എഐജിക്കെതിരായ വനിതാ എസ്ഐമാരുടെ പരാതി മെറിൻ ജോസഫ് അന്വേഷിക്കും
സ്വന്തം ലേഖകൻ
Monday, August 25, 2025 3:36 AM IST
തിരുവനന്തപുരം: പോലീസ് ആസ്ഥാനത്തെ ക്രമസമാധാന വിഭാഗം എഐജി വി.ജി. വിനോദ് കുമാറിനെതിരേ ഉയർന്ന വനിതാ എസ്ഐമാരുടെ പരാതി ആഭ്യന്തര പരാതിപരിഹാര സമിതി അന്വേഷിക്കും. എഐജി മെറിൻ ജോസഫിനെ ഇതു സംബന്ധിച്ച് വിശദമായി അന്വേഷിച്ചു റിപ്പോർട്ട് നൽകാൻ സംസ്ഥാന പോലീസ് മേധാവി ചുമതലപ്പെടുത്തി.
വനിതാ പോലീസ് ഉദ്യോഗസ്ഥർക്കു ചില സന്ദേശങ്ങൾ അയച്ചെന്നായിരുന്നു എഐജിക്കെതിരേ പരാതി ഉയർന്നത്. പരാതിയിൽ പ്രാഥമികാന്വേഷണം നടത്തിയ ഡിഐജി അജിതാ ബീഗം വിശദ അന്വേഷണത്തിനായി പോലീസ് ആസ്ഥാനത്തെ ആഭ്യന്തര പരാതിപരിഹാര സമിതിക്ക് കൈമാറി. തുടർന്നാണ് സംസ്ഥാന പോലീസ് മേധാവി റവാഡ ചന്ദ്രശേഖർ ആഭ്യന്തര പരാതിപരിഹാര സമിതിയിലെ എഐജി മെറിൻ ജോസഫിനെ അന്വേഷണച്ചുമതല ഏൽപ്പിച്ചത്.
പരാതിക്കു പിന്നിൽ ഗൂഢാലോചനയുണ്ടെന്നും അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് വിനോദ് കുമാറും പോലീസ് മേധാവിക്ക് പരാതി നൽകി. പത്തനംതിട്ട ജില്ലാ പോലീസ് മേധാവിയായിരുന്ന വിനോദ്കുമാറിനെ കുറച്ചു നാൾ മുൻപാണ് പോലീസ് ആസ്ഥാനത്തേക്കു മാറ്റിയത്. അന്നും ഇദ്ദേഹത്തിനെതിരേ ചില ആരോപണങ്ങൾ ഉയർന്നിരുന്നു.