കേരള വ്യോമയാന ഉച്ചകോടി സമാപിച്ചു
Monday, August 25, 2025 3:30 AM IST
കൊച്ചി: ടൂറിസം, വ്യോമയാന മേഖലകള്‍ സമന്വയിപ്പിച്ച് സുസ്ഥിര വളര്‍ച്ചയ്ക്കായി കേരളത്തെ വ്യോമയാന വ്യവസായത്തിലെ ആഗോള ഹബ്ബാക്കി മാറ്റണമെന്ന് ആഹ്വാനം ചെയ്തു കേരള വ്യോമയാന ഉച്ചകോടിക്ക് കൊച്ചിയില്‍ സമാപനം.
കേരളത്തെ മികച്ച ആഗോള ലക്ഷ്യസ്ഥാനമായി ഉയര്‍ത്താനുള്ള സുസ്ഥിര വികസനപാത രൂപപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ നടന്ന ദ്വിദിന ഉച്ചകോടിയില്‍ നയരൂപീകരണ വിദഗ്ധരും വ്യവസായപ്രമുഖരും പങ്കെടുത്തു. കേരളത്തെ ആഗോള ഹബ്ബാക്കുന്നതില്‍ സിയാലിനു നിര്‍ണായക സ്വാധീനം ചെലുത്താന്‍ കഴിയുമെന്ന് ഉച്ചകോടിയില്‍ പങ്കെടുത്തവര്‍ ചൂണ്ടിക്കാട്ടി.
വ്യോമയാനവും ടൂറിസവും ലോജിസ്റ്റിക്സും സംയോജിപ്പിച്ചുള്ള സുസ്ഥിര വളര്‍ച്ചയായിരുന്നു ഉച്ചകോടിയുടെ പ്രധാന വിഷയം. ഈ മേഖലകള്‍ ഒരുമിച്ചു പ്രവര്‍ത്തിച്ചാല്‍ സാമ്പത്തികവളര്‍ച്ച വര്‍ധിപ്പിക്കാനും സഞ്ചാരികളുടെ യാത്രാനുഭവം മെച്ചപ്പെടുത്താനും കൂടുതല്‍ അന്താരാഷ്ട്ര സഞ്ചാരികളെ ആകര്‍ഷിക്കാനും കഴിയുമെന്ന് വിദഗ്ധര്‍ പറയുന്നു.
വിമാനത്താവളങ്ങളുടെ അടിസ്ഥാനസൗകര്യങ്ങള്‍ മെച്ചപ്പെടുത്തുക, അന്താരാഷ്ട്ര വിമാനസര്‍വീസുകള്‍ വര്‍ധിപ്പിക്കുക, പ്രാദേശിക വ്യോമയാനം പ്രോത്സാഹിപ്പിക്കുക, സുസ്ഥിര വികസനം ഉറപ്പാക്കുക എന്നിങ്ങനെ ഭാവിയിലെ വ്യോമയാന വികസനത്തെ മുന്‍നിര്‍ത്തിയുള്ള ചര്‍ച്ചകള്‍ ഉച്ചകോടിയില്‍ നടന്നു.
സമാപന സമ്മേളനത്തില്‍ സിയാല്‍ എംഡി എസ്. സുഹാസ്, മേയര്‍ എം. അനില്‍കുമാര്‍, കെപിഎംജി മൊബിലിറ്റി ആന്‍ഡ് ലോജിസ്റ്റിക്സ് ഡയറക്ടര്‍ ധാവല്‍ റൗട്ട്, ഫിക്കി കേരള മേധാവി സാവിയോ മാത്യു, സിയാല്‍ എയര്‍പോര്‍ട്ട് ഡയറക്ടര്‍ ജി. മനു എന്നിവര്‍ പ്രസംഗിച്ചു.