കോഴിക്കോട്ട് മയക്കുമരുന്ന് എത്തിക്കുന്ന മൂന്ന് നൈജീരിയക്കാര്‍ അറസ്റ്റില്‍
Tuesday, August 26, 2025 1:50 AM IST
കോഴിക്കോട്: ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലേക്കു മയക്കുമരുന്ന് മൊത്തമായി എത്തിക്കുന്ന കേന്ദ്രം ഹരിയാനയിലെ ഗുരുഗ്രാമില്‍ കേരള പോലീസ് കണ്ടെത്തി.
അന്താരാഷ്ട്ര തലത്തില്‍ ലഹരി ഉത്പാദകരും മൊത്തവില്പനക്കാരുമായ ഏഴു വിദേശികള്‍ അടക്കം എട്ടു പേരെ കോഴിക്കോട് ടൗണ്‍ പോലീസും ഡല്‍ഹി, ഹരിയാന പോലീസും ചേര്‍ന്ന് അറസ്റ്റ് ചെയ്തു.
ഇതില്‍ കോഴിക്കോട്ടെ മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് മൂന്നു നൈജീരിയക്കാരെ അറസ്റ്റ് ചെയ്ത് കോഴിക്കോട്ട് എത്തിച്ചു. നൈജീരിയക്കാരായ ഉഗോചുക്വു ജോണ്‍ എന്ന ഡേവിഡ്, ഹെൻറി ഒനുചുക്വു, ഒകോലി റൊമാനസ് എന്നിവരാണ് അറസ്റ്റിലായത്.
ആദ്യമായാണ് രാസലഹരി ഉത്പാദിപ്പിക്കുന്ന കേന്ദ്രങ്ങള്‍ പോലീസ് കണ്ടെത്തുന്നത്. കോഴിക്കോട് ആനിഹാള്‍ റോഡില്‍നിന്ന് മയക്കുമരുന്നുമായി ഒരാളെ പിടികൂടിയതിനെത്തുടര്‍ന്നുള്ള അന്വേഷണമാണ് ഉത്പാദനകേന്ദ്രത്തില് എത്തിച്ചത്.
കഴിഞ്ഞ ഫെബ്രുവരി 16നാണ് ടൗണ്‍ പോലീസും ഡാന്‍സാഫും ചേര്‍ന്ന് മലപ്പുറം പുതുക്കോട്ട് പേങ്ങാട്ട് കണ്ണനാരിപറമ്പ് വീട്ടില്‍ സിറാജിനെ ആനിഹാള്‍ റോഡില്‍നിന്നു പിടികൂടിയത്. വില്പനയ്ക്കായി കൊണ്ടുവന്ന 778 ഗ്രാം എംഡിഎംഎയും പിടിച്ചെടുത്തിരുന്നു. തുടര്‍ന്നുള്ള പോലീസിന്റെ അന്വേഷണത്തില്‍ പ്രതി ഡല്‍ഹിയില്‍നിന്ന് ട്രെയിന്‍ മാര്‍ഗമാണ് മയക്കുമരുന്ന് കൊണ്ടുവന്നതെന്നു മനസിലായി.
ഇയാളുടെ ബാങ്ക് അക്കൗണ്ടും മൊബൈലും പരിശോധിച്ച് സൈബര്‍സെല്ലുമായി ചേര്‍ന്ന് നടത്തിയ ശാസ്ത്രീയ അന്വേഷണത്തില്‍, പ്രതി മയക്കുമരുന്ന് വാങ്ങിയത് നൈജീരിയന്‍ സ്വദേശിയില്‍നിന്നാണെന്ന് കണ്ടെത്തി.
പ്രതിയുടെ അക്കൗണ്ടില്‍നിന്നു മറ്റ് രണ്ട് നൈജീരിയന്‍ സ്വദേശികളുടെ അക്കൗണ്ടിലേക്കും പണം ട്രാന്‍സ്ഫര്‍ ചെയ്തിട്ടുണ്ടന്നു തെളിഞ്ഞു. ഹരിയാന, ഡല്‍ഹി എന്നിവിടങ്ങളില്‍ വച്ചാണ് പണം പിന്‍വലിച്ചത്. ഇത് മയക്കുമരുന്നുമായി ബന്ധപ്പെട്ട് നടത്തിയ ഇടപാടാണെന്നും മൂന്നു പേരും ഇതിലെ കണ്ണികളാണെന്നും കണ്ടെത്തി.
ടൗണ്‍ പോലീസ് ഇവരുടെ ലൊക്കഷന്‍ ഹരിയാനയിലെ ഗുരുഗ്രാം എന്ന സ്ഥലത്താണെന്നു കണ്ടെത്തുകയും ഹരിയാന പോലീസിനെ വിവരമറിയിക്കുകയുമായിരുന്നു. തുടര്‍ന്ന് ഹരിയാന പോലീസ് നൈജീരിയക്കാര്‍ താമസിക്കുന്ന ഗുരുഗ്രാമില്‍ എത്തി സ്ഥലം റെയ്ഡ് ചെയ്തു.
റെയ്ഡില്‍ സിന്തറ്റിക് മയക്കുമരുന്നുകള്‍ അനധികൃതമായി ഉത്പാദിപ്പിച്ച് വിതരണം ചെയ്യുന്ന ആറു നൈജീരിയന്‍ സ്വദേശികളും ഒരു നേപ്പാള്‍ സ്വദേശിയും, ഒരു മിസോറാം സ്വദേശിനിയും ഉള്‍പ്പെടെ എട്ടു പേരെ അറസ്റ്റ് ചെയ്തു.
ഇവര്‍ താമസിക്കുന്ന സ്ഥലത്തുനിന്ന് 1.60 കിലോ സള്‍ഫര്‍, 904 ഗ്രാം കൊക്കെയ്ന്‍, 2.34 കിലോ അസംസ്കൃത കൊക്കെയ്ന്‍, 7,500 രൂപ, 42 മൊബൈല്‍ ഫോണുകള്‍, മൂന്ന് ഇലക്ട്രോണിക് ത്രാസുകള്‍, പാക്കിംഗ് സാമഗ്രികള്‍ എന്നിവയുള്‍പ്പെടെ പിടികൂടി. ഇവരില്‍നിന്നു പിടിച്ചെടുത്ത മയക്കുമരുന്നിനു വിപണിയില്‍ ഒരു കോടിയിലേറെ വിലവരുമെന്ന് പോലീസ് പറഞ്ഞു.
പ്രതികളില്‍ ഒകോലി റൊമാനസിനൊഴികെ ബാക്കിയുള്ളവര്‍ക്ക് സാധുവായ ടൂറിസ്റ്റ് വീസയോ, റസിഡന്‍ഷ്യല്‍ വീസയോ ഇല്ല. ഇന്ത്യയില്‍ തങ്ങുന്നതിനായി മറ്റ് രേഖകളൊന്നും ഇല്ലായിരുന്നുവെന്നും പ്രതികള്‍ ഡാര്‍ക്ക് വെബ് ഉപയോഗിച്ചാണു പ്രധാനമായും മയക്കുമരുന്ന് കച്ചവടം നടത്തിയിരുന്നതെന്നും പോലീസ് പറഞ്ഞു.