രാഹുൽ എംഎൽഎ സ്ഥാനം രാജിവയ്ക്കണമെന്ന അഭിപ്രായമില്ല: കെ. സുധാകരൻ
Tuesday, August 26, 2025 1:50 AM IST
കണ്ണൂർ: രാഹുല്‍ മാങ്കൂട്ടത്തിലിനെ കോണ്‍ഗ്രസ് പ്രാഥമിക അംഗത്വത്തില്‍നിന്നു സസ്പെന്‍ഡ് ചെയ്ത നടപടി സ്വാഗതാര്‍ഹമെന്നു മുന്‍ കെപിസിസി അധ്യക്ഷന്‍ കെ. സുധാകരന് എംപി.
നടപടിയുടെ നന്മ-തിന്മകള് തീരുമാനിക്കുന്നതു പാര്‍ട്ടിയാണെന്നും പാര്‍ട്ടി തീരുമാനിക്കുന്നതെന്തോ അതാണു തന്റെയും തീരുമാനമെന്നും കണ്ണൂരിൽ മാധ്യമങ്ങളോടു പ്രതികരിക്കവേ കെ. സുധാകരന് പറഞ്ഞു.
സംഭവിക്കാന്‍ പോകുന്ന പ്രത്യാഘാതങ്ങളുമായി ബന്ധപ്പെട്ട കാര്യമാണു സസ്പെന്ഷന്. കാരണത്തെ വിലയിരുത്തിയാണു നടപടികള്‍. ഈ നടപടിയും അതുപോലെയാണെന്നും സുധാകരൻ പറഞ്ഞു.
രാഹുൽ എംഎൽഎ സ്ഥാനം രാജിവയ്ക്കണമെന്ന അഭിപ്രായം തനിക്കില്ല. സ്ഥാനം രാജിവയ്ക്കണോ എന്നതു പാര്‍ട്ടി തീരുമാനിക്കേണ്ട കാര്യമാണ്. തനിക്കതില്‍ അഭിപ്രായമില്ല.
അങ്ങനെ ചോദിച്ചു കുടുക്കാൻ നോക്കേണ്ടെന്നും സുധാകരൻ പറഞ്ഞു. വനിതാ നേതാക്കള്‍ പറഞ്ഞത് അവരുടെ അഭിപ്രായമാണെന്നും ഉമ തോമസിനെതിരായ സൈബര്‍ ആക്രമണത്തെക്കുറിച്ച് അറിയില്ലെന്നും കസുധാകരന് പറഞ്ഞു.