മയക്കുമരുന്ന് കേസ്: മുഖ്യപ്രതികൾ ബംഗളൂരുവിൽ അറസ്റ്റിൽ
Tuesday, August 26, 2025 1:50 AM IST
പഴയങ്ങാടി: പഴയങ്ങാടി ബീവി റോഡിൽ എംഡിഎംഎയും ഹൈബ്രിഡ് കഞ്ചാവും കെറ്റമിനുമായി നാലുപേർ പിടിയിലായ കേസിൽ മുഖ്യപ്രതികൾ അറസ്റ്റിൽ.
യുവാക്കൾക്ക് മയക്കുമരുന്ന് കൈമാറിയ മാടായി സ്വദേശി അഹമ്മദ് സുഹൈർ (26), തൃശൂർ കുന്നംകുളം സ്വദേശി വിവേക് (28) എന്നിവരെ ബംഗളൂരുവിൽ വച്ചാണ് അറസ്റ്റ് ചെയ്തത്.
എസ്ഐ കെ. സുഹൈലിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണു പ്രതികളെ അറസ്റ്റ് ചെയ്തത്. ബംഗളൂരുവിൽ ഐടി കമ്പനിയിൽ ജോലി ചെയ്യുന്ന പ്രതികൾ ഇതിന്റെ മറവിൽ ഹൈബ്രിഡ് കഞ്ചാവുൾപ്പെടെയുള്ള ലഹരി-മയക്കുമരുന്ന് വിതരണവും വില്പനയും നടത്തിവരികയായിരുന്നുവെന്നു പോലീസ് പറഞ്ഞു.
ജൂൺ ആറിനു രാവിലെയായിരുന്നു വാഹന പരിശോധനയ്ക്കിടെ 20.91 ഗ്രാം എംഡിഎംഎ, 10 ഗ്രാം ഹൈബ്രിഡ് കഞ്ചാവ്, 576 കെറ്റമിൻ ഗുളികകൾ എന്നിവ സഹിതം നാലു പേരെ അറസ്റ്റ് ചെയ്തത്. ബീവിറോഡ്, വാടിക്കൽ സ്വദേശികളായ പി.എം. മുഹമ്മദ് സവാദ്(24), യു.കെ. ഷബീർ (25) ഇ.കെ. ഷമിൽ (25), മുഹമ്മദ് നാസീക് അലി (24) എന്നിവരായിരുന്നു അറസ്റ്റിലായത്.
സംഭവത്തിനു ശേഷം ഒളിവിൽ പോയ മുഖ്യപ്രതികൾ ഒളിച്ചു താമസിക്കുന്ന സ്ഥലം കണ്ടെത്തി പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. പയ്യന്നൂർ കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.