എഡിഎം നവീൻ ബാബുവിന്റെ മരണം: തുടരന്വേഷണ ഹർജിയിൽ വിധി 29ന്
Sunday, August 24, 2025 2:11 AM IST
കണ്ണൂർ: എഡിഎം നവീൻബാബുവിന്റെ മരണവുമായി ബന്ധപ്പെട്ടു ഭാര്യ മഞ്ജുള നല്കിയ തുടരന്വേഷണ ഹർജിയിൽ 29ന് കണ്ണൂർ മജിസ്ട്രേറ്റ് കോടതി വിധി പറയും.
കണ്ണൂർ ജുഡീഷൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണോ സെഷൻസ് കോടതിയാണോ കേസിൽ വാദം കേൾക്കേണ്ടത് എന്ന കാര്യത്തിലാണ് അന്നേദിവസം വിധി പറയുക.
പ്രതിയായ പി.പി. ദിവ്യയുടെയും കളക്ടറുടെയും രണ്ട് മൊബൈൽ നമ്പറുകളിൽ ഒന്നുമാത്രമാണ് ഹാജരാക്കിയതെന്നു വാദിഭാഗം അഭിഭാഷകൻ ജോൺ എസ്. റാൽഫ് ഇന്നലെ കോടതിയിൽ വാദിച്ചു.
ഇവരുടെ ഫോൺകോൾ രേഖകൾ കോടതിയിൽ ഹാജരാക്കിയിട്ടില്ലെന്നു പറഞ്ഞ അദ്ദേഹം പി.പി. ദിവ്യയുടെ ഭർത്താവിന്റെ ഫോൺ വിവരങ്ങൾ മാത്രമാണ് പോലീസ് സമർപ്പിച്ചതെന്നും പറഞ്ഞു.
പിന്നീട് കോടതിയിൽനിന്നു പുറത്തിറങ്ങിയ ശേഷം പോലീസ് അന്വേഷണം തൃപതികരമല്ലെന്നും ജോൺ എസ്. റാൽഫ് പറഞ്ഞു. കേസ് അനാവശ്യമായി നീട്ടിക്കൊണ്ടുപോകുന്നുവെന്നായിരുന്നു വാദത്തിനുശേഷം പുറത്തിറങ്ങിയ പി.പി. ദിവ്യയുടെ അഭിഭാഷകൻ കെ. വിശ്വന്റെ പ്രതികരണം.