തദ്ദേശ സ്ഥാപന അന്തിമ വോട്ടർ പട്ടിക വൈകിയേക്കും
Monday, August 25, 2025 2:43 AM IST
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടർപട്ടിക പ്രസിദ്ധീകരിക്കുന്നതു വൈകാൻ സാധ്യത. ഈ മാസം 30ന് അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിക്കാനാണ് സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷൻ തീരുമാനം. വോട്ടർ പട്ടികയിലുള്ളവരെ ഒഴിവാക്കാൻ സിപിഎം വ്യാപകമായി വ്യാജ അപേക്ഷ സമർപ്പിക്കുന്നെന്ന ആരോപണം ആർഎസ്പി സംസ്ഥാന സെക്രട്ടറി ഷിബു ബേബിജോണ്‍ തന്നെ ഉന്നയിച്ചിരുന്നു. ഇതിലെല്ലാം കമ്മീഷന് വ്യക്തത വരുത്തേണ്ടതുണ്ട്.
ഇതിനകം എല്ലാ നടപടിയും പൂർത്തിയാക്കാനാകുമോയെന്ന ആശങ്ക കഴിഞ്ഞ ദിവസം നടന്ന അവലോകന യോഗത്തിൽ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ പ്രകടിപ്പിച്ചിരുന്നു. പുതിയതായി പേരുചേർത്തവരുടെ എണ്ണം 20 ലക്ഷം കടന്നേക്കുമെന്നാണ് കമ്മീഷൻ കണക്കാക്കുന്നത്.
ഹിയറിംഗിനുള്ള സമയം 29 വരെയാക്കിയിരുന്നു.
30 വരെ തദ്ദേശസ്ഥാപനങ്ങൾ അവധിയില്ലാതെ പ്രവർത്തിക്കണമെന്നു നിർദേശമുണ്ടെങ്കിലും ഓണക്കാലത്ത് ജീവനക്കാരെ വല്ലാതെ ബുദ്ധിമുട്ടിക്കുന്നതിനോട് കമ്മീഷനും യോജിപ്പില്ലെന്നാണു വിവരം.