ഡോ. ധർമരാജ് അടാട്ട് രാജിവച്ചു ; കാലിക്കട്ടിൽ സ്ഥിരം വിസി നിയമനം വീണ്ടും പ്രതിസന്ധിയിൽ
Tuesday, August 26, 2025 1:50 AM IST
തേഞ്ഞിപ്പലം: സെലക്ഷൻ കമ്മിറ്റി അംഗമായി തെരഞ്ഞെടുക്കപ്പെട്ട കാലടി സംസ്കൃത സർവകലാശാലാ മുൻ വൈസ് ചാൻസലർ ഡോ. ധർമരാജ് അടാട്ടിന്റെ രാജിയോടെ കാലിക്കട്ട് യൂണിവേഴ്സിറ്റിൽ സ്ഥിരം വൈസ് ചാൻസലർ നിയമന നടപടികൾ വീണ്ടും പ്രതിസന്ധിയിൽ. വ്യക്തിപരമായ കാരണങ്ങൾ പറഞ്ഞുള്ള രാജിക്കു പിന്നിൽ ഇടത് രാഷ്ട്രീയ താത്പര്യങ്ങളാണെന്ന ആരോപണം ഉയർന്നതോടെ വിഷയം വിവാദവുമായി.
രാജി നടപടി ചൂണ്ടിക്കാട്ടി സിൻഡിക്കറ്റംഗം ഡോ.പി. റഷീദ് അഹമ്മദ്, ചാൻസലറായ ഗവർണർക്ക് കത്തയയ്ക്കുകയും ചെയ്തു. കഴിഞ്ഞ ശനിയാഴ്ച പ്രത്യേക സെനറ്റ് യോഗം ചേർന്ന് തെരഞ്ഞെടുത്ത ഡോ. ധർമരാജ് അടാട്ട് ഇന്നലെ ഉച്ചയോടെയാണ് രാജിക്കത്ത് രജിസ്ട്രാർ മുന്പാകെ എത്തിച്ചത്.
ഇടത് അംഗങ്ങളുടെ 39 വോട്ടുകൾ നേടിയാണ് തെരഞ്ഞെടുക്കപ്പെട്ടത്. എന്നാൽ, ദിവസങ്ങൾക്കകം തന്നെ അദ്ദേഹം രാജിവച്ചതോടെ സ്ഥിരം വിസി നിയമന നടപടികൾ വീണ്ടും പ്രതിസന്ധിയിലായിരിക്കുകയാണ്. മാസങ്ങൾ നീണ്ട അനിശ്ചിതാവസ്ഥയ്ക്കൊടുവിൽ കഴിഞ്ഞ 23ന് പ്രത്യേക സെനറ്റ് ചേർന്ന് സെലക്ഷൻ കമ്മിറ്റിയിലേക്ക് യൂണിവേഴ്സിറ്റി പ്രതിനിധിയെ തെരഞ്ഞെടുക്കുകയായിരുന്നു.
ചാൻസലറുടെയും യുജിസിയുടെയും പ്രതിനിധികളെക്കൂടി തെരഞ്ഞെടുത്ത് ചാൻസലറായ ഗവർണർ സ്ഥിരം വിസി നിയമന സെലക്ഷൻ കമ്മിറ്റി രൂപവത്കരിക്കാനിരിക്കേയാണ് ഇടത് നോമിനിയായ ഡോ. ധർമരാജിന്റെ രാജിയുണ്ടായത്. അതേസമയം, സ്ഥിരം വൈസ് ചാൻസലറെ നിയമിക്കാനുള്ള നടപടികൾക്കിടെ ഡോ. ധർമരാജ് അടാട്ടിന്റെ രാജി ആസൂത്രിത നീക്കത്തിന്റെ ഭാഗമാണെന്നു പ്രതിപക്ഷ സംഘടനകൾ ആരോപിച്ചു.
സെലക്ഷൻ കമ്മിറ്റിയിലേക്ക് യൂണിവേഴ്സിറ്റിയിൽ സ്ഥിരം വിസി നിയമന നടപടികൾ ഏറെക്കാലമായി അനിശ്ചിതാവസ്ഥയിലായിരുന്നു. ഈ സാഹചര്യം നിലനിൽക്കെയാണ് ഇടതുപക്ഷം ഒടുവിൽ യൂണിവേഴ്സിറ്റി പ്രതിനിധിയെ തെരഞ്ഞെടുക്കുന്നതിന് സഹകരിച്ചത്. എന്നാലതും വ്യഥാവിലാകുകയായിരുന്നു.
രാജി അപഹാസ്യം: ടി.ജെ. മാർട്ടിൻ
കാലിക്കട്ട് യൂണിവേഴ്സിറ്റി വൈസ് ചാൻസലറെ തെരഞ്ഞെടുക്കേണ്ട സെലക്ഷൻ കമ്മിറ്റിയിലേക്ക് ഇടതുപക്ഷ നോമിനിയായ ഡോ. ധർമരാജ് തെരഞ്ഞെടുക്കപ്പെട്ട വിവരം ഔദ്യോഗികമായി അദ്ദേഹത്തെ അറിയിക്കുന്നതിനു മുന്പുതന്നെ രാജിക്കത്ത് നൽകിയത് അങ്ങേയറ്റം അപഹാസ്യമായെന്ന് സിൻഡിക്കറ്റംഗം ടി.ജെ. മാർട്ടിൻ.
സെനറ്റ് യോഗത്തിൽ അധ്യക്ഷനായിരുന്ന ഡോ. കാവുന്പായി ബാലകൃഷ്ണൻ സെനറ്റ് യോഗ തീരുമാനത്തിൽ ഇതുവരെ ഒപ്പുവച്ചിട്ടില്ലാത്തതും ദുരൂഹമാണ്. രാജിക്കത്ത് വാങ്ങിവച്ച ശേഷം പ്രതിനിധിയെ നാമനിർദേശം ചെയ്ത മാർക്സിസ്റ്റ് നാടകം സെനറ്റിന്റെ അന്തസ് നഷ്ടപ്പെടുത്തിയ നടപടിയായിപ്പോയെന്നും ടി.ജെ. മാർട്ടിൻ പ്രസ്താവനയിൽ പറഞ്ഞു.