റബർ വീണു
Tuesday, August 26, 2025 1:50 AM IST
ഒരു നിലയ്ക്കും ടാപ്പിംഗ് നടത്താൻ കഴിയാത്ത ജൂലൈ 12ന് റബറിന് വില 215 രൂപ. മഴ മാറി മാനം തെളിഞ്ഞതുകണ്ട് കർഷകർ ടാപ്പിംഗ് കത്തിക്കു മൂർച്ച കൂട്ടാൻ തുടങ്ങിയതോടെ ഇന്നലെ 189ലേക്ക് (റബർ ബോർഡ് വില) കൂപ്പുകുത്തി. വിലവർധനയിൽ ആകൃഷ്ടരായി കടംവാങ്ങിയും റെയിൻ ഗാർഡുകളിട്ടവർ പതിവുപോലെ ചതിക്കപ്പെട്ട് വിഡ്ഢികളാകുന്നു. റബർ കർഷകന്റെ ദുരന്തകഥ ഈ വർഷവും ആവർത്തിക്കപ്പെടുമെന്നാണ് വ്യക്തമാകുന്നത്.
വില 175ല്‍ എത്തിക്കും വരെ മാര്‍ക്കറ്റിൽനിന്ന് വിട്ടുനില്‍ക്കാനുള്ള നീക്കത്തിലാണ് വ്യവസായികള്‍.
വില 210 കടന്നതില്‍ പിന്നെ വ്യവസായികള്‍ ഷീറ്റ് വാങ്ങുന്നതില്‍ താത്പര്യം കുറച്ചിരുന്നു. വിദേശവിലയിലെ താഴ്ചയാണ് റബര്‍വില കുറയാന്‍ കാരണമായി പറയുന്നത്.
പ്രധാന ഉപയോഗരാജ്യമായ ചൈനയില്‍ റബറിനു ഡിമാന്‍ഡ് കുറഞ്ഞതും അമേരിക്കയുടെ പിഴച്ചുങ്കവുമാണ് വിലക്കുറവിനു കാരണമായി പറയുന്നത്. രണ്ടു മാസം തുടരെ പെയ്ത മഴയില്‍ ഉത്പാദനവും സ്റ്റോക്കും പരിമിതമാണ്.
നിരാശയിൽ കർഷകർ
കഴിഞ്ഞ വര്‍ഷം കിലോയ്ക്ക് 255 രൂപവരെ കയറിയ വില കുത്തനെ താഴുന്ന സാഹചര്യം റബര്‍ കര്‍ഷകരെ നിരാശയിലാക്കുന്നു. കാലാവസ്ഥാ വ്യതിയാനവും രോഗബാധയും മൂലം ഉത്പാദനം കുറയുമ്പോഴും വിലവര്‍ധനയില്‍ പിടിച്ചുനില് ക്കാമെന്ന് കരുതിയ കര്‍ഷകര്‍ ഇപ്പോള്‍ ദുരിതത്തിലായി.
ടാപ്പിംഗ് നിർത്തിവച്ചിരുന്ന പല തോട്ടങ്ങളും വിലവര്‍ധനയില്‍ പ്രതീക്ഷയര്‍പ്പിച്ച് തുരിശടിച്ച് റെയിന്‍ ഗാര്‍ഡ് ഇട്ടെങ്കിലും ഇതിനു ചെലവാക്കിയ തുക പോലും തിരിച്ചു കിട്ടാത്ത അവസ്ഥയാണ്.
റബര്‍വില കൂടുമെന്ന പ്രതീക്ഷയില്‍ വായ്പയെടുത്ത് റബര്‍ തോട്ടങ്ങള്‍ പാട്ടത്തിനെടുത്തവരും ആശങ്കയിലാണ്.