അനന്തപുരിയില്‍ പാലക്കാട്
തോമസ് വര്‍ഗീസ്
Monday, August 18, 2025 1:25 AM IST
തിരുവനന്തപുരം: ട്രാക്കിലും ഫീല്‍ഡിലും മിന്നല്‍ പ്രകടനം നടത്തി പാലക്കാടന്‍ കുതിപ്പ് അനന്തപുരിയില്‍. സംസ്ഥാന ജൂണിയര്‍ അത്ലറ്റിക് മീറ്റിന്റെ ആദ്യ ദിനത്തെ ആധിപത്യം രണ്ടാം ദിനവും തുടര്‍ന്ന് പാലക്കാട് പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി. മീറ്റിന് ഒരു ദിനം മാത്രം ബാക്കിനില്‍ക്കേ 19 സ്വര്‍ണം, 13 വെള്ളി, 19 വെങ്കലം എന്നിവ ഉള്‍പ്പെടെ 357 പോയിന്റുമായാണ് പാലക്കാടിന്റെ തേരോട്ടം. രണ്ടാം സ്ഥാനത്തുള്ള മലപ്പുറത്തിന് 17 സ്വര്‍ണവും 1 6 വെള്ളിയും 14 വെങ്കലവും ഉള്‍പ്പെടെ 329.5 പോയിന്റുണ്ട്.
രണ്ടാം ദിനം 9 റിക്കാര്‍ഡ്
ഇന്നലെ ഒന്‍പത് മീറ്റ് റിക്കാര്‍ഡുകളാണ് പിറന്നത്. അഞ്ചെണ്ണം ആൺകുട്ടികളും നാലെണ്ണം പെൺകുട്ടികളും സ്വന്തമാക്കി. 14 വയസില്‍ താഴെയുള്ള പെൺകുട്ടികളുടെ 60 മീറ്ററില്‍ പാലക്കാടിന്റെ എസ്. ആന്വിസ് (8.01 സെക്കന്‍ഡ്), ഇതേ കാറ്റഗറി ട്രയാത്തലണ്‍ സിയില്‍ കോഴിക്കോടിന്റെ സൈന (2430 പോയിന്റ്), ട്രയാത്തലണ്‍ എ യില്‍ തിരുവനന്തപുരത്തിന്റെ ശ്രീ നന്ദന (2184 പോയിന്റ്), 16 വയസില്‍ താഴെയുള്ള പെണ്‍കുട്ടികളുടെ ലോംഗ് ജംപില്‍ ആലപ്പുഴയുടെ അനാമിക അജീഷ് (4.05 മീറ്റര്‍ ) എന്നിവര്‍ റിക്കാര്‍ഡ് ബുക്കില്‍ പേര് കുറിപ്പിച്ചു.
അണ്ടര്‍ 20 ആൺകുട്ടികളുടെ 4x400 റിലേയില്‍ 3:41.50 സെക്കന്‍ഡില്‍ ഓടിയെത്തി പാലക്കാട് റിക്കാര്‍ഡ് സ്വന്തമാക്കി. ഈ കാറ്റഗറിയില്‍ 400 മീറ്ററില്‍ തിരുവനന്തപുരത്തിന്റെ മുഹമ്മദ് അഷ്ഹ്വാക്ക് (47.34 സെക്കന്‍ഡ്), അണ്ടര്‍ 18 ഹെപ്റ്റാത്തലണില്‍ ആലപ്പുഴയുടെ അഭിനവ് ശ്രീറാം (4753 പോയിന്റ്), 80 മീറ്റര്‍ ഹര്‍ഡില്‍സില്‍ തിരുവനന്തപുരത്തിന്റെ ഗൗരേഷ് ബിനോയ് (10.89 സെക്കന്‍ഡ്), കിഡ്സ് ജാവലിന്‍ ത്രോയില്‍ തിരുവനന്തപുരത്തിന്റെ അജോ ജോസഫ് (36.53 മീറ്റര്‍) എന്നിവരും ഇന്നലെ റിക്കാര്‍ഡിന് അര്‍ഹരായി.