അണയാത്ത സമരജ്വാലകൾ
Monday, August 25, 2025 3:36 AM IST
ആശയറ്റ ആശമാര്‍ തെരുവില്‍ 198-ാം ദിവസം
സംസ്ഥാനത്ത് ദീര്‍ഘ കാലമായി തുടരുന്ന സമരങ്ങളില്‍ പ്രധാനമാണ് കേരള ആശ ഹെല്‍ത്ത് വര്‍ക്കേഴ്സ് അസോസിയേഷന് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ സെക്രട്ടേറിയറ്റിനു മുന്നില്‍ നടത്തുന്ന രാപകല്‍ സമരം.
സര്‍ക്കാര്‍ ഇതുവരെ സമരക്കാര്‍ക്ക് അനുകൂല നിലപാട് സ്വീകരിച്ചില്ലെങ്കിലും സമരത്തിന്റെ ന്യായയുക്തത കേരള സമൂഹം മനസിലാക്കുകയും ആശമാര്‍ക്ക് അനുകൂലമായ നിലപാട് സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്. ജീവിക്കാന്‍ ആവശ്യമായ ഒരു വേതനം ലഭിച്ചശേഷം തിരികെ പോയാല്‍ മതിയെന്ന നിലപാടില്‍ പൊതുസമൂഹം ആശമാര്ക്കൊപ്പമുണ്ട്.
എല്‍ഡിഎഫ് അധികാരത്തില്‍ വന്നാല്‍ ആശ വര്‍ക്കര്‍മാരുടെ ദിവസക്കൂലി 700 രൂപയാക്കി ഉയര്‍ത്തുമെന്നും പ്രതിമാസം 21,000 രൂപ നല്‍കുമെന്നുമായിരുന്നു തെരഞ്ഞെടുപ്പ് പ്രകടനപത്രികയില്‍ പറഞ്ഞിരുന്നത്. ഇതിന്റെ പശ്ചാത്തലത്തിലായിരുന്നു സമരത്തിന്റെ തുടക്കം.
കഴിഞ്ഞ ഫെബ്രുവരി ഏഴിന് പ്രഖ്യാപിച്ച സംസ്ഥാന ബജറ്റില്‍ ഓണറേറിയം വര്‍ധിപ്പിക്കുമെന്നു പ്രതീക്ഷിച്ചെങ്കിലും ലഭിച്ചില്ല. അതോടെയാണ് ഫെബ്രുവരി പത്തിന് ആശമാര്‍ സമരവുമായി രംഗത്തെത്തിയത്.
മുന്നൂറു നാൾ പിന്നിട്ട് മുനന്പം സമരം മുന്നോട്ട്
ജനിച്ചുവളർന്ന സ്വന്തം മണ്ണിൽ നിങ്ങൾക്കിനി അവകാശമില്ലെന്നു പെട്ടെന്നൊരുനാൾ കേൾക്കേണ്ടിവന്നൊരു ജനത....! തങ്ങളുടെ വീടുകൾ ഉൾപ്പെടുന്ന ഭൂമിയുടെ റവന്യൂ അവകാശങ്ങൾ പുനഃസ്ഥാപിക്കണമെന്ന ആവശ്യവുമായി അവർ നിയമ, സമര പോരാട്ടത്തിനിറങ്ങി. ഈ സമരം ഒരു വർഷത്തിലേക്കടുക്കുകയാണ്. എറണാകുളം ജില്ലയുടെ പടിഞ്ഞാറൻ തീരപ്രദേശമായ മുനന്പത്തെ 610 കുടുംബങ്ങളാണ് റിലേ നിരാഹാര സമരം നടത്തുന്നത്.
പള്ളിപ്പുറം ഗ്രാമപഞ്ചായത്തിലെ ഒന്ന്, 23 വാർഡുകളിലുൾപ്പെട്ട (പള്ളിപ്പുറം, കഴുപ്പിള്ളി വില്ലേജുകൾ) ഭൂമി വഖഫാണെന്ന ഒരു വിഭാഗത്തിന്റെ അവകാശവാദമാണ് പ്രതിസന്ധിക്കു തുടക്കമിട്ടത്. വഖഫ് അവകാശവാദം ഉന്നയിച്ചതോടെ തങ്ങളുടെ ഭൂമിക്ക് നികുതിയടയ്ക്കാനോ ഭൂമി കൈമാറ്റം ചെയ്യാനോ സാധിക്കാത്ത സ്ഥിതി തുടരുന്നു. 610 കുടുംബങ്ങൾ താമസിക്കുന്ന വീടുകൾക്കു പുറമേ, വിവിധ സ്ഥാപനങ്ങളും ഇതിലുണ്ട്. ഫാറൂഖ് കോളജ് അധികൃതരിൽ നിന്നു തങ്ങൾ വില കൊടുത്തു വാങ്ങിയ ഭൂമിയാണിതെന്നും ഇതു വഖഫല്ലെന്നും മുനന്പം നിവാസികൾ ചൂണ്ടിക്കാട്ടുന്നു.
