കെഎസ്ഇബിയിൽ പതിനായിരത്തിലധികം ജീവനക്കാരുടെ കുറവ്
Tuesday, August 26, 2025 1:50 AM IST
തേഞ്ഞിപ്പലം: വൈദ്യുതാഘാതമേറ്റുള്ള അപകടങ്ങളും മരണങ്ങളും റിപ്പോർട്ട് ചെയ്യപ്പെടുന്പോഴും കെഎസ്ഇബിയിൽ നികത്താതെ കിടക്കുന്നത് പതിനായിരത്തിലേറെ തസ്തികകളെന്നു വിവരാവകാശ രേഖ.
കെ. ഗോവിന്ദൻ നന്പൂതിരി നൽകിയ വിവരാവകാശ അപേക്ഷയ്ക്ക് കെഎസ്ഇബി പഴ്സണൽ വകുപ്പിലെ ചീഫ് പഴ്സണൽ ഓഫീസർ നൽകിയ മറുപടിയിലാണ് 10,011 പേരുടെ ഒഴിവുള്ളതായി വ്യക്തമാക്കുന്നത്. കൊല്ലം തേവലക്കരയിൽ താഴ്ന്നുകിടന്ന വൈദ്യുതകന്പിയിൽ തട്ടി സ്കൂൾ വിദ്യാർഥി മരിച്ച സംഭവത്തിനിടെയാണ് ഇക്കാര്യം പുറത്തുവന്നത്.
കഴിഞ്ഞ വർഷം ഡിസംബർ 14 വരെയുള്ള കണക്ക് പ്രകാരം ബോർഡിനു കീഴിൽ 26,513 സ്ഥിരം ജീവനക്കാരാണുള്ളത്. ആവശ്യമുള്ള ആകെ ജീവനക്കാരുടെ എണ്ണം 36,524 ആണ്. ആവശ്യമുള്ള ജീവനക്കാരുടെ 27.41 ശതമാനം ഒഴിവുണ്ടെന്നാണ് രേഖയിൽനിന്നു വ്യക്തമാകുന്നത്.
അതേസമയം, ജനുവരി 24ന് കെഎസ്ഇബിയുടെ ഹ്യൂമൻ റിസോഴ്സസ് (എച്ച്ആർ) വിംഗ് ചീഫ് എൻജിനിയർ നൽകിയ മറ്റൊരു മറുപടിയിൽ ജീവനക്കാരുടെ ഒഴിവ് സംബന്ധിച്ചു നേരിയ വ്യത്യാസമുണ്ട്. ഇതുപ്രകാരം ആവശ്യമായ ജീവനക്കാരുടെ എണ്ണം 35,917 ആണ്. എന്നാൽ നിലവിലുള്ളത് 26,488. ഇതിലും 9,429 ജീവനക്കാരുടെ കുറവുണ്ട്.
എച്ച്ആർ വിഭാഗം താത്കാലിക ജീവനക്കാരെ നിയോഗിക്കാറില്ലെന്നും വൈദ്യുതി വിതരണം തടസപ്പെടാതിരിക്കാനായി പ്രാദേശികതലത്തിൽ കരാർ അടിസ്ഥാനത്തിൽ ജോലിക്കാരെ നിയമിക്കാറുണ്ടെന്നും എച്ച്ആർ വിഭാഗത്തിന്റെ മറുപടിയിൽ പറയുന്നു.
എന്നാൽ, എത്രപേർക്ക് ഇത്തരത്തിൽ ജോലി നൽകിയിട്ടുണ്ടെന്ന വിവരം ക്രോഡീകരിച്ച് ലഭ്യമല്ലെന്നാണു വിശദീകരണം. ഡിസംബറിനു ശേഷം ഇതുവരെ വിരമിച്ചതടക്കമുള്ള കണക്കുകളെടുത്താൽ ഒഴിവുകളുടെ എണ്ണം ഇനിയും കൂടാനും ഇടയുണ്ട്.