ഉമാ തോമസ് എംഎൽഎയ്ക്കെതിരേ സൈബര്‍ ആക്രമണം
Tuesday, August 26, 2025 1:50 AM IST
കൊച്ചി: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ രാജി ആവശ്യപ്പെട്ടതിനു പിന്നാലെ ഉമാ തോമസ് എംഎല്‍എയ്ക്കുനേരേ സൈബര്‍ ആക്രമണം.
അപകടത്തിൽ പരിക്കേറ്റപ്പോള്‍ രക്ഷപ്പെടണമെന്ന പ്രാര്‍ഥന തെറ്റായിരുന്നു എന്നുള്‍പ്പെടെയുള്ള ക്രൂരമായ പരാമർശങ്ങളാണു വാട്സാപ് ഗ്രൂപ്പുകളിലും ഫേസ്ബുക്കിലുമൊക്കെ അവർക്കെതിരേ പ്രത്യക്ഷപ്പെട്ടത്. എംഎല്‍എയുടെ ഫേസ്ബുക്ക് പോസ്റ്റുകള്‍ക്കു താഴെയും കമന്റുകളെത്തി.
രാഹുലിനെതിരേ പറഞ്ഞാല്‍ എംഎല്‍എയാണെന്നു നോക്കില്ല. നന്ദി കാണിച്ചില്ലെങ്കിലും പിന്നില്‍നിന്ന് കുത്തരുത്. അടങ്ങി ഒതുങ്ങി വീട്ടില്‍ ഇരുന്നോണം... ഇങ്ങനെ പോകുന്നു കമന്റുകള്‍.
യുവതികളുടെ ആരോപണങ്ങള്‍ ഉയര്‍ന്ന പശ്ചാത്തലത്തില്‍ രാഹുല്‍ ഒരു നിമിഷം മുമ്പുതന്നെ രാജിവയ്ക്കണമെന്നും മറ്റു പ്രസ്ഥാനങ്ങള്‍ എങ്ങനെയാണ് എന്നുള്ളതല്ല പരിഗണിക്കേണ്ടതെന്നും ഉമാ തോമസ് പറഞ്ഞിരുന്നു.
സ്ത്രീകളെ കോണ്‍ഗ്രസ് എന്നും ചേര്ത്തുപിടിച്ചിട്ടേയുള്ളൂവെന്നും അവര്‍ വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് രൂക്ഷമായ സൈബര്‍ ആക്രമണമുണ്ടായത്. അതേസമയം, പ്രസ്ഥാനം ഒപ്പമുണ്ടെന്നാണ് ഉമാ തോമസ് കൊച്ചിയില്‍ മാധ്യമങ്ങളോടു പ്രതികരിച്ചത്.