തങ്ങളുടെ ഭൂമിയുടെ റവന്യൂ അവകാശങ്ങൾ പുനസ്ഥാപിക്കണമെന്നാവശ്യപ്പെട്ടു മുനന്പം ഭൂസംരക്ഷണ സമിതിയുടെ നേതൃത്വത്തിലാണ് 2024 ഒക്ടോബർ 13 മുതൽ മുനന്പം കടപ്പുറം വേളാങ്കണ്ണിമാതാ പള്ളിയങ്കണത്തിൽ പന്തൽ കെട്ടി സമരം നടത്തുന്നത്. ഇന്നലെ സമരം 316 ദിവസം പിന്നിട്ടു. സ്ത്രീകളുൾപ്പടെ ദിവസവും 20-30 പേർ ഇവിടെ സമരപ്പന്തലിലുണ്ട്.
സമരം 330 ദിവസമെത്തുന്പോൾ മൂന്നാംഘട്ടത്തിലേക്കു കടക്കുമെന്ന് മുനന്പം ഭൂസംരക്ഷണ സമിതി കൺവീനർ ജോസഫ് ബെന്നി കുറുപ്പശേരി അഭിപ്രാ യപ്പെട്ടു.
മുല്ലപ്പെരിയാറിൽ തുരങ്കത്തിനായി സമരം
മുല്ലപ്പെരിയാർ അണക്കെട്ടിന്റെ തേക്കടി സംഭരണിയിൽ 50 അടി ഉയരത്തിൽ പുതിയ തുരങ്കം നിർമിക്കണമെന്ന ആവശ്യവുമായി മുല്ലപ്പെരിയാർ ടണൽ സമര സമിതി നടത്തുന്ന റിലേ ഉപവാസ സമരം 325 ദിവസം പിന്നിട്ടു. തുരങ്കം നിർമിക്കണമെന്ന 2014 മേയ് ഏഴിലെ സുപ്രീംകോടതി ഉത്തരവ് നടപ്പാക്കണമെന്നാണു സമരക്കാരുടെ പ്രധാന ആവശ്യം.
1886ലെ തമിഴ്നാടുമായുള്ള പാട്ടക്കരാർ റദ്ദാക്കുക, ഭാവിതലമുറയ്ക്ക് ഭീഷണിയാവുന്ന പുതിയ ഡാം വേണ്ട എന്നീ ആവശ്യങ്ങളും സമരക്കാർ ഉന്നയിക്കുന്നു.
എറണാകുളം വൈപ്പിൻകരയിലെ മാലിപ്പുറം സ്വാതന്ത്ര്യമൈതാനമാണു സമരവേദി. 2024 ഒക്ടോബർ രണ്ടിന് തുടങ്ങിയ സമരത്തിനു പിന്തുണയുമായി രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക നേതാക്കൾ എത്തുന്നുണ്ട്.
മുല്ലപ്പെരിയാറിൽ പുതിയ ഡാം വേണ്ടെന്ന് സമരസമിതി പറയുന്നു. പഴയ ഡാമിന് 366 മീറ്റർ താഴെ നിർമിക്കണമെന്ന ആവശ്യമുയരുന്ന പുതിയ ഡാം പൂർത്തിയാക്കാൻ എട്ടു വർഷം വേണം. ഇതിന്റെ നിർമാണ പ്രവൃത്തികൾ ദുർബലമായ പഴയ ഡാമിനെ ഏതു സമയത്തും അപകടത്തിലാക്കാം. പുതിയ ഡാം പഴയതിനേക്കാൾ 60 അടി ഉയരം കൂടുതൽ ഉള്ളതും 600 അടി നീളം കൂടുതൽ ഉള്ളതുമാകും. പഴയ ഡാമിൽ ഉൾക്കൊള്ളുന്നതിനേക്കാൾ ഇരട്ടിയോടടുത്ത് വെള്ളം സംഭരിക്കുന്ന പുതിയ ഡാം 60-70 വർഷങ്ങൾ കഴിയുമ്പോൾ വലിയ അപകടം വിളിച്ചുവരുത്തുമെന്നും ടണൽ സമര സമിതി ചൂണ്ടിക്കാട്ടുന്നു.
ടണൽ എങ്ങനെ?
