സര്‍ക്കാരുകള്‍ക്ക് ഭരണഘടന മാറ്റിയെഴുതാമെന്ന സ്ഥിതി ആപത്കരം: കാതോലിക്കാബാവ
Monday, August 25, 2025 2:43 AM IST
കൊച്ചി: ഭൂരിപക്ഷ സര്‍ക്കാരുകള്‍ക്ക് ഭരണഘടനയെത്തന്നെ മാറ്റിയെഴുതാമെന്ന സ്ഥിതി ആപത്കരമാണെന്ന് മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭാധ്യക്ഷന് ബസേലിയോസ് മാര്‍ത്തോമ്മ മാത്യൂസ് തൃതീയന്‍ കാതോലിക്കാബാവ. മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭാംഗങ്ങളായ നിയമവിദഗ്ധര്‍ പങ്കെടുത്ത ജൂറിസ്റ്റ്കോണ് 2025 പാലാരിവട്ടം സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് പള്ളിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഭരണഘടനയുടെ ആമുഖത്തില്‍നിന്ന് മതേരത്വവും സോഷ്യലിസവും എടുത്തുകളയണമെന്ന് മുറവിളി ഉയരുന്ന കാലത്ത് ഭരണഘടനയുടെ സംരക്ഷകരാകാനുള്ള ഉത്തരവാദിത്വം ഓരോ പൗരനുമുണ്ട്. നികുതി നല്‍കുക, വോട്ട് നല്‍കുക എന്നതു മാത്രമല്ല തിരുത്തല്ശക്തിയാകാനും പൗരസമൂഹത്തിനു കഴിയണം.
രാഷ്ട്രനിര്‍മാണത്തില്‍ ശ്രദ്ധേയമായ പങ്കു വഹിക്കുന്ന ന്യൂനപക്ഷങ്ങളെ ആക്രമിക്കുന്ന പ്രവണത ഭൂഷണമല്ല. സംവരണവും സംരക്ഷണവും ഇല്ലാതാക്കുന്ന സ്ഥിതി ആശങ്കാജനകമാണെന്നും കാതോലിക്കാബാവ കൂട്ടിച്ചേര്‍ത്തു. ഇന്ത്യന്‍ ഭരണഘടനയും ന്യൂനപക്ഷ അവകാശങ്ങളും എന്ന വിഷയത്തില്‍ ഹൈക്കോടതി മുന്‍ ജസ്റ്റീസ് കെ. സുരേന്ദ്രമോഹന്‍ മുഖ്യപ്രഭാഷണം നടത്തി.
അഭിഭാഷകരായ അലക്സാണ്ടര്‍ ജോര്‍ജ്, എം. സോണിയ എന്നിവര്‍ ചര്‍ച്ചകള്‍ക്കു നേതൃത്വം നല്കി. യൂഹാനോന്‍ മാര്‍ പോളിക്കാര്‍പ്പോസ് മെത്രാപ്പോലീത്ത അധ്യക്ഷത വഹിച്ചു. റോണി വര്‍ഗീസ് ഏബ്രഹാം, അഡ്വ. തോമസ് പോള്‍ റമ്പാന്, ഫാ. ജേക്കബ് കുര്യന്, ഫാ. സൈമണ്‍ ജോസഫ്, ഫാ. റ്റിജു കെ.ഡാനിയേല്‍ എന്നിവര്‍ പ്രസംഗിച്ചു.