സ്ത്രീകളുടെ തിരോധാനം; പുതിയ അന്വേഷണസംഘത്തിനു വൻ വെല്ലുവിളികൾ
Sunday, August 24, 2025 2:11 AM IST
ചേർത്തല: സ്ത്രീകളുടെ തിരോധാനകേസുമായി ബന്ധപ്പെട്ട് വാരനാട് സ്വദേശിനി ഐഷയെ കാണാതായ സംഭവത്തില്‍ അന്വേഷണത്തിനു നിയോഗിച്ച പുതിയ സംഘത്തിനു വന്‍ വെല്ലുവിളി. ചേര്‍ത്തല സിഐ ജി. അരുണിന്റെ നേതൃത്വത്തിലുള്ള ഒമ്പതംഗ ടീമിനെയാണ് അന്വേഷണം പുതുതായി ഏല്‍പ്പിച്ചിരിക്കുന്നത്.
കാണാതായ ഐഷ 2012ല്‍ത്തന്നെ കൊല്ലപ്പെട്ടിരിക്കാം എന്നാണു കരുതുന്നത്. ലോക്കല്‍ പോലീസ് ടീമിനു മുന്നോട്ടുള്ള പോക്ക് വളരെ ദുഷ്കരമാണ്. തെളിവുകളോ സാക്ഷികളോ ഇതുവരെ ലഭിച്ചിട്ടില്ല. ഐഷയുടെ തിരോധാനം സംബന്ധിച്ച് ഇരുട്ടില്‍ തപ്പുകയായിരുന്നു ഇതുവരെ അന്വേഷണസംഘം.
ഈ കേസില്‍ പ്രതിസ്ഥാനത്തുള്ളത് പള്ളിപ്പുറം സ്വദേശി സെബാസ്റ്റ്യനാണെന്നാണു പ്രാഥമിക അന്വഷണ സംഘത്തിന്റെ വിലയിരുത്തല്‍. കടക്കരപ്പള്ളി സ്വദേശിനി ബിന്ദു പത്മനാഭന്, ഏറ്റുമാനൂര്‍ സ്വദേശിനി ജെയ്നമ്മ എന്നിവരുടെ തിരോധാനവും സെബാസ്റ്റ്യനെ കേന്ദ്രീകരിച്ചാണ് അന്വേഷിക്കുന്നത്. ഈ രണ്ട് കേസുകളും അന്വേഷിക്കുന്നതു രണ്ട് ജില്ലകളിലെ ക്രൈംബ്രാഞ്ചാണ്. ഇതില്‍ ജയ്നമ്മ കൊല്ലപ്പെട്ടതാണെന്നു ക്രൈംബ്രാഞ്ച് കോട്ടയം യൂണിറ്റ് സ്ഥിരീകരിച്ചുകഴിഞ്ഞു.
പള്ളിപ്പുറത്ത് സെബാസ്റ്റ്യന്റെ വീട്ടില്‍നിന്നു കണ്ടെത്തിയ രക്തക്കറ ജെയ്നമ്മയുടെതാണെന്നു കണ്ടെത്തിയിരുന്നു. സെബാസ്റ്റ്യനാണ് ഈ കേസില്‍ ഒന്നാം പ്രതി. എന്നാല്‍, ഇയാളെ പ്രതിസ്ഥാനത്ത് ചേര്‍ക്കുമ്പോഴും കൃത്യമായ തെളിവുകള്‍ ലഭിക്കാത്തത് അന്വേഷണസംഘത്തിനു തലവേദനയായിരിക്കുകയാണ്.
നെടുമ്പ്രക്കാട് സ്വദേശിനിയും ഐഷയുടെ അയല്‍വാസിയുമായ റോസമ്മയും ഈ കേസില്‍ സംശയത്തിന്റെ നിഴലിലാണ്. റോസമ്മ പലതും മറയ്ക്കുന്നുവെന്ന് അന്വേഷണ സംഘത്തിന് ആദ്യം മുതലേ സംശയമുണ്ട്. ഇവരെ കണ്ട മാധ്യമപ്രവര്‍ത്തകരോടും പരസ്പര വിരുദ്ധമായാണ് റോസമ്മ മറുപടി പറഞ്ഞത്.
റോസമ്മയുടെ ജീവിതത്തെ ചൂഴ്ന്നു നില്ക്കുന്ന ദുരൂഹതകള്‍ക്ക് ഇതോടെ ശക്തിയേറിയിരിക്കുകയാണ്. ഐഷയ്ക്ക് എന്തു സംഭവിച്ചുവെന്നു കൃത്യമായി റോസമ്മയ്ക്ക് അറിയാമെന്ന് പോലീസിനു സംശയമുണ്ട്. സെബാസ്റ്റ്യന്‍ റോസമ്മയുടെ വീട്ടിലെ സ്ഥിരം സന്ദര്‍ശകനായിരുന്നെന്നും അവിടെ ഇടയ്ക്കു തങ്ങാറുമുണ്ടായിരുന്നുവെന്നും അയല്‍വാസികള്‍ അന്വേഷണ സംഘത്തോടു വെളിപ്പെടുത്തിയിരുന്നു.
അതേസമയം, ബിന്ദു പത്മനാഭന് കേസ് കൊലക്കേസ് ആയതോടെ അത് തെളിയിക്കേണ്ട ചുമതല സ്റ്റേറ്റ് ക്രൈം ബ്രാഞ്ചിന്റെ ചുമലില്‍ വന്നിരിക്കുകയാണ്. പല സംഘങ്ങള്‍ മാറിമാറി നടത്തിയ അന്വേഷണങ്ങള്‍ പെട്ടെന്നു നിലയ്ക്കുകയായിരുന്നു. കേസുമായി ബന്ധപ്പെട്ട് പണമിടപാടുകള്‍ നടന്നിട്ടുണ്ടെന്നാണ് ആക്ഷേപം.