129 വർഷം മുമ്പ് ജോൺ പെന്നി ക്വിക്ക് സ്ഥാപിച്ച 106 അടിയിലെ ടണൽ നിലവിലുണ്ട്. ഇതു കൂടാതെ താഴെനിന്ന് 50 അടിയിൽ മറ്റൊരു ടണൽ കൂടി സ്ഥാപിക്കണമെന്ന് സമര സമിതി പ്രസിഡന്റ് രമേഷ് രവി ചൂണ്ടിക്കാട്ടുന്നു. ഇതിലൂടെ 50 മുതൽ 106 വരെയുള്ള 56 അടി ജലം തമിഴ്നാട്ടിലേക്ക് കൂടുതലായി ഒഴുക്കാനാകും. ഇതു ഡാമിലെ ജലത്തിന്റെ പകുതിയിലധികം ജലം (എകദേശം 70 ശതമാനം) കുറയ്ക്കും. കേരളത്തിലെ ആറു ജില്ലകളിലെ ജനങ്ങളുടെ ജീവനുള്ള ഭീഷണി ഇല്ലാതാവും.
കണ്ണീർക്കാഴ്ചയായ എൻഡോസൾഫാൻ ദുരിതബാധിതർ
കേരളം കണ്ട ജനകീയ സമരങ്ങളിൽ ഏറ്റവും സങ്കടകരമായതാണ് കാസർഗോട്ടെ എൻഡോൾഫാൻ ദുരിതബാധിതരുടെ സമരം. 1998 കാസർഗോഡ് ജില്ലയിൽ പ്ലാന്റേഷൻ കോർപറേഷനു കീഴിലുള്ള കശുമാവിൻതോട്ടങ്ങളിൽ എൻഡോസൾഫാൻ കീടനാശിനി ആകാശമാർഗം തളിക്കുന്നത് വ്യാപകമായ പ്രാദേശിക എതിർപ്പുകളെ തുടർന്ന് നിർത്തിവച്ചു. 2001ൽ സംസ്ഥാന സർക്കാർ എൻഡോസൾഫാൻ നിരോധിച്ചു. 2006ൽ എൻഡോസൾഫാൻ ദുരിതബാധിതരായി മരിച്ച 135 പേരുടെ ആശ്രിതർക്ക് സംസ്ഥാന സർക്കാർ 50,000 രൂപ വീതം ധനസഹായം അനുവദിച്ചു.
2017ൽ എൻഡോസൾഫാൻ ഇരകൾക്ക് അഞ്ച് ലക്ഷം രൂപ വീതം നഷ്ടപരിഹാരവും മതിയായ വൈദ്യസഹായവും നൽകണമെന്ന് സുപ്രീംകോടതി ഇടക്കാല ഉത്തരവിട്ടു. 2022ൽ ഇക്കാര്യത്തിൽ അന്തിമവിധി വന്നിട്ടും നഷ്ടപരിഹാര വിതരണം പൂർത്തിയായിട്ടില്ല.
ഇപ്പോഴത്തെ ആവശ്യങ്ങൾ
1. ദുരിതബാധിതർക്ക് നഷ്ടപരിഹാരവും മുടക്കമില്ലാതെ പെൻഷനും സൗജന്യചികിത്സയും ലഭ്യമാക്കുക.
2. അപേക്ഷ നൽകി വർഷങ്ങളായി കാത്തിരിക്കുന്ന നൂറുകണക്കിനാളുകളെ ദുരിതബാധിതരുടെ പട്ടികയിൽ ഉൾപ്പെടുത്തുക.
3. കാസർഗോഡ് ജില്ലയിൽ സൂപ്പർ സ്പെഷാലിറ്റി ചികിത്സാസൗകര്യങ്ങളോടുകൂടിയ ഒരു സർക്കാർ മെഡിക്കൽ കോളജ് അനുവദിക്കുക.
വീടിനും കൃഷിഭൂമിക്കും കാത്തിരിപ്പ് ഒമ്പതര വർഷം പിന്നിട്ടു
വീടിനും കൃഷിഭൂമിക്കുമായി പാലക്കാട് മംഗലംഡാം കടപ്പാറ മൂർത്തിക്കുന്നിൽ ആദിവാസികൾ തുടരുന്ന ഭൂസമരം ഒമ്പതര വർഷം പിന്നിട്ടു. 2016 ജനുവരി 15നാണ് മൂർത്തിക്കുന്നിലെ 14.67 ഏക്കർ വനഭൂമി കൈയേറി കുടിലുകളും സമരപ്പന്തലുകളും കെട്ടി സമരം ആരംഭിച്ചത്. കൈയേറിയ ഭൂമി, സമരത്തിലുണ്ടായിരുന്ന 22 കുടുംബങ്ങൾക്കുതന്നെ പതിച്ചുനൽകാൻ 2017 ജൂലൈ 15ന് അന്നത്തെ ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ നടന്ന ബന്ധപ്പെട്ട അധികാരികളുടെ യോഗം തീരുമാനമെടുത്തു.
