ആറുവര്‍ഷം മുമ്പ് കാണാതായ യുവാവിന്റെ മൃതദേഹം ചതുപ്പില്‍ താഴ്ത്തിയെന്നു വെളിപ്പെടുത്തല്‍
Tuesday, August 26, 2025 1:50 AM IST
കോഴിക്കോട്: ആറുവര്‍ഷം മുമ്പ് കാണാതായ യുവാവ് മരിച്ചതായും മൃതദേഹം ചതുപ്പില്‍ കുഴിച്ചിട്ടതായും സുഹൃത്തുക്കളുടെ വെളിപ്പെടുത്തല്‍. ഇതിന്റെ അടിസ്ഥാനത്തില്‍ പോലീസ് സുഹൃത്തുക്കളെ അറസ്റ്റ് ചെയ്ത് അന്വേഷണം ഊര്‍ജിതമാക്കി.
വെസ്റ്റ്ഹില്‍ ചുങ്കം വേലത്തിപടിക്കല്‍ വിജയന്റെ മകന് വിജിലി (35)ന്റെ മൃതദേഹം കുഴിച്ചിട്ടതായുള്ള വെളിപ്പെടുത്തലില്‍ എരഞ്ഞിപ്പാലം കുളങ്ങരകണ്ടി സ്വദേശി കെ.കെ. നിഖില്‍ (39), വേങ്ങേരി സ്വദേശി ദീപേഷ് (37) എന്നിവരെയാണ് എലത്തൂര്‍ പോലീസ് അറസ്റ്റു ചെയ്തത്.
കേസില്‍ ഉള്‍പ്പെട്ട പൂവാട്ടുപറമ്പ് സ്വദേശി രഞ്ജിത്തി(31)നായി പോലീസ് അന്വേഷണം ആരംഭിച്ചു. 2019 മാര്‍ച്ച് 24നാണ് വിജിലിനെ കാണാതായത്. അമിത അളവില്‍ മയക്കുമരുന്ന് ഉപയോഗിച്ചതിനെത്തുടര്‍ന്ന് വിജില്‍ മരിച്ചുവെന്നും തുടര്‍ന്ന് മൃതദേഹം സരോവരത്തെ ചതുപ്പില്‍ താഴ്ത്തിയെന്നുമാണ് സുഹൃത്തുക്കള്‍ വെളിപ്പെടുത്തിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ മനഃപൂര്‍വമല്ലാത്ത നരഹത്യക്കാണു നിലവില്‍ പോലീസ് കേസെടുത്തിരിക്കുന്നത്.
കാണാതായ സമയം വിജിലിനെക്കുറിച്ച് അന്വേഷണം നടത്തിയെങ്കിലും കാര്യമായ വിവരങ്ങള്‍ ലഭിച്ചിരുന്നില്ല. കാണാതായ ദിവസം വിജിലിനൊപ്പമുണ്ടായിരുന്ന നിഖില്‍, ദീപേഷ്, രഞ്ജിത്ത് എന്നിവരെ ചോദ്യം ചെയ്തപ്പോള്‍ മൊഴികളിലുണ്ടായ വൈരുദ്ധ്യമാണു സംശയം ജനിപ്പിച്ചത്.
വയറിംഗ് ജോലി ചെയ്തിരുന്ന വിജിലും പെയിന്റിംഗ് തൊഴിലാളിയായ ദീപേഷും കാര്‍ഗോ കമ്പനിയില്‍ ജീവനക്കാരനായിരുന്ന നിഖിലും ഫ്ളക്സ് പ്രിന്റിംഗ് സ്ഥാപനത്തിലെ തൊഴിലാളിയായ രഞ്ജിത്തും സുഹൃത്തുക്കളായിരുന്നു. നാലു പേരും ലഹരിക്കടിമയായിരുന്നുവെന്നാണ് പോലീസിന് ലഭിച്ച സൂചന.
സംഭവ ദിവസം രാവിലെ വീട്ടില്‍ നിന്നിറങ്ങിയ വിജില്‍ സുഹൃത്തുക്കള്‍ക്കൊപ്പം സരോവരം പാര്‍ക്കിലെത്തി. പാര്‍ക്കിലിരുന്ന് ബ്രൗണ്‍ ഷുഗര്‍ കുത്തിവച്ചു. മയക്കുമരുന്ന് അമിതമായപ്പോള്‍ വിജില്‍ ബോധരഹിതനായി. മറ്റുള്ളവര്‍ പാര്‍ക്കില്‍നിന്ന് പോവുകയും ചെയ്തു. തൊട്ടടുത്ത ദിവസം സുഹൃത്തുക്കള്‍ വീണ്ടും പാര്‍ക്കില്‍ എത്തിയപ്പോഴാണ് വിജില്‍ മരിച്ചതായി അറിയുന്നത്.
തുടര്‍ന്ന് മൃതദേഹം ചതുപ്പില്‍ കല്ലുകെട്ടി താഴ്ത്തുകയായിരുന്നുവെന്നാണു സുഹൃത്തുക്കളുടെ മൊഴി. കുറച്ചുനാളുകള്‍ക്ക് ശേഷം മൃതദേഹം കുഴിച്ചിട്ട ഭാഗത്തുനിന്ന് അസ്ഥിക്കഷണങ്ങളെടുത്ത് ബലിതര്‍പ്പണം നടത്തിയതായും മൊഴി നല്‍കിയിട്ടുണ്ട്.
വിജിലിനെ കാണാതായി എന്ന് പറയപ്പെടുന്ന ദിവസം, കേസിലെ ഒന്നാം പ്രതിയായ നിഖിലും വിജിലും ഒരേ ടവര്‍ ലൊക്കേഷനില്‍ ഉണ്ടായിരുന്നുവെന്ന് പോലീസ് കണ്ടെത്തിയിരുന്നു. സുഹൃത്തൃക്കളുടെ മൊഴി ശരിയാണോയെന്നും മരണത്തിനു പിന്നില്‍ മറ്റു ദുരൂഹതകളുണ്ടോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. റിമാന്‍ഡിലായ പ്രതികളെ അടുത്ത ദിവസം കസ്റ്റഡിയില്‍ വാങ്ങി തെളിവെടുപ്പ് നടത്തിയേക്കും.