സ്ത്രീസുരക്ഷാ വിഷയത്തിൽ വെള്ളം ചേർക്കാൻ കോൺഗ്രസ് ഇല്ല: ബിന്ദു കൃഷ്ണ
Tuesday, August 26, 2025 1:50 AM IST
അടൂർ: സ്ത്രീസുരക്ഷയുടെ കാര്യത്തിൽ കോൺഗ്രസ് പാർട്ടിയോ മഹിള കോൺഗ്രസോ വെള്ളം ചേർത്തിട്ടില്ലെന്ന് കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗം ബിന്ദു കൃഷ്ണ.
സ്ത്രീപക്ഷ രാഷ്ട്രീയം എന്നും കോൺഗ്രസ് ആർജവത്തോടെ ഉയർത്തിപ്പിടിച്ചിട്ടുണ്ട്. രാഹുൽ മാങ്കൂട്ടത്തിനെതിരേ ആരോപണം ഉയർന്നപ്പോൾ പാർട്ടി സ്വീകരിക്കാവുന്ന ഏറ്റവും ശക്തമായ അച്ചടക്ക നടപടിയാണ് ഇപ്പോൾ സ്വീകരിച്ചിട്ടുള്ളത്. ഇത്തരമൊരു നിലപാട് സിപിഎമ്മും ബിജെപിയും സ്വീകരിക്കുമോയെന്നും അവർ ചോദിച്ചു.
സിപിഎം ബ്രാഞ്ച് കമ്മിറ്റി മുതൽ സംസ്ഥാന കമ്മിറ്റിയിൽ വരെ സ്ത്രീചൂഷകർ ഇരിക്കുകയാണ്. ബിജെപിയുടെ ഉന്നതാധികാര സമിതിയിൽ പോക്സോ കേസ് പ്രതിവരെ ഇരിപ്പുണ്ട്. സിപിഎമ്മിലെ ഒരു വനിതാ സഖാവ് ആ പാർട്ടിയിലെ എംഎൽഎയ്ക്കെതിരേ പരാതി എഴുതി നൽകിയപ്പോൾ അത് അന്വേഷിച്ച പി.കെ. ശ്രീമതിയും എ. കെ. ബാലനും പരാതി തള്ളി വനിത സഖാവിനെ അവഹേളിക്കുകയാണ് ചെയ്തതെന്നും ബിന്ദു കൃഷ്ണ പറഞ്ഞു.