കൈയേറി കൃഷിയിറക്കിയ വനഭൂമി റവന്യു ഭൂമിയാക്കി വിതരണം ചെയ്യാനായിരുന്നു തീരുമാനം. ഇതുമൂലം നഷ്ടപ്പെടുന്ന വനഭൂമിക്കു പകരം അട്ടപ്പാടി അഗളി മേഖലയിൽ മിച്ചഭൂമിയായി കിടക്കുന്ന റവന്യു വകുപ്പിന്റെ 29 ഏക്കർ ഭൂമി വനംവകുപ്പിനു കൈമാറാനും തീരുമാനമെടുത്തു. എന്നാൽ, ഇത്തരത്തിൽ വകുപ്പുകൾ തമ്മിൽ ഭൂമി കൈമാറുന്നതിനു സാങ്കേതികതടസമുണ്ടെന്നു ചൂണ്ടിക്കാട്ടി തീരുമാനങ്ങൾ മരവിപ്പിക്കുകയായിരുന്നു.
ഇതിനിടെ സമരത്തിലുള്ള ആദിവാസികളെ മൂർത്തിക്കുന്നിൽനിന്നു 30 കിലോമീറ്റർ ദൂരെമാറി മേലാർകോട് പഞ്ചായത്തിലെ പഴുതറ കല്ലങ്കാട് സ്ഥലം കണ്ടെത്തി അവിടേക്കു പുനരധിവസിപ്പിക്കാൻ പട്ടികവർഗ വികസനവകുപ്പിന്റെ നേതൃത്വത്തിൽ നീക്കം നടന്നു. എന്നാൽ വനപ്രദേശത്തുനിന്നും ഇത്രയും ദൂരത്തേക്കു താമസം മാറി പോകാൻ സമരത്തിലുണ്ടായിരുന്ന മുഴുവൻ കുടുംബങ്ങളും തയാറായില്ല. സമരഭൂമിയിൽതന്നെ 11 കുടുംബങ്ങൾ തുടർന്നു. ഈ കുടംബങ്ങളാണ് മൂപ്പൻ വാസുവിന്റെ നേതൃത്വത്തിൽ ഭൂസമരം മുന്നോട്ടു കൊണ്ടുപോകുന്നത്.
നിലവിൽ മൂർത്തിക്കുന്നിലെ 40 സെന്റ് വരുന്ന പാറപ്പുറത്താണ് ഈ കുടുംബങ്ങളെല്ലാം കഴിയുന്നത്. നൂറ്റമ്പതോളം വരുന്ന ഉന്നതിയിലെ സ്ത്രീകളും പെൺകുട്ടികളുമുൾപ്പെടെയുള്ളവർ പ്രാഥമികാവശ്യങ്ങൾ നിറവേറ്റുന്നതു പൊന്തക്കാട്ടിലും സമീപത്തെ പുഴയോരത്തുമാണ്.
പെരുമ്പെട്ടി, പൊന്തന്‍പുഴ പട്ടയം: സമരപ്പന്തലിൽ എട്ടാം വര്‍ഷം
പത്തനംതിട്ട ജില്ലയിലെ പെരുമ്പെട്ടി കോട്ടയം ജില്ലയിലെ മണിമല വില്ലേജുകളിലെ 1180 കര്‍ഷക കുടുംബങ്ങളുടെ പട്ടയാവകാശം നേടുന്നതിനു 2018ല്‍ ആരംഭിച്ച പൊന്തന്‍പുഴ സമരം ഇന്നിപ്പോള്‍ എട്ടാം വര്‍ഷത്തിലാണ്. ആലപ്ര-വലിയകാവ് വനങ്ങള്‍ സംരക്ഷിച്ചുകൊണ്ട് അതിനു പുറത്തു വസിക്കുന്ന കര്‍ഷകര്‍ക്ക് പട്ടയം അനുവദിക്കണം എന്ന ആവശ്യമാണ് കര്‍ഷകര്‍ ഉയര്‍ത്തുന്നത്. വനസംരക്ഷണത്തെയും ഭൂമിക്കായുള്ള ആവശ്യത്തെയും ബന്ധിപ്പിച്ചുകൊണ്ട് നടക്കുന്ന കേരളത്തിലെ ആദ്യത്തെ ജനകീയ പ്രക്ഷോഭമെന്നതാണ് പൊന്തന്‍പുഴ സമരത്തിന്റെ സവിശേഷത.
