വേടനെതിരേ വീണ്ടും ലൈംഗികാതിക്രമ കേസ്; പരാതി നൽകിയത് ഗവേഷക വിദ്യാര്‍ഥിനി
Tuesday, August 26, 2025 1:50 AM IST
കൊച്ചി: ലൈംഗിക പീഡനക്കേസില്‍ ഒളിവില്‍ കഴിയുന്ന റാപ്പര്‍ വേടനെതിരേ വീണ്ടും ലൈംഗികാതിക്രമ കേസ്. ഗവേഷക വിദ്യാര്‍ഥിനിയായ യുവതിയുടെ പരാതിയില്‍ എറണാകുളം സെന്‍ട്രല്‍ പോലീസ് കേസെടുത്തു.
ഫ്ലാറ്റില്‍ വിളിച്ചുവരുത്തി ലൈംഗിക ഉദ്ദേശത്തോടെ കടന്നുപിടിക്കുകയും ഉപദ്രവിക്കുകയും ചെയ്തുവെന്നാണ് പരാതി. ഈ മാസം 21നാണ് സെന്‍ട്രല്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. 2020 ഡിസംബറിലായിരുന്നു കേസിനാസ്പദമായ സംഭവം.
കേരളത്തിനുപുറത്ത് താമസിക്കുന്ന മലയാളിയായ ഗവേഷക വിദ്യാര്‍ഥിനി മുഖ്യമന്ത്രിക്ക് ഇ-മെയിലായി നല്കിയ പരാതി കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ക്കു കൈമാറുകയായിരുന്നു.
യുവതിയുടെ വിശദമായ മൊഴി ഉടന്‍ രേഖപ്പെടുത്തുമെന്ന് പോലീസ് അറിയിച്ചു. മൊഴിയെടുക്കുന്നതോടെ മാത്രമേ ഏതു ഫ്ലാറ്റില്‍ വച്ചാണ് ദുരനുഭവം നേരിട്ടതെന്ന വിവരമടക്കം പോലീസിന് ലഭിക്കൂ. നിലവില്‍ പ്രാഥമിക അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ആദിവാസി ഗോത്ര വിഭാഗങ്ങളുടെ സംഗീതവുമായി ബന്ധപ്പെട്ടുള്ള ഗവേഷണം ചെയ്യുകയാണ് പരാതിക്കാരി. ഗവേഷണത്തിന്റെ ഭാഗമായുള്ള വിവരശേഖരണത്തിന് യുവതി വേടനെ ബന്ധപ്പെട്ടു. എറണാകുളത്ത് എത്തിയാല്‍ വിവരങ്ങള്‍ നേരിട്ടു പറയാമെന്ന് വേടന് അറിയിച്ചു.
ഇതു വിശ്വസിച്ചെത്തിയ യുവതിയെ വേടന് എറണാകുളത്തെ ഒരു ഫ്ളാറ്റിലേക്ക് കൂട്ടിക്കൊണ്ടുപോയി. ഇവിടെ വച്ച് ലൈംഗിക ഉദ്ദശ്യത്തോടെ കടന്നുപിടിച്ചെന്നും പ്രാണരക്ഷാര്‍ഥം ഓടി രക്ഷപ്പെടുകയായിരുന്നുവെന്നുമാണ് പരാതി.
വിവാഹവാഗ്ദാനം നല്കി പീഡിപ്പിച്ചുവെന്ന യുവഡോക്ടറുടെ പരാതിയില്‍ തൃക്കാക്കര പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ നിലവില്‍ ഒളിവിലാണ് വേടന്. ഇക്കഴിഞ്ഞ ജൂലൈ 31നാണ് തൃക്കാക്കര പോലീസ് വേടനെതിരേ കേസ് രജിസ്റ്റര്‍ ചെയ്തത്.
വേടന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജി വിധി പറയാന്‍ മാറ്റി
കൊച്ചി: ബലാത്സംഗക്കേസില്‍ റാപ്പര്‍ വേടന് നല്കിയ മുന്‍കൂര്‍ ജാമ്യഹര്‍ജി ഹൈക്കോടതി വിധി പറയാന്‍ മാറ്റി. ഉത്തരവ് പറയുന്നതുവരെ വേടന്റെ അറസ്റ്റ് വിലക്കിയ ഉത്തരവ് ജസ്റ്റീസ് ബെച്ചു കുര്യന് തോമസ് നീട്ടി.