ആദിവാസി തൊഴിലാളിയെ പൂട്ടിയിട്ട് മർദനം: മുതലമട ഫാം സ്റ്റേ ഉടമ അറസ്റ്റിൽ; മകൻ ഒളിവിൽ
Monday, August 25, 2025 3:30 AM IST
മുതലമട: ആദിവാസി തൊഴിലാളി യെ ഊരുകുളം ഫാം സ്റ്റേയിൽ തടവിലാക്കി പീഡിപ്പിച്ച കേസിൽ സ്ഥാപന ഉടമ രംഗനായകി എന്ന പാപ്പാത്തിയെ (62) കൊല്ലങ്കോട് പോലീസ് അറസ്റ്റ് ചെയ്തു. മുഖ്യപ്രതിയും രംഗനായകിയുടെ മകനുമായ പ്രഭു (42) ഒളിവിലാണ്. ഇയാളെ പിടികൂടാൻ പോലീസ് അന്വേഷണം ഊർജിതമാക്കി. കൊല്ലങ്കോട് പോലീസിൽ ഇയാൾക്കെതിരേ കഞ്ചാവുകടത്ത് കേസും നിലവിലുണ്ട്.
സ്ഥാപനത്തിലെ തൊഴിലാളിയായ വെള്ളയനെ(54) പൂട്ടിയിട്ട് പീഡിപ്പിച്ചെന്ന പരാതിയിലാണു പ്രതികൾക്കെതിരേ കേസെടുത്തത്. ജനപ്രതിനിധികളുടെയും നാട്ടുകാരുടെയും ഇടപെടലിനൊടുവിലാണ് ആദിവാസി പീഡനനിരോധന നിയമലംഘനം, തടവിൽ പാർപ്പിക്കൽ എന്നീ വകുപ്പുകൾ പ്രകാരം കേസെടുത്തത്.
അറസ്റ്റിലായ രംഗനായകിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. മധുര സ്വദേശിയും ഫാം സ്റ്റേ തൊഴിലാളിയുമായ തിരുനാവുക്കരശിന്റെ വെളിപ്പെടുത്തലാണ് വെള്ളയന്റെ ജീവനു രക്ഷയായത്. സംഭവം പുറംലോകത്ത് അറിയിച്ചതിനാൽ പ്രതികളുടെ പ്രതികാരംഭയന്ന് തിരുനാവുക്കരശ് നാട്ടുകരുടെ സംരക്ഷണത്തിലാണു കഴിയുന്നത്.
തോട്ടത്തിൽ വീണുകിടക്കുന്ന തേങ്ങ പെറുക്കുന്നതിനിടെ ബിയർ ബോട്ടിൽ കുഴിച്ചിട്ടനിലയിൽ കണ്ടെത്തി. അതെടുത്ത് കുടിച്ചത് അറിഞ്ഞ പ്രഭു ദേഹോപദ്രവം ഏൽപ്പിച്ച് പൂട്ടിയിട്ടുവെന്ന് വെള്ളയൻ പോലീസിനു മൊഴിനൽകി.