ഇരട്ട വെള്ളി
Friday, August 22, 2025 1:02 AM IST
ചെന്നൈ: 64-ാമത് നാഷണല്‍ ഇന്റര്‍ സ്റ്റേറ്റ് സീനിയര്‍ അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പിന്റെ രണ്ടാംദിനമായ ഇന്നലെ കേരളത്തിന് ഇരട്ട വെള്ളി. വനിതകളുടെ പോള്‍വോള്‍ട്ടില്‍ മരിയ ജയ്സണും 400 മീറ്റര്‍ ഓട്ടത്തില്‍ ബി.എ. അനഘയുമാണ് കേരള അക്കൗണ്ടില്‍ ഇന്നലെ വെള്ളി മെഡല്‍ എത്തിച്ചത്.
4.05 മീറ്റര്‍ ഉയരം ക്ലിയര്‍ ചെയ്ത് മരിയ ജയ്സണ്‍ വെള്ളി മെഡലില്‍ മുത്തംവച്ചു. മീറ്റ് റിക്കാര്‍ഡായ 4.10 മീറ്റര്‍ ക്ലിയര്‍ ചെയ്ത തമിഴ്നാടിന്റെ ബറാനിക്ക ഇളങ്കോവനാണ് സ്വര്‍ണം. തമിഴ്നാടിന്റെ സത്യ തമിഴരശനാണ് (4.00) വെങ്കലം. കേരളത്തിന്റെ ബ്ലെസിക്ക് (3.60) ഏഴാം സ്ഥാനത്തു ഫിനിഷ് ചെയ്യാനേ സാധിച്ചുള്ളൂ.
53.84 സെക്കന്‍ഡില്‍ 400 മീറ്റര്‍ ഫിനിഷ് ചെയ്താണ് അനഘ 400 മീറ്ററില്‍ വെള്ളി സ്വന്തമാക്കിയത്. ഗുജറാത്തിന്റെ ദേവ്യാനിഭ സലയ്ക്കാണ് (53.37) സ്വര്‍ണം. മറ്റൊരു കേരള താരമായ ഗൗരിനന്ദന (54.04) അഞ്ചാമതാണ് ഫിനിഷ് ചെയ്തത്.
അനസിന്റെ റിക്കാര്‍ഡ് തകര്‍ന്നു
പുരുഷ വിഭാഗം 400 മീറ്ററില്‍ തമിഴ്നാടിന്റെ ടി.കെ. വിശാല്‍ ദേശീയ റിക്കാര്‍ഡ് തിരുത്തി സ്വര്‍ണം സ്വന്തമാക്കി. 45.12 സെക്കന്‍ഡിലാണ് വിശാല്‍ ഫിനിഷിംഗ് ലൈന്‍ കടന്നത്. 2019ല്‍ കേരളത്തിന്റെ മുഹമ്മദ് അനസ് കുറിച്ച 45.21 സെക്കന്‍ഡ് ഇതോടെ പഴങ്കഥയായി. വി. മുഹമ്മദ് അജ്മലിന്റെ (45.51) മീറ്റ് റിക്കാര്‍ഡും ഇതോടെ തിരുത്തപ്പെട്ടു.
മീറ്റില്‍ ഇന്നലെ പിറന്ന രണ്ടാമത് റിക്കാര്‍ഡാണിത്. വനിതാ പോള്‍വോള്‍ട്ടില്‍ 2023ല്‍ പവിത്ര വെങ്കിടേഷ് കുറിച്ച 4.10 മീറ്റര്‍ എന്ന റിക്കാര്‍ഡിനൊപ്പം തമിഴ്നാടിന്റെ ബറാനിക്ക ഇളങ്കോവന് എത്തിയിരുന്നു.