നടപടി പാർട്ടിയുടെ നിശ്ചയദാർഢ്യം: വി.ഡി. സതീശൻ
Tuesday, August 26, 2025 1:50 AM IST
തിരുവല്ല: സ്ത്രീകളുടെ ആത്മാഭിമാനത്തിന് യാതൊരു കാരണവശാലും മുറിവുണ്ടാകരുതെന്ന ശക്തമായ നിലപാടുള്ളതിനാലാണ് രാഹുല്‍ മാങ്കൂട്ടത്തലിനെതിരേ ഉയര്‍ന്നുവന്ന ആരോപണങ്ങളുടെ വെളിച്ചത്തിൽ നടപടികളുണ്ടായതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ.
കേരളത്തില്‍ ആദ്യമായാണ് ഒരു രാഷ്ട്രീയ പാര്‍ട്ടി കാര്‍ക്കശ്യത്തോടെയും നിശ്ചയദാര്‍ഢ്യത്തോടെയും ഇത്തരമൊരു തീരുമാനം എടുക്കുന്നത്. ഇതേവരെ ഒരു പരാതിയും പാര്‍ട്ടിക്ക് ലഭിച്ചിട്ടില്ല. എന്നിട്ടും 24 മണിക്കൂറിനകം യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം രാജിവയ്പിച്ചു. പാര്‍ട്ടിയില്‍ നിന്നും പാര്‍ലമെന്ററി പാര്‍ട്ടിയില്‍ നിന്നും സസ്പെന്‍ഡ് ചെയ്യാന്‍ തീരുമാനിച്ചത് നേതാക്കളുമായി ആശയവിനിമയം നടത്തിയശേഷമാണ്.
ഏതെങ്കിലും ഒരു രാഷ്ട്രീയ പാര്‍ട്ടി ഇതേപോലൊരു തീരുമാനം ഇതിന് മുന്‍പ് കേരളത്തില്‍ എടുത്തിട്ടുണ്ടോ? കോം പ്രമൈസ് ആയിപ്പോയെന്നാണ് മന്ത്രി എം. ബി. രാജേഷ് പറഞ്ഞത്. ഒരു റേപ്പ് കേസിലെ പ്രതി കൈപൊക്കിയിട്ടാണ് എം. ബി. രാജേഷ് മന്ത്രി സ്ഥാനത്ത് ഇരിക്കുന്നത്.
പോക്സോ കേസിലെ പ്രതിയെയാണ് ബിജെപി ഉന്നതാധികാര സമിതിയില്‍ ഇരുത്തിയിരിക്കുന്നത്. ഇതൊക്കെ ഞങ്ങള്‍ക്കും വേണമെങ്കില്‍ ചൂണ്ടിക്കാണിക്കാമായിരുന്നു. ഒരുപാട് പേരുടെ പേരുകള്‍ സിപിഎമ്മില്‍ നിന്നു തന്നെ പറയാം. പക്ഷെ ഞങ്ങള്‍ അതിനൊന്നും തയാറായില്ല.
അതെല്ലാം പറഞ്ഞ് ഉഴപ്പുന്നതിനു പകരം ആദ്യം തന്നെ ഭാരവാഹിത്വത്തിൽ നിന്നു മാറ്റുകയും പിന്നാലെ പാര്‍ട്ടിയില്‍നിന്ന് സസ്പെന്‍ഡ് ചെയ്യുകയുമായിരുന്നുവെന്ന് സതീശൻ പറഞ്ഞു.