അധ്യാപക നിയമനം സര്‍ക്കാര്‍ കാട്ടുന്നത് കടുത്ത അനാസ്ഥയെന്ന് ഫ്രാന്‍സിസ് ജോര്‍ജ് എംപി
Monday, August 25, 2025 3:30 AM IST
കോട്ടയം: ഭിന്നശേഷി സംവരണവുമായി ബന്ധപ്പെട്ട് ക്രിസ്ത്യന്‍ മാനേജ്മെന്റ് സ്കൂളുകളോട് സര്‍ക്കാര്‍ കടുത്ത അനാസ്ഥ കാട്ടുന്നതായി കേരളാ കോണ്‍ഗ്രസ് ഡെപ്യൂട്ടി ചെയര്മാന് ഫ്രാന്‍സിസ് ജോര്‍ജ് എംപി പറഞ്ഞു.
ആയിരക്കണക്കിന് അധ്യാപക- അനധ്യാപകര്‍ ശമ്പളം ഇല്ലാതെ ജോലി ചെയ്യാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി. ഇതു സംബന്ധിച്ചുള്ള സുപ്രീംകോടതി വിധി എല്ലാവര്ക്കും ബാധകമാണെന്നിരിക്കേ അതിനനുസരിച്ച് പ്രവര്‍ത്തിക്കാന്‍ സര്‍ക്കാര്‍ തയാറാകുന്നില്ല. ഇത് ഇരട്ടത്താപ്പും നീതിനിഷേധവും ആണന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഭിന്നശേഷിക്കാരുടെ ഒരു ആനുകൂല്യവും കൈയടക്കാന്‍ മാനേജ്മെന്റുകള്‍ ശ്രമിക്കുന്നില്ല.
സര്‍ക്കാരാണ് ഈ പേരു പറഞ്ഞ് പാവപ്പെട്ട അധ്യാപക, അനധ്യാപകരുടെ നിയമനങ്ങള്‍ അംഗീകരിക്കാത്തതെന്നും ഫ്രാന്‍സിസ് ജോര്‍ജ് പറഞ്ഞു. ഈ പ്രശ്നത്തിനു പരിഹാരം കാണുവാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് അദേഹം ആവശ്യപ്പെട്ടു. നീതിക്കു വേണ്ടി അധ്യാപകര്‍ നടത്തുന്ന സമരത്തിന് എല്ലാ പിന്തുണയും നല്‍കുമെന്നും ഫ്രാന്‍സിസ് ജോര്‍ജ് പറഞ്ഞു.