റീൽസ് ചിത്രീകരണം: ഗുരുവായൂരിൽ ഇന്ന് പുണ്യാഹവും ശുദ്ധികർമങ്ങളും; ഉച്ചവരെ ദർശനനിയന്ത്രണം
Tuesday, August 26, 2025 1:50 AM IST
ഗുരുവായൂർ: ആറാട്ട് നടക്കുന്ന ക്ഷേത്രക്കുളത്തിൽ അഹിന്ദുവായ വനിത വീഡിയോ ചിത്രീകരണം നടത്തിയതിനെത്തുടർന്ന് ആചാരലംഘനം നടന്നതിനാൽ ഇന്നു പുണ്യാഹവും ശുദ്ധികർമങ്ങളും നടക്കും.
പുലർച്ചെ അഞ്ചുമുതൽ പൂജകളും ശീവേലിയും ആവർത്തിക്കും. ആറുദിവസത്തെ 18 പൂജകളും 18 ശീവേലിയുമാണ് ആവർത്തിക്കുന്നത്. ക്ഷേത്രം ഓതിക്കന്മാരുടെ കാർമികത്വത്തിലാണു ശുദ്ധിചടങ്ങുകൾ നടക്കുന്നത്.
ഇന്നലെ വൈകുന്നേരം ക്ഷേത്രക്കുളത്തിൽ പുണ്യാഹം നടത്തി. ശുദ്ധിചടങ്ങുകൾ നടക്കുന്നതിനാൽ ഇന്നു പുലർച്ചെ അഞ്ചുമുതൽ ഉച്ചവരെ ഭക്തരെ നാലന്പലത്തിനകത്തു പ്രവേശിപ്പിക്കില്ല. ശുദ്ധിചടങ്ങുകൾക്കുശേഷം വൈകുന്നേരം ഭക്തർക്കു ദർശനം അനുവദിക്കും.
സോഷ്യൽ മീഡിയ ഇൻഫ്ളുവൻസർ ജാസ്മിൻ ജാഫർ ഹൈക്കോടതി ഉത്തരവ് ലംഘിച്ചു നടപ്പുരയിലും ക്ഷേത്രക്കുളത്തിലും റീൽസ് ചിത്രീകരിച്ച് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരുന്നു.
ദേവസ്വം ഇതിനെതിരേ പോലീസിൽ പരാതി നൽകി. തുടർന്ന് ഇവർ പോസ്റ്റ് പിൻവലിച്ചു ക്ഷമ പറഞ്ഞിരുന്നു.