ആഴക്കടൽ മത്സ്യബന്ധനം ; പുതിയ കേന്ദ്രനയത്തോട് മുഖംതിരിച്ച് കേരളം
Tuesday, August 26, 2025 1:50 AM IST
കൊച്ചി: ആഴക്കടൽ മത്സ്യബന്ധനത്തിന് വൻകിട കന്പനികളുടെ വലിയ യാനങ്ങൾക്ക് അനുവാദം നൽകാനുള്ള പുതിയ കേന്ദ്രനയത്തോട് ഔദ്യോഗികമായി പ്രതികരിക്കാതെ കേരളം.
25 മീറ്ററിന് മുകളിലുള്ള യാനങ്ങൾക്കും മത്സ്യബന്ധനത്തിന് അനുമതി നൽകുന്നതു സംബന്ധിച്ച് കേന്ദ്രസർക്കാർ പുറത്തിറക്കിയ പെരുമാറ്റച്ചട്ടങ്ങളിലും നോട്ടീസിലും സംസ്ഥാന സർക്കാരുകൾ നിലപാടറിയിക്കണമെന്നു നിർദേശിച്ചിരുന്നെങ്കിലും കേരളം മറുപടി നൽകിയിട്ടില്ല.
മത്സ്യബന്ധന ചട്ടങ്ങളിലെ പരിഷ്കാരങ്ങൾ ഉൾപ്പെടുത്തി ജൂലൈ 31ന് കേന്ദ്ര ഫിഷറീസ് ഡെപ്യൂട്ടി കമ്മീഷണർ സഞ്ജയ് പാണ്ഡെയാണു നോട്ടീസ് പുറപ്പെടുവിച്ചത്. ഒരു മാസത്തിനകം അഭിപ്രായങ്ങളും നിലപാടും അറിയിക്കണമെന്നായിരുന്നു സംസ്ഥാനങ്ങൾക്കുള്ള നിർദേശം.
കേരളവും തമിഴ്നാടുമാണ് ഇക്കാര്യത്തിൽ മറുപടി നൽകാൻ മടിക്കുന്ന ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ. പുതിയ നിർദേശങ്ങളോടുള്ള എതിർപ്പാണ് ഈ നിലപാടിനു പിന്നിലെന്നാണു സൂചന.
പരന്പരാഗത മത്സ്യബന്ധന മേഖലയിലുള്ള ചെറു യാനങ്ങളെ പുതിയ കേന്ദ്രനയം പ്രതികൂലമായി ബാധിക്കുമെന്ന വിലയിരുത്തലാണ് കേരളത്തിനുള്ളത്. വൻകിട യാനങ്ങളിലെ മത്സ്യബന്ധനം തീരക്കടലിലെയും ആഴക്കടലിലെയും മത്സ്യസന്പത്തിന്റെ ആവാസവ്യവസ്ഥയെ പ്രതികൂലമായി ബാധിക്കുമെന്നും പല മത്സ്യങ്ങളുടെയും വംശനാശത്തിനിടയാക്കുമെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
40 ലക്ഷത്തോളം വരുന്ന പരമ്പരാഗത തൊഴിലാളി സമൂഹത്തെ വിസ്മരിച്ച് വൻകിടക്കാരായ ചെറുവിഭാഗത്തിന് മത്സ്യബന്ധനമേഖലയെ അടിയറ വയ്ക്കുന്ന നീക്കമാണു കേന്ദ്രസർക്കാർ നടത്തുന്നതെന്ന് കേരള മത്സ്യത്തൊഴിലാളി ഐക്യവേദി സംസ്ഥാന പ്രസിഡന്റ് ചാൾസ് ജോർജ് ആരോപിച്ചു. ടാറ്റ, ഐടിസി, ഡൺലപ് തുടങ്ങിയ സ്ഥാപനങ്ങൾ ആഴക്കടൽ രംഗത്ത് മുമ്പ് പ്രവർത്തിച്ചു പരാജയപ്പെട്ടതിനെക്കുറിച്ച് കേന്ദ്രസർക്കാർ വിലയിരുത്തിയിട്ടില്ല.
പരന്പരാഗത മത്സ്യത്തൊഴിലാളികളെ പ്രതിസന്ധിയിലാക്കുന്ന നീക്കങ്ങളെ പ്രതിരോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.