അയ്യന്‍കാളി സാമൂഹിക ഗവേഷണകേന്ദ്രം ആരംഭിക്കണം: ജോസ് കെ. മാണി
Monday, August 25, 2025 2:43 AM IST
കോട്ടയം: നവകേരള വികസന മാതൃകയുടെ ഭാഗമായി അയ്യങ്കാളിയുടെ പേരില്‍ സോഷ്യല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ആരംഭിക്കണമെന്ന് കേരള കോണ്‍ഗ്രസ് -എം ചെയര്മാന് ജോസ് കെ. മാണി എംപി ആവശ്യപ്പെട്ടു.
ദളിത് ഫ്രണ്ട് എം സംസ്ഥാന പ്രതിനിധി സമ്മേളനം കോട്ടയത്ത് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. അയ്യന്‍കാളിയുടെ പേരില്‍ ഇത്തരമൊരു ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിക്കുന്നതിലൂടെ ദളിത് മുന്നേറ്റവഴികളില്‍ കേരളം ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങള്‍ക്ക് മാതൃകയായി തീരുമെന്നും ജോസ് കെ. മാണി ചൂണ്ടിക്കാട്ടി.
സംസ്ഥാന പ്രസിഡന്റ് ഉഷാലയം ശിവരാജന് അധ്യക്ഷത വഹിച്ചു.മന്ത്രി റോഷി അഗസ്റ്റിന് മുഖ്യപ്രഭാഷണം നടത്തി. ചീഫ് വിപ്പ് ഡോ.എന്‍. ജയരാജ്, തോമസ് ചാഴികാടന്, ഡോ. സ്റ്റീഫന്‍ ജോര്‍ജ്, എംഎല്‍എമാരായ ജോബ് മൈക്കിള്‍, സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍, ബേബി ഉഴുത്തുവാല്‍, ടോം ജോസ്, ടോമി കെ. തോമസ്, വിജി എം. തോമസ് എന്നിവര്‍ പ്രസംഗിച്ചു.