മുല്ലപ്പെരിയാർ വിധി വന്നിട്ടു മൂന്നു വർഷം; സമ്മർദം ചെലുത്താതെ കേരളം
Tuesday, August 26, 2025 1:50 AM IST
ജോൺസൺ വേങ്ങത്തടം
കൊല്ലം: മുല്ലപ്പെരിയാർ വിഷയത്തിൽ സുപ്രീംകോടതിവിധി സന്പാദിച്ചു മൂന്നു വർഷമായിട്ടും സമഗ്രമായ അണക്കെട്ട് സുരക്ഷാ വിലയിരുത്തലിനായി സൂപ്പർവൈസറി കമ്മിറ്റിയിൽ സമ്മർദം ചെലുത്തി നേടിയെടുക്കാൻ കേരളം പരാജയപ്പെടുന്നു.
അതിവിദഗ്ധരടങ്ങിയ സംഘത്തെ നിയോഗിച്ചു മുല്ലപ്പെരിയാർ ഡാമിന്റെ സുരക്ഷ പരിശോധന നടത്താൻ 2022 ഏപ്രിലിൽ ഡോ. ജോ ജോസഫ് സുപ്രീംകോടതിയിൽനിന്നു വിധി സന്പാദിച്ചിട്ടും കേരളസർക്കാർ ഈ സാധ്യത മുതലാക്കുന്നില്ലെന്ന ആക്ഷേപം ശക്തമാണ്.
മുല്ലപ്പെരിയാർ ഡാമിനു ബലക്ഷയമുണ്ടെന്ന അതിവിദഗ്ധ സംഘത്തിന്റെ ശാസ്ത്രീയറിപ്പോർട്ട് സന്പാദിക്കാനുള്ള അവസരമാണ് കേരളം ഇതിലൂടെ നഷ്ടപ്പെടുത്തുന്നത്. പുതിയ ഡാം നിർമിക്കുമെന്നാണ് കേരളം അവകാശപ്പെടുന്നത്. അതിസുരക്ഷിതമാണ് മുല്ലപ്പെരിയാർ ഡാമെന്നു തമിഴ്നാട് കോടതിയിൽ സമർഥിച്ചുകൊണ്ടിരിക്കുന്പോൾ ഡാമിനു ബലക്ഷയുണ്ടെന്നു തെളിയിക്കാൻ കേരളത്തിനുമുന്നിൽ രേഖകളൊന്നുമില്ല.
ഇതേ സമയം തമിഴ്നാട് സുപ്രീംകോടതിയിൽനിന്നും മരംമുറിക്കാൻ അനുമതി വാങ്ങിക്കഴിഞ്ഞു. ബേബിഡാമിൽ അറ്റകുറ്റപ്പണി നടത്തി ഡാം സുരക്ഷിതമാണെന്നു സമർഥിക്കാൻ സുപ്രീംകോടതിയിൽ തമിഴ്നാട് ശ്രമിക്കുകയാണ്. എന്നാൽ കേരളത്തിനുവേണ്ടി സ്വകാര്യവ്യക്തികൾ സന്പാദിക്കുന്ന അനുകൂലവിധി പോലും മുതലാക്കിയെടുക്കാൻ കേരളം തയാറാകുന്നുമില്ല.
ജലനിരപ്പ് 152 അടിയായി ഉയർത്തുക എന്നതാണ് തമിഴ്നാട് സർക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യം.മരങ്ങൾ മുറിച്ചു ബേബി ഡാം ശക്തിപ്പെടുത്തുക എന്നത് അവരുടെ ആദ്യഘട്ടംമാത്രമാണ്.
മരങ്ങൾ മുറിച്ച് ബേബി ഡാം ശക്തിപ്പെടുത്താനുള്ള ഉത്തരവ് ഇതിനകം അവർക്ക് ലഭിച്ചുകഴിഞ്ഞു. ഉടൻ തന്നെ അവർ ജലനിരപ്പ് 152 അടിയായി ഉയർത്താനാണ് ശ്രമിക്കുന്നത്. ഇതു കേരളത്തിനു വളരെ അപകടകരമാകും. അണക്കെട്ടിലെ വെള്ളത്തിന്റെ അളവ് നാല് ടിഎംസി വരെ വർധിക്കും. ഇത് അണക്കെട്ട് തകരാനുള്ള സാധ്യത വർധിപ്പിക്കുമെന്നാണ് മുല്ലപ്പെരിയാർ സംരക്ഷണസമിതി ഭയപ്പെടുന്നത്.
പുതിയ അണക്കെട്ട് നിർമിക്കുമെന്നു മാത്രമാണ് കേരള സർക്കാർ ഇപ്പോൾ പറയുന്നത്. പുതിയൊരു അണക്കെട്ടിനുള്ള പദ്ധതികളും സാങ്കേതിക പഠനങ്ങളും അവർ തയാറാക്കുന്നുണ്ട്. പഴയ അണക്കെട്ടിൽ എന്തെങ്കിലും തകരാറുണ്ടെങ്കിൽ മാത്രമേ പുതിയ അണക്കെട്ട് നിർമിക്കാൻ കഴിയൂവെന്ന വിദഗ്ധരുടെ അഭിപ്രായവും ഉപദേശവും കേരളം മുഖവിലയ്ക്കെടുക്കുന്നില്ല.
മുല്ലപ്പെരിയാർ ഡാമിന്റെ സുരക്ഷാപരിശോധനയും അറ്റകുറ്റപ്പണിയും ഏകപക്ഷീയമായി നടത്താനാണ് തമിഴ്നാട് ശ്രമിക്കുന്നത്. ഇതിന്റെ ഭാഗമായിട്ടാണ് ഡാം ബലപ്പെടുത്താൻ കേരളം അനുവദിക്കുന്നില്ലെന്നു വരുത്തിത്തീർക്കാനുമുള്ള ശ്രമം തമിഴ്നാട് നടത്തുന്നത്.
അറ്റകുറ്റപ്പണി നടത്തി ഡാം ബലവത്താണെന്നു കോടതിയെ ധരിപ്പിക്കാൻ കഴിഞ്ഞാൽ, ജലനിരപ്പ് 152 അടിയായി ഉയർത്തുവാൻ അനുകൂലവിധി സമ്പാദിക്കാൻ തമിഴ്നാടിനു കഴിയും. ജലനിരപ്പ് 152 അടിയായി ഉയർത്തുകയെന്ന തമിഴ്നാട് സർക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യമാണ് ഇതിനു പിന്നിലുള്ളത്.