കേന്ദ്രസമീപനം റേഷൻ സംവിധാനത്തെ അട്ടിമറിക്കുന്നത്: മുഖ്യമന്ത്രി
Tuesday, August 26, 2025 1:50 AM IST
തിരുവനന്തപുരം: റേഷൻ സംവിധാനത്തെ ദുർബലപ്പെടുത്തുന്ന സമീപനമാണ് കേന്ദ്ര സർക്കാരിന്റേതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സപ്ലൈകോ ഓണം ഫെയറിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
റേഷൻ വിതരണത്തിൽ ബദൽ നയം നടപ്പാക്കിയാണ് കേരളം വേറിട്ടുനിൽക്കുന്നത്. റേഷൻ വിതരണം ഇത്രയും സുഗമമായ രീതിയിൽ നടക്കുന്ന മറ്റൊരു സംസ്ഥാനം ഉണ്ടാവില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
57 ശതമാനം വരുന്ന മുൻഗണനക്കാർ ഭക്ഷ്യഭദ്രതാ നിയമത്തിനു പുറത്താണ്. എന്നാൽ സംസ്ഥാന സർക്കാർ അവരെക്കൂടി ഉൾക്കൊണ്ടാണ് ഈ സംവിധാനം മുന്നോട്ടു കൊണ്ടുപോകുന്നത്. ഈ ഓണത്തിന് 8.30 രൂപയ്ക്ക് കേരളത്തിന് അരിവിഹിതം നൽകണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഒരുമണി അരി പോലും അധികമായി നൽകാൻ കഴിയില്ലെന്നാണ് കേന്ദ്രം മറുപടി നൽകിയത്.
വേണമെങ്കിൽ സ്വകാര്യ കന്പനികൾക്ക് നൽകുന്ന വിലയ്ക്ക് വാങ്ങാനാണ് കേന്ദ്രം നിർദേശിച്ചത്. പ്രളയം, കോവിഡ് അടക്കമുള്ള ദുരന്തഘട്ടങ്ങളിലും സൗജന്യ നിരക്കിൽ ഭക്ഷ്യധാന്യങ്ങൾ കേന്ദ്രം നൽകിയില്ല. അവരിൽനിന്ന് ഈ ഓണക്കാലത്ത് മറ്റൊന്നും പ്രതീക്ഷിക്കേണ്ടതില്ല.
എന്നാൽ എന്തെല്ലാം പ്രയാസങ്ങൾ ഉണ്ടായാലും ഏതെല്ലാം തടസങ്ങൾ സൃഷ്ടിച്ചാലും സാധാരണക്കാരന് ആശ്വാസമേകുന്ന നടപടികളിൽ നിന്ന് സംസ്ഥാന സർക്കാർ പിന്നോട്ടു പോകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.