മദ്യലഹരിയില്‍ പിതാവിന് ക്രൂര മർദനം
Tuesday, August 26, 2025 1:50 AM IST
ചേര്‍ത്തല: മദ്യലഹരിയില്‍ വയോധികനെ ക്രൂരമായി മര്‍ദിച്ച മക്കളെ പോലീസ് പിടികൂടി. ഇരട്ടസഹോദരങ്ങളായ പട്ടണക്കാട് പഞ്ചായത്ത് എട്ടാം വാര്‍ഡ് ചന്ദ്രനിവാസില്‍ അഖില്‍ (31), നിഖില്‍ (31) എന്നിവരെയാണ് പട്ടണക്കാട് പോലീസ് അറസ്റ്റ് ചെയ്തത്.
ഇവരുടെ പിതാവ് ചന്ദ്രശേഖരന് നായര്‍ (73) വാര്‍ധക്യസഹജമായ അസുഖത്തെത്തുടര്‍ന്നു കിടപ്പിലാണ്. ഞായറാഴ്ച രാത്രി മദ്യപിച്ച് വീട്ടിലെത്തിയ ഇരുവരും കട്ടിലില്‍ കിടക്കുകയായിരുന്ന ചന്ദ്രശേഖരന്‍നായരെ മര്‍ദിക്കുകയായിരുന്നു. അമ്മയുടെ മുന്നില്‍വച്ചായിരുന്നു മര്‍ദനം.
കട്ടിലില്‍നിന്നു കൈകൊണ്ട് ചന്ദ്രശേഖരന് നായരെ വലിച്ചിഴക്കുകയും തലയില്‍ മര്‍ദിക്കുകയും ചെയ്തു. പ്രാണഭയത്താല്‍ ഒന്നും ശബ്ദിക്കാനാകാത്ത നിലയിലായിരുന്നു ചന്ദ്രശേഖരന്. സമീപമുണ്ടായിരുന്ന അമ്മയ്ക്ക് ഒന്നും ചെയ്യാനാകാത്ത അവസ്ഥയിലായിരുന്നു.
അഖില്‍ ചന്ദ്രശേഖരന് നായരെ മര്‍ദിക്കുന്നത് ഇതിനിടയില്‍ നിഖില്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തുകയും ചെയ്തു. പിതാവിനെ മര്‍ദിച്ച വിവരമറിഞ്ഞു മറ്റു മക്കളായ പ്രവീണും സൂരജും ചേര്‍ന്നു പിന്നീട് പട്ടണക്കാട് പോലീസില്‍ പരാതി നൽകി. നിഖില്‍ മൊബൈല്‍ ഫോണില്‍ ചിത്രീകരിച്ച ദൃശ്യങ്ങള്‍ പോലീസ് കണ്ടെടുത്തു.
അഖിലും നിഖിലും സ്വകാര്യ ബാങ്കില്‍ താത്കാലിക ജീവനക്കാരായി ജോലി ചെയ്യുകയാണ്. ഇവര്‍ സ്ഥിരമായി മദ്യപിച്ചതിനുശേഷം പിതാവിനെ മര്‍ദിക്കാറുണ്ടെന്നു നാട്ടുകാര്‍ പറഞ്ഞു. പോലീസ് കേസെടുത്ത വിവരമറിഞ്ഞ് ഇരുവരും ഒളിവില്‍ പോയെങ്കിലും രാത്രിയോടെ പോലീസ് പിടികൂടുകയായിരുന്നു. ഇരുരെയും കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.