന്നാണ് റിപ്പോര്‍ട്ട്. ഏതായാലും അതിനു മുമ്പ് മെസി കേരളത്തില്‍ കാലുകുത്തുമെന്നാണ് എഎഫ്എ നല്‍കിയിരിക്കുന്ന സ്ഥിരീകരണം.
മെസി വരുന്നു, കേരളത്തിലേക്ക്
ബുവാനോസ് ആരീസ്: കാത്തിരിപ്പിനൊടുവില്‍ മെസി വരുന്നു, കേരളത്തില്‍ പന്തു തട്ടാന്‍. ഫിഫയുടെ രാജ്യാന്തര സൗഹൃദമത്സരം കളിക്കാന്‍ അര്‍ജന്റൈൻ പുരുഷ ടീം കേരളത്തിൽ എത്തുമെന്ന് അർജന്റൈൻ ഫുട്ബോള്‍ അസോസിയേഷന് (എഎഫ്എ) അറിയിച്ചു.
നവംബര്‍ 10നും 18നും ഇടയിലുള്ള രണ്ട് സൗഹൃദമത്സരങ്ങളിൽ ഒന്നിനായാണ് അർജന്റൈൻ ടീം കേരളത്തില്‍ എത്തുക. അർജന്റീനയുടെ എതിരാളികളെ ഇതുവരെ തീരുമാനിച്ചിട്ടില്ല.
2011ല്‍ കോല്‍ക്കത്തയില്‍ വെനസ്വേലയുമായുള്ള സൗഹൃദമത്സരത്തില്‍ മെസി കളിച്ചിരുന്നു. ഇതിനുശേഷമുള്ള ആദ്യ ഇന്ത്യാ സന്ദര്‍ശനമാണിത്.