ദര്‍ഷിതയെ കൊന്നത് അതിക്രൂരമായി; മോഷണം പോയതു സ്ഥലം വിറ്റ പണം
Tuesday, August 26, 2025 1:50 AM IST
ഇരിക്കൂർ(കണ്ണൂർ): ഇരിക്കൂർ കല്യാട് മോഷണം നടന്ന വീട്ടിലെ മരുകളായ ദര്‍ഷിതയെ ആൺസുഹൃത്ത് കൊന്നത് അതിക്രൂരമായി. ദര്‍ഷിതയുടെ വായില്‍ ഇലക്ട്രിക് ഡിറ്റനേറ്റര്‍ വച്ച് സ്ഫോടനം നടത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു കല്യാട്ടെ വേട്ടയ്ക്കൊരു മകൻ ക്ഷേത്രത്തിനു സമീപം കെ.വി. സുമതയുടെ അഞ്ചാംപുര വീട്ടിൽനിന്ന് 30 പവൻ സ്വർണവും നാലു ലക്ഷം രൂപയും കവർന്നത്. സ്ഥലം വിറ്റ പണമാണു കൊണ്ടുപോയതെന്ന് വീട്ടുകാർ പറഞ്ഞു.
അന്നേദിവസം സുഭാഷിന്റെ ഭാര്യ ദര്‍ഷിത മകള്‍ അരുന്ധതിയുമൊത്ത് കര്‍ണാടകയിലെ സ്വന്തം നാടായ ഹുന്സുര് ബിലിക്കരെയിലേക്കു പോയിരുന്നു. അന്നു വൈകുന്നേരത്തോടെയാണു വീട്ടില്‍ മോഷണം നടന്ന വിവരമറിയുന്നത്.
ദര്‍ഷിതയുടെ ഭര്‍ത്താവ് സുഭാഷ് വിദേശത്താണ്. ഭര്‍തൃമാതാവും സഹോദരനുമാണ് കല്യാട്ടെ വീട്ടിലുണ്ടായിരുന്നത്. ഇരുവരും ജോലിക്കു പോയ സമയത്തു വീട്ടില്‍ മോഷണം നടന്നതായാണു ഇരിക്കൂർ പോലീസിൽ പരാതി നൽകിയത്.
അതിനിടെയാണ് ഞായറാഴ്ച ദര്‍ഷിതയെ കർണാടക സാലിഗ്രാമത്തിലെ ലോഡ്ജില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. കൊലപാതകം നടത്തിയ ഇവരുടെ സുഹൃത്ത് സിദ്ധരാജു(32)വിനെ പോലീസ് അറസ്റ്റ് ചെയ്തു.
സാലിഗ്രാമിലെ ലോഡ്ജില്‍ ദര്‍ഷിതയും സുഹൃത്തും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായിരുന്നു. തുടര്‍ന്ന് ഇയാള്‍ ദര്‍ഷിതയുടെ വായില്‍ ക്വാറികളിൽ ഉപയോഗിക്കുന്ന ഇലക്ട്രിക് ഡിറ്റനേറ്റര്‍ തിരുകി സ്ഫോടനം നടത്തുകയായിരുന്നു.
ഫോണ്‍ ചാർജർ പൊട്ടിത്തെറിച്ചുള്ള അപകടമായി കൊലപാതകം മാറ്റാനായിരുന്നു സിദ്ധരാജുവിന്റെ ശ്രമം. കടം വാങ്ങിയ പണം തിരിച്ചുചോദിച്ചതും ഭർത്താവിനൊപ്പം ദർഷിത വിദേശത്തേക്കു പോകാൻ തീരുമാനിച്ചതും പ്രതിയെ പ്രകോപിപ്പിച്ചിരുന്നു.