യെമൻ തലസ്ഥാനത്ത് ഇസ്രേലി വ്യോമാക്രമണം, പ്രസിഡന്റിന്റെ കൊട്ടാരത്തിലും ബോംബ് വര്‍ഷം
Monday, August 25, 2025 1:06 AM IST
സന: യെമന്‍ തലസ്ഥാനമായ സനയില്‍ ഇസ്രയേല്‍ വ്യോമാക്രമണം നടത്തി. ഹൂതികളെ ലക്ഷ്യമിട്ടു നടത്തിയ വ്യോമാക്രമണത്തില്‍ പ്രസിഡന്റിന്റെ കൊട്ടാരം സ്ഥിതിചെയ്യുന്ന സൈനികത്താവളം, രണ്ട് വൈദ്യുത സ്റ്റേഷനുകള്‍, ഒരു ഇന്ധന ഡിപ്പോ എന്നിവ തകര്‍ത്തതായി ഇസ്രയേല്‍ സൈന്യം അറിയിച്ചു. ഇന്നലെ ഉച്ചകഴിഞ്ഞായിരുന്നു ആക്രമണം.
ഇസ്രയേലിനുനേരേ ഹൂതികള്‍ തുടര്‍ച്ചയായി നടത്തുന്ന മിസൈല്‍, ഡ്രോണ്‍ ആക്രമണങ്ങള്‍ക്കു മറുപടിയായാണ് ഈ ആക്രമണമെന്നാണ് ഐഡിഎഫ് പ്രതികരിച്ചിരിക്കുന്നത്. ഹൂതി ഭരണകൂടത്തിന്റെ സൈനികനീക്കങ്ങള്‍ നടത്തുന്ന സൈനിക കേന്ദ്രത്തിനുള്ളിലാണ് പ്രസിഡന്റിന്റെ കൊട്ടാരം സ്ഥിതിചെയ്യുന്നത്. ആക്രമണത്തിൽ ഹിസാസ്, അസാർ ഊർജനിലയങ്ങൾ തകർന്നതായും ഇവിടെനിന്നാണു ഹൂതികളുടെ പ്രവർത്തനങ്ങൾക്കുള്ള വൈദ്യുതി ലഭ്യമാക്കിയിരുന്നതെന്നും ഇസ്രേലി സേന അറിയിച്ചു.
ഒരു ഡസനോളം വിമാനങ്ങള്‍ ആക്രമണത്തില്‍ പങ്കെടുത്തതായും നാലു ലക്ഷ്യസ്ഥാനങ്ങളിലായി 30ലധികം ബോംബുകൾ വർഷിച്ചതായും ഐഡിഎഫ് വൃത്തങ്ങള്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം ഇസ്രയേല്‍ ആക്രമണം ജനവാസകേന്ദ്രങ്ങളെ ലക്ഷ്യമിട്ടുള്ളതായിരുന്നുവെന്ന് ഹൂതികള്‍ പ്രതികരിച്ചു.