പതിറ്റാണ്ടുകളായി തങ്ങള്‍ കഴിഞ്ഞുവരുന്ന ഭൂമിക്കു പട്ടയം വേണമെന്ന ആവശ്യം പരിഗണിക്കാതെ വന്നപ്പോഴാണ് 2018 മേയില്‍ സമരപ്പന്തല്‍ കെട്ടിയത്. ആദ്യവര്‍ഷങ്ങളില്‍ പന്തലില്‍ സ്ഥിരമായി സത്യഗ്രഹം നടന്നു. പിന്നീട് അതു നിലച്ചെങ്കിലും പട്ടയം ആവശ്യവുമായി ഇന്നും പ്രദേശവാസികള്‍ സമരപ്പന്തലിനെ സംരക്ഷിച്ചുവരുന്നു.
മദ്യനിരോധന സമരങ്ങൾ
മലപ്പുറത്തും ആലപ്പുഴയിലും കളക്ടറേറ്റ് പടിക്കൽ കേരളമദ്യനിരോധന സമിതി അനിശ്ചിതകാല സത്യ ഗ്രഹമാണ് നടത്തുന്നത്. മലപ്പുറത്തെ സമരം മൂന്നാം വർഷത്തിലേക്ക് കടന്നു. മദ്യവിരുദ്ധ ജനകീയമുന്നണിയുടെ ആഭിമുഖ്യത്തിൽ ആലപ്പുഴയിൽ ഗാന്ധിയൻ ബി.ആർ. കൈമളിന്റെയും ലതാ കൈമളിന്റെയും നേതൃത്വത്തിൽ നടന്നുവരുന്ന അനുബന്ധ സത്യഗ്രഹവും ഒരു വർഷം പിന്നിട്ടു.
നായനാർ സർക്കാർ റദ്ദാക്കിയ പഞ്ചായത്തീരാജ്-നഗരപാലിക നിയമത്തിലെ മദ്യനിരോധനാധികാരമായ 232-447 വകുപ്പുകൾ പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ടാണ് മദ്യനിരോധനസമിതി 2023 ഓഗസ്റ്റ് 14ന് മലപ്പുറം കളക്ടറേറ്റ് പടിക്കൽ "മദ്യാധികാര വാഴ്ചയ്ക്കെതിരേ ജനാധികാര വിപ്ലവം' എന്ന പേരിൽ അനിശ്ചിത കാല സത്യഗ്രഹം ആരംഭിച്ചത്. 2008 സെപ്റ്റംബർ 30ന് ആരംഭിച്ച് 2011 മാർച്ച് 28ന് അവസാനിപ്പിച്ച 953 ദിവസം നീണ്ടുനിന്ന അനിശ്ചിതകാല സത്യഗ്രഹത്തിന്റെ രണ്ടാം ഘട്ടമാണ് ഇപ്പോഴത്തെ സത്യഗ്രഹം.
സെപ്റ്റംബർ ഒന്നിന് മലപ്പുറം ടൗണ്‍ഹാളിൽ നടക്കുന്ന മദ്യനിരോധനസമിതിയുടെ 47-ാം വാർഷികസമ്മേളനത്തിൽ ശക്തമായ സമരപരിപാടികൾക്ക് രൂപംനൽകുമെന്നും മദ്യനിരോധന സമിതി സംസ്ഥാന പ്രസിഡന്റ് ഇയ്യച്ചേരി കുഞ്ഞികൃഷ്ണൻ മാസ്റ്റർ പറഞ്ഞു.
മരിയനാട് തോട്ടത്തില്‍ ഭൂസമരം തുടര്‍ന്ന് പട്ടികവര്‍ഗ കുടുംബങ്ങള്‍
സൗത്ത് വയനാട് വനം ഡിവിഷനിലെ ചെതലത്ത് റേഞ്ചില്‍പ്പെട്ട പാമ്പ്ര മരിയനാടില്‍ വനം വികസന കോര്‍പറേഷന്റെ അധീനതയിലായിരുന്ന കാപ്പിത്തോട്ടത്തില്‍ 400ല്‍പരം പട്ടികവര്‍ഗ കുടുംബങ്ങളുടെ സമരം തുടരുകയാണ്. 2022 മേയ് 31ന് ആരംഭിച്ചതാണ് സമരം. കൃഷിക്കും വാസത്തിനും യോജിച്ച ഭൂമിക്കായി കാത്തുമടുത്ത ആദിവാസി കുടുംബങ്ങളാണ് മരിയനാടില്‍ സമരരംഗത്ത്. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള ഭൂരഹിത പണിയ, കാട്ടുനായ്ക്ക കുടുംബങ്ങളാണ് കാപ്പിത്തോട്ടത്തില്‍ കുടില്‍കെട്ടി താമസമാക്കിയ കുടുംബങ്ങളില്‍ ഏറെയും. ഇരുളം ഭൂസമര സമിതിയുടെ നേതൃത്വത്തിലാണ് പ്രക്ഷോഭം.
10 വർഷം പിന്നിട്ട് കാഞ്ഞിരത്തിനാല്‍ കുടുംബത്തിന്റെ ഭൂസമരം
കേരളം കണ്ട ദീര്‍ഘകാല പ്രക്ഷോഭങ്ങളില്‍ ഒന്നായി മാറുകയാണ് വയനാട്ടിലെ കാഞ്ഞിരങ്ങാട് കാഞ്ഞിരത്തിനാല്‍ കുടുംബാംഗങ്ങളുടെ ഭൂസമരം. ഉദ്യോഗസ്ഥതലത്തില്‍ നടന്ന ഗൂഢാലോചനകളുടെ ഫലമായി വനം വകുപ്പ് പിടിച്ചെടുത്ത കൃഷിയിടം തിരികെ കിട്ടണമെന്ന ആവശ്യവുമായി കാഞ്ഞിരത്തിനാല്‍ കുടുംബാംഗം ജയിംസ് വയനാട് കളക്ടറേറ്റ് പടിക്കല്‍ നടത്തുന്ന അനിശ്ചിതകാല സത്യഗ്രഹം 10 വര്‍ഷം പിന്നിട്ടു. 2015 ഓഗസ്റ്റ് 15നായിരുന്നു സമരത്തുടക്കം. കാഞ്ഞിരത്തിനാല്‍ പരേതരായ ജോര്‍ജ് ഏലിക്കുട്ടി ദമ്പതികളുടെ മകള്‍ ട്രീസയുടെ ഭര്‍ത്താവാണ് ജയിംസ്.
വനം വകുപ്പ് പിടിച്ചെടുത്ത ഭൂമി വീണ്ടെടുക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി കാഞ്ഞിരത്തിനാല്‍ ജോര്‍ജും ഭാര്യ ഏലിക്കുട്ടിയും 2005 നവംബര്‍ 21 മുതല്‍ ഡിസംബര്‍ 15 വരെ വയനാട് കളക്ടറേറ്റ് പടിക്കല്‍ സത്യഗ്രഹം നടത്തിയിരുന്നു. ഇപ്പോൾ പരിസ്ഥിതിവാദത്തിന്റെ പേരിൽ വനംവകുപ്പ് വേട്ട തുടരുകയാണ്.
തോട്ടപ്പള്ളിയിൽ മണലൂറ്റിനെതിരേ 1,534 ദിവസമായി സമരം
ആലപ്പുഴ തോട്ടപ്പള്ളിയിലെ മണല്‍ ഖനനത്തിനെതിരേ കരിമണല്‍ ഖനനവിരുദ്ധ സംയുക്ത സമരസമിതിയുടെ നേതൃത്വത്തില്‍ അനിശ്ചിതകാല റിലേ സത്യഗ്രഹം 1534 ദിവസം പിന്നിടുകയാണ്. 2021 ജൂണ്‍ 10നാണ് ആരംഭിച്ചത്. കുട്ടനാടിനെ വെള്ളപ്പൊക്കത്തില്‍നിന്ന് രക്ഷിക്കാന്‍ എന്ന പേരിലാണ് തോട്ടപ്പള്ളി പൊഴിമുഖം ആഴത്തില്‍ തുരന്ന് മണല്‍നീക്കം ആരംഭിച്ചത്. ദുരന്തനിവാരണത്തിന്റെ മറവില്‍ കോടികളുടെ കരിമണലാണ് കടത്തിയത്.
2020ല്‍ പുറക്കാട് പഞ്ചായത്ത് യുഡിഎഫ് ഭരിക്കുമ്പോഴാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ ഖനന അനുമതി നല്‍കുന്നത്. തുടര്‍ന്ന് കോണ്‍ഗ്രസും ബിജെപിയുമെല്ലം ചേര്‍ന്നാണ് സമരം ആരംഭിച്ചത്. സമരം 46 ദിവസം പിന്നിട്ടപ്പോഴേക്കും പ്രതിഷേധം നിലച്ചു. പിന്നീടാണ് കരിമണല്‍ ഖനനവിരുദ്ധ സംയുക്ത സമരസമിതി റിലേ സത്യഗ്രഹം ആരംഭിച്ചത്.
ഏഴു വര്‍ഷമായി നെല്‍കര്‍ഷകര്‍ സമരത്തിൽ
സ്ഥിരം സമരവേദിയില്ലെങ്കിലും കഴിഞ്ഞ ഏഴു വര്‍ഷമായി നെല്‍കര്‍ഷകര്‍ സമരത്തിലാണ്. സംഭരണം വൈകുന്നതിലും നെല്ലിന്റെ പണം വൈകുന്നതിലും പ്രതിഷേധിച്ചാണ് സമരം. നെല്‍കര്‍ഷക സംരക്ഷണ സമിതിയുടെയും വിവിധ കര്‍ഷക സംഘടനകളുടെയും നേതൃത്വത്തില്‍ കോട്ടയം പാഡി ഓഫീസിനു മുമ്പിലും കളക്ടറേറ്റിനു മുമ്പിലും മങ്കൊമ്പ് നെല്ല് ഗവേഷണ കേന്ദ്രത്തിനു മുമ്പിലുമാണ് സമരം നടക്കാറ്.
വയനാട്ടിലെ ആദിവാസി ഭൂസമരം
പതിറ്റാണ്ട് കഴിഞ്ഞിട്ടും വയനാട്ടിലെ ആദിവാസി ഭൂസമരം അവസാനിക്കുന്നില്ല. കൃഷിയിറക്കുന്നതിനും രാപാര്ക്കുന്നതിനും ഭൂമിക്കായി വയനാട്ടിലെ ആദിവാസികള്‍ നടത്തുന്ന രണ്ടാം ഘട്ടം ഭൂസമത്തിന് 13 വര്‍ഷം കഴിഞ്ഞിട്ടും പരിസമാപ്തിയായില്ല.

സിപിഎം നിയന്ത്രണത്തിലുള്ള ആദിവാസി ക്ഷേമ സമിതിയും (എകെഎസ്) ബിജെപിയും കോണ്‍ഗ്രസും അടക്കം മറ്റു രാഷ്ട്രീയ പാര്‍ട്ടികള്‍ക്കു കീഴിലുള്ള പട്ടികവര്‍ഗ സംഘടനകളും 2012 മേയ്, ജൂണ്‍ മാസങ്ങളില്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിക്ഷിപ്ത വനഭൂമിയില്‍ വെവ്വേറെ ആരംഭിച്ച സമരമാണ് അനിശ്ചിതമായി നീളുന്നത്.
സില്‍വര്‍ലൈന്‍: മാടപ്പള്ളി സമരം 1220 ദിവസം പിന്നിട്ടു
കെറെയിലിന്റെ സില്‍വര്‍ലൈനിനെതിരേ കോട്ടയം മാടപ്പള്ളി വെങ്കോട്ടയില്‍ സമരം തുടങ്ങിയിട്ട് 1220 ദിവസം പിന്നിട്ടു. സില്‍വര്‍ലൈന്‍ സര്‍വേക്കുള്ള മഞ്ഞക്കുറ്റികള്‍ സ്ഥാപിക്കെനത്തിയ കെ റെയില്‍ ഉദ്യോഗസ്ഥരെ തടഞ്ഞതിന്റെ പേരില്‍ 2022 മാര്‍ച്ച് 17ന് പോലീസ് അതിക്രമം നേരിട്ട സ്ഥലത്താണ് സില്‍വര്‍ലൈന്‍വിരുദ്ധ സമരം തുടരുന്നത്. ബാബു കുട്ടന്‍ചിറ, എ.ടി. വര്‍ഗീസ്, റെജി പറമ്പത്ത് എന്നിവര്‍ എന്നും സമരപ്പന്തലില്‍ എത്തുന്നവരാണ്.
ഭൂമിക്കായി ആദിവാസി സമരം തുടരുന്നു
വാഗ്ദാനം ചെയ്ത ഭൂമി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് നടക്കുന്ന നിലന്പൂർ ആദിവാസി ഭൂസമരത്തിന്റെ രണ്ടാംഘട്ടം നൂറ് ദിവസത്തിലേക്ക് അടുക്കുന്നു. ഒന്നാംഘട്ടത്തിൽ നിലന്പൂർ ഐടിഡിപി ഓഫീസിന് മുന്നിൽ 314 ദിവസം നീണ്ടു നിന്ന സമരത്തിൽ ഭൂരഹിതരായ ആദിവാസി കുടുംബങ്ങൾക്ക് 40 സെന്റ് സ്ഥലം വീതം നൽകാമെന്ന് മലപ്പുറം കളക്ടർ ഉറപ്പ് നൽകിയിരുന്നു.

ഒരേക്കർ സ്ഥലം ഒരു കുടുംബത്തിന് എന്ന ആവശ്യമുയർത്തി നടത്തിയ സമരമാണ് കളക്ടറുടെ വാക്ക് വിശ്വസിച്ച് 40 സെന്റിലേക്ക് എത്തിയത്. വനം വകുപ്പ് റവന്യൂ വകുപ്പിന് കൈമാറിയ ചുങ്കത്തറ പഞ്ചായത്തിലെ സ്ഥലമാണ് നൽകാമെന്ന് ഉറപ്പ് നൽകിയത്.
ആറു മാസം കഴിഞ്ഞിട്ടും കളക്ടറുടെ ഉറപ്പ് യാഥാർഥ്യമാകാത്ത സാഹചര്യത്തിലാണ് സമരം ശക്തമാക്കാൻ ജില്ലാ ആസ്ഥാനമായ മലപ്പുറത്തേക്ക് സമരം മാറ്റിയത്. ഭൂസമര നായിക ബിന്ദു വൈലാശേരിയുടെയും ഗ്രോ വാസുവിന്റെയും നേതൃത്വത്തിൽ 50 ലധികം ഭൂരഹിതരായ ആദിവാസി കുടുംബങ്ങളാണ് സമരം തുടരുന്നത്.
ചരിത്രത്തെരുവിലെ സമരത്തിനു 16 വര്‍ഷം
ചരിത്രമുറങ്ങുന്ന മാനാഞ്ചിറ സ്ക്വയറില്‍ വൈക്കം മുഹമ്മദ് ബഷീര്‍ റോഡിനു സമീപം കോംട്രസ്റ്റ് തൊഴിലാളികളുടെ സംയുക്ത സമരസമിതിയുടെ പന്തല്‍ കാണാം. രണ്ടേമുക്കാല്‍ വര്‍ഷമായി ഈ സമരപന്തല്‍ ഉയര്‍ന്നിട്ട്. മഴയായാലും വെയിലായാലും ഈ പന്തലില്‍ ഒന്നോ രണ്ടോ തൊഴിലാളികള്‍ സ്ഥിരമായി ഉണ്ടാവും. എഐടിയുസിയുടെയും ബിഎംഎസിന്റെയും ഐഎന്‍ടിയുസിയുടെയും പ്രവര്‍ത്തകരാണ് മിക്കപ്പോഴും സമരപ്പന്തലില്‍ ഉണ്ടാകുക. കോംട്രസ്റ്റ് സര്‍ക്കാര്‍ ഏറ്റെടുത്തുകൊണ്ടുള്ള രാഷ്ട്രപതിയുടെ ഉത്തരവ് നടപ്പാക്കണമെന്നാണ് സമരക്കാരുടെ ആവശ്യം. എന്നാല്‍ സംസ്ഥാന സര്‍ക്കാരാകട്ടെ സമരം കണ്ട മട്ടില്ല.
2009 ഫെബ്രുവരി ഒന്നിനാണ് കോംട്രസ്റ്റ് നെയ്ത്ത് ഫാക്ടറിയുടെ വാതില്‍ എന്നന്നേക്കുമായി കൊട്ടിയടയ്ക്കപ്പെട്ടത്.
ചെങ്ങറ സമരത്തിന് 18 വയസ്
പത്തനംതിട്ട ജില്ലയിലെ കോന്നി ചെങ്ങറയില്‍ ഹാരിസണ്‍ മലയാളം എസ്റ്റേറ്റിന്റെ പാട്ടഭൂമിയില്‍ കുടില്‍ കെട്ടി സമരം തുടങ്ങിയത് 2007 ഓഗസ്റ്റിലാണ്. സ്വന്തമായി ഭൂമിയില്ലാത്ത നൂറു കണക്കിന് കുടുംബങ്ങള്‍ ഒറ്റരാത്രി കൊണ്ട് എസ്റ്റേറ്റിലെ കുറുന്പറ്റി ഡിവിഷന് കൈയേറി കുടില്‍ കെട്ടി സമരം ആരംഭിക്കുകയായിരുന്നു.

ളാഹ ഗോപാലന് നേതൃത്വം നല്കിയ സാധുജന വിമോചന സംയുക്ത വേദിയാണ് സമരം ആരംഭിച്ചത്. സ്ത്രീകളും കുട്ടികളും അടക്കം കുടുംബങ്ങള്‍ ചെങ്ങറ എസ്റ്റേറ്റിലെ സ്ഥലം കൈയേറി ടാര്‍പാളിന്‍ ഉപയോഗിച്ച് കുടില്‍ കെട്ടി ആരംഭിച്ച സമരം ഇന്നും തുടരുകയാണ്.
ചെങ്ങറയിലെ കൈയേറ്റം 18 വര്‍ഷം പിന്നിടുമ്പോള്‍ കുടിലുകള്‍ പലതും വീടുകളായി രൂപാന്തരപ്പെട്ടു. അന്നു സ്ഥലം സ്വന്തമാക്കിയവരില്‍ അന്‍പതിലധികം കുടുംബങ്ങള്‍ ചെങ്ങറയില്‍ സ്ഥിരതാമസമാക്കിയിട്ടുണ്ട്. സ്വന്തം നിലയില്‍ കൃഷി ചെയ്ത് ഉപജീവനം നടത്തുന്നു. താത്കാലിക ഷെഡുകള്‍ക്കു പകരം സ്ഥിരം വീടുകള്‍ രൂപപ്പെട്ടു. എന്നാല്‍ ഇവരെ ഇപ്പോഴും സമൂഹത്തിന്റെ ഭാഗമായി അംഗീകരിച്ചിട്ടില